സ്വര്‍ണതാരകമായി സ്വപ്‌ന ബര്‍മന്‍

Thursday 30 August 2018 2:53 am IST

ജക്കാര്‍ത്ത: ചരിത്രം കുറിച്ച് സ്വപ്‌ന ബര്‍മന്‍ ഹെപ്റ്റാത്തലണില്‍ പൊന്നണിഞ്ഞു. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഈയിനത്തില്‍ സ്വര്‍ണം നേടുന്നത്. 6026 പോയിന്റ് നേടിയാണ് സ്വപ്‌നയുടെ ചരിത്രനേട്ടം. ഹെപ്റ്റാത്തലണില്‍ 6000 പോയിന്റ് കടക്കുന്ന അഞ്ചാമത്തെ മാത്രം വനിതയായി. ഇതേയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം പൂര്‍ണിമ ഹെംബ്രാം നാലാം സ്ഥാനത്തായി. 

പശ്ചിമ ബംഗാളില്‍ നിന്നുള്ള ഈ 22 കാരിയുടെ ആദ്യ ഏഷ്യന്‍ ഗെയിംസാണിത്. കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വപ്‌ന സ്വര്‍ണം നേടിയിരുന്നു. ജക്കാര്‍ത്തയില്‍ മുഖത്തിനേറ്റ പരിക്കുമായാണ് സ്വപ്‌ന സ്വര്‍ണം നേടിയത്. ചൈനയുടെ ക്വിങ്‌ലിങ് വാങ് 5954 പോയിന്റുമായി വെള്ളിയും ജപ്പാന്റെ യുകി യമാസാകി 5873 പോയിന്റുമായി വെങ്കലവും നേടി.

സ്വപ്‌നയുടെ സ്വര്‍ണനേട്ടത്തോടെ ജക്കാര്‍ത്തയില്‍ ഇന്ത്യക്ക് ഇതുവരെ 11 സ്വര്‍ണമായി. കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ 11 സ്വര്‍ണമാണ് നേടിയത്. വെള്ളി നേട്ടത്തിലും ഇന്ത്യ 2014 ഗെയിംസിനെ മറികടന്നു. 2014 10 വെള്ളിയാണ് നേടിയതെങ്കില്‍ ജക്കാര്‍ത്തയില്‍ ഇന്ത്യക്ക് ഇതുവരെ 20 വെള്ള മെഡലായി. 23 വെങ്കലവും ജക്കാര്‍ത്തയില്‍ നിന്ന് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.