പ്രളയ ദുരന്തം; പ്രത്യേക ഫണ്ട് രൂപീകരിച്ചു കൂടേ

Thursday 30 August 2018 3:01 am IST

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രവഹിക്കുന്ന പണം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിനിടെ ഹൈക്കോടതിയുടെ ഇടപെടല്‍. പ്രളയ ദുരന്ത ദുരിതാശ്വാസത്തിനായി എത്തുന്ന പണം സ്വരൂപിക്കാന്‍ പ്രത്യേക ഫണ്ട് രൂപീകരിച്ചു കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു.

പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന  സഹായങ്ങളും മറ്റു സാധനങ്ങളും അവര്‍ക്കു  ലഭിക്കുന്നുണ്ടെന്ന്  സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും  ഹൈക്കോടതി നിര്‍ദേശിച്ചു. പ്രളയബാധിതരെ സഹായിക്കാന്‍ ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതിന് പകരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും വരവ് ചെലവ് കണക്കുകള്‍ പ്രസിദ്ധപ്പെടുത്തണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ. ഷിബി നല്‍കിയ പൊതുതാല്പര്യ ഹര്‍ജികളിലാണ്  ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ദുരിതാശ്വാസ നിധിയില്‍ നിന്ന്  ചില്ലിക്കാശുപോലും മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. എജിയുടെ ഉറപ്പില്‍ കോടതിക്ക് ആശങ്കയില്ല. എന്നാല്‍ പണം  നല്‍കിയവര്‍ക്ക് ഉറപ്പു നല്‍കണം.  ദുരിതാശ്വാസമായി ലഭിച്ച പണം  ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാം. കോടതി പറഞ്ഞു.

പണം നല്‍കിയവര്‍ക്ക് വിശദാംശങ്ങള്‍ കിട്ടുന്ന തരത്തില്‍ സംവിധാനം  സുതാര്യമാകണം. ഗുജറാത്ത് ഭൂകമ്പത്തെ നേരിട്ടപ്പോള്‍ സ്വീകരിച്ച മാതൃക പരീക്ഷിക്കാവുന്നതാണെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തിനിണങ്ങുന്ന മാതൃകയാണ് വേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

 775 വില്ലേജുകളിലെ 55 ലക്ഷം ജനങ്ങളെ പ്രളയ ദുരിതം ബാധിച്ചെന്നു  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മേയ് 29 മുതല്‍ ആഗസ്റ്റ് 25 വരെ കാലവര്‍ഷ - പ്രളയ ദുരന്തത്തില്‍ 445 പേര്‍മരിച്ചു. 15 പേരെ കാണാതായി. 140 പേര്‍ക്ക്  പരിക്കേറ്റു. 10,000 കിലോമീറ്റര്‍ പൊതുമരാമത്ത്  - ഗ്രാമീണ റോഡുകളും പാലങ്ങളും തകര്‍ന്നു. ആഗസ്റ്റ് 15,16,17 തീയതികളില്‍ ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി കൂടി. മിക്ക ഡാമുകളും തുറക്കേണ്ടി വന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് നല്‍കിയ സത്യവാങ്മൂലം പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.