ബോക്‌സിങ്ങിലും സ്‌ക്വാഷിലും മെഡലുറപ്പിച്ച് ഇന്ത്യ

Thursday 30 August 2018 2:59 am IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിനത്തില്‍ ബോക്‌സിങ് റിങ്ങില്‍ നിന്ന് രണ്ട് മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് 75 കി.ഗ്രാമില്‍ വികാസ് കൃഷ്ണനും ലൈറ്റ് ഫ്‌ളൈവെയ്റ്റ് 49 കി.ഗ്രാമില്‍ അമിത്കുമാറും സെമിയിലെത്തിയതോടെയാണ് ഇന്ത്യ രണ്ട് വെങ്കലം ഉറപ്പിച്ചത്. വനിതാ സ്‌ക്വാഷിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. സെമിയിലെത്തിയതോടെയാണ് വെങ്കലം ഉറപ്പിച്ചത്. അതേസമയം, ബോക്‌സിങ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സര്‍ജുബാല ദേവി ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തോടു തോറ്റു പുറത്തായി.

അമിത്കുമാര്‍ വടക്കന്‍ കൊറിയയുടെ കിം ജാങ്ങ് റ്യോങ്ങിനെ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. അഞ്ച് ജഡ്ജിമാരും അമിത് അനുകൂലമായി വിധി പുറപ്പെടുവിച്ചു. വികാസ് കൃഷ്ണന്‍ ചൈനയുടെ എര്‍ബിക്കെ താങ്‌ലതിഹാന്റെ പോരാട്ടവീര്യം മറികടന്നാണ് അവസാന നാലിലൊന്നായത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം ഏഷ്യന്‍ ഗെയിംസിലാണ് വികാസ് മെഡല്‍ നേടുന്നത്. ഈ വര്‍ഷം നടന്ന ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് വികാസ് കൃഷ്ണന്‍. അമിത്കുമാര്‍ വെള്ളിയും നേടിയിരുന്നു. അതേസമയം 64 കി.ഗ്രാം വിഭാഗത്തില്‍ ധീരജ് രങ്കി ക്വാര്‍ട്ടറില്‍ പുറത്തായി. ഇതോടെ ബോക്‌സിങ്ങില്‍ ഇത്തവണ രണ്ട് മെഡല്‍ മാത്രമാണ് ഇന്ത്യക്കുള്ളത്. 2014ലെ ഇഞ്ചിയോണ്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും നാല് വെങ്കലവുമടക്കം അഞ്ച് മെഡലുകള്‍ ഇന്ത്യ നേടിയിരുന്നു.

ബോക്‌സിങ്ങിനു പിന്നാലെ സ്‌ക്വാഷിലും മെഡലുറപ്പാക്കി ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നു. ചൈനയെ 3-0ന് തകര്‍ത്ത് നാലാം വിജയം സ്വന്തമാക്കിയാണ് ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീം സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന പൂളിലെ അവസാന മത്സരത്തില്‍ ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികള്‍. 

അതേസമയം ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന പുരുഷന്മാരുടെ 20 കി.മീ. നടത്തത്തില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. മലയാളി താരം കെ.ടി. ഇര്‍ഫാന്‍, മനീഷ് റാവത്ത് എന്നിവര്‍ അയോഗ്യരാക്കപ്പെട്ടു. വനിതകളുടെ ഇതേ മത്സരത്തിലും ഇന്ത്യക്ക് മെഡല്‍ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. 

നിലവിലെ വെള്ളിമെഡല്‍ ജേതാവായ ഖുശ്ബീര്‍ കൗറിന് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. മറ്റൊരു ഇന്ത്യന്‍ പ്രതിനിധിയായ സൗമ്യ ബേബിയാകട്ടെ, അയോഗ്യയാക്കപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.