സിഎസ്ആർ ചട്ടത്തിൽ കേന്ദ്രം ഇളവ് വരുത്തി; ദുരിതാശ്വാസ ഫണ്ടിലേക്ക് പണമൊഴുകും

Thursday 30 August 2018 3:05 am IST

ന്യൂദല്‍ഹി: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വന്‍തോതില്‍ പണം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് കമ്പനികാര്യ നിയമങ്ങളില്‍ വലിയ ഇളവുകള്‍ വരുത്തി. നൂറു ശതമാനം നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍,   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്‍തോതില്‍ ഫണ്ട് ഒഴുകാനുള്ള  വഴിയാണ് തുറന്നത്. 

അഞ്ഞൂറു കോടിയുടെ  ആസ്തി മൂല്യമോ ആയിരം കോടിയുടെ വിറ്റുവരവോ  ഉള്ള കമ്പനികള്‍ അറ്റാദായത്തിന്റെ കുറഞ്ഞത്  രണ്ടു ശതമാനമെങ്കിലും  സാമൂഹ്യപ്രതിബദ്ധതയുള്ള കാര്യങ്ങള്‍ക്ക് സിഎസ്ആര്‍( കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ) ഉപയോഗിക്കണമെന്നാണ് കമ്പനികാര്യ നിയമത്തിലെ  ഏഴാം ഷെഡ്യൂളിലെ 135ാം വകുപ്പ്.  ഇത് പാലിച്ചേ മതിയാകൂ. അതു പ്രകാരം മിക്ക കമ്പനികളും കുടിവെള്ള വിതരണം,  ഭവന നിര്‍മാണം തുടങ്ങിയ പൊതുകാര്യങ്ങള്‍ക്ക് വന്‍തുകകള്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ദുരന്ത ദുരിതാശ്വാസത്തിന് നല്‍കുന്ന പണം ഇതില്‍ പെടുത്തിയിരുന്നില്ല. ഇതിലാണ് കേന്ദ്രം ഇളവു വരുത്തിയത്. അതു പ്രകാരം കേരളത്തിലെ പ്രളയ ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം ഇനി സിഎസ്ആറിന്റെ പരിധിയില്‍ വരും. വൈദ്യസഹായം, ശുചീകരണം, ഭവന നിര്‍മാണം, അഭയമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം നല്‍കിയതായി രേഖകളില്‍ കാണിച്ചാല്‍ മതി. 

ഇതിനകം പണം നല്‍കിയതും പണം നല്‍കാന്‍ ആഗ്രഹിക്കുന്നതുമായ എല്ലാ കമ്പനികള്‍ക്കും ഇളവിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അറിയിച്ചു. വൈദ്യ സഹായത്തിന് പണം നല്‍കിയവര്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയായി  രേഖപ്പെടുത്തിയാല്‍ മതി.  കുടിവെളളത്തിന് പണം നല്‍കിയത് സുരക്ഷിത കുടിവെള്ള പദ്ധതിക്കെന്ന് കാണിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളെ മാത്രമേ ഇത്തരത്തില്‍ സിഎസ്ആറിന്റെ പരിധിയില്‍പ്പെടുത്തിയിട്ടുള്ളൂ. ഇതോടെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് കോടിക്കണക്കിനു പണം എത്തുമെന്നുറപ്പായി. 

പ്രയോജനം പല വിധത്തില്‍ 

ഇന്ത്യയിലെ 14,000 ലേറെ കമ്പനികളാണ് അറ്റാദായത്തിന്റെ  രണ്ടു ശതമാനമെങ്കിലും  സിഎസ്ആറിന് ചെലവിടേണ്ടത്.  പക്ഷെ പല സംഭാവനകള്‍ക്കും പൂര്‍ണമായും നികുതിയിളവില്ല. എന്നാല്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇങ്ങനെ  പണം നല്‍കിയാല്‍ കമ്പനികള്‍ക്ക് മൂന്നു  തരത്തിലാണ് പ്രയോജനം. ഒന്ന്, ഈ പണത്തിന് പൂര്‍ണമായും നികുതിയിളവ് ലഭിക്കും.  രണ്ട്, സാമൂഹ്യ പ്രതിബദ്ധതയുള്ള കാര്യങ്ങള്‍ക്ക് വരുമാനത്തിന്റെ രണ്ടു ശതമാനം പണം ചെലവഴിക്കണമെന്ന  ചട്ടം പാലിക്കാം. മൂന്ന്, കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വന്‍തുക സംഭാവന നല്‍കിയത് കമ്പനിയെപ്പറ്റി സമൂഹത്തിനുള്ള മതിപ്പ് വര്‍ധിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.