കേന്ദ്ര സഹായം വൈകുന്നതിനു കാരണം കേരളം

Thursday 30 August 2018 3:03 am IST

തിരുവനന്തപുരം:  പ്രളയക്കെടുതിയില്‍ കേരളത്തിന് കേന്ദ്ര സഹായം വൈകുന്നതിനു കാരണം കേരളം തന്നെ എന്ന് തെളിഞ്ഞു. കേരളം ഇതിനായി നിവേദനം ഇതേവരെ നല്‍കിയിട്ടില്ലന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സംസ്ഥാന  ധനമന്ത്രി തോമസ് ഐസക്കിനെ ഒപ്പം ഇരുത്തിക്കൊണ്ട് പറഞ്ഞു.  

ആദ്യം മഴ പെയ്തപ്പോള്‍ കേരളം സഹായം ആവശ്യപ്പെട്ട് നിവേദനം നല്‍കി. തുടര്‍ന്ന് കേന്ദ്രസംഘം എത്തുകയും പരിശോധന നടത്തി സഹായം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും ശക്തമായ മഴപെയ്‌തെന്നും പുതിയ നിവേദനം ഉടന്‍ നല്‍കുമെന്നും  അതനുസരിച്ച് സഹായം വേണമെന്നും കേരളം അറിയിച്ചു. പുതിയ നിവേദനം കിട്ടിയിട്ടില്ല. ലഭിച്ചാലുടന്‍ പരിശോധന പൂര്‍ത്തിയാക്കി സഹായം അനുവദിക്കും.  വൈകാതെ തന്നെ സഹായം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തോട് അനുഭാവ പൂര്‍വമായ സമീപനം സ്വീകരിക്കണമെന്നാണ് പ്രധാധമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നത്.

പൊന്‍ രാധാകൃഷണ്ന്‍ പറഞ്ഞത് തോമസ് ഐസക്കും ശരിവെച്ചു.  നിവേദനം എന്നു നല്‍കാന്‍ കഴിയുമെന്ന് പെട്ടന്ന് പറയാനാവില്ലന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രളയബാധിതരുടെ വായ്പയ്ക്ക് ഒരു വര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായയിരുന്നു ഇരുവരും. 

കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. കേരളത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വീണ്ടും കേന്ദ്ര സംഘം എത്തും,  പൊന്‍ രാധാകൃഷ്ണന്‍  വ്യക്തമാക്കി.  

 പ്രളയത്തിലുണ്ടായ നഷ്ടവും പുനര്‍നിര്‍മാണത്തിനുള്ള രൂപരേഖയും സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ്  പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം എത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.