ഇൻഷ്വറൻസ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കാൻ കേന്ദ്ര നിർദ്ദേശം

Thursday 30 August 2018 3:04 am IST

തിരുവനന്തപുരം: കേരളത്തില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ വന്‍നാശ നഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും സുതാര്യത ഉറപ്പാക്കണമെന്നും പൊതുമേഖലാ ബാങ്കുകളുടെയും ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും മേധാവികള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. 

ബാങ്കുകളും, ഇന്‍ഷ്വറന്‍സ് കമ്പനികളും കൈക്കൊണ്ട ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. അവലോകന യോഗത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി  ദേബാശിഷ് പാണ്‌ഡെ, സാമ്പത്തിക ഉപദേഷ്ടാവ് എന്‍. ശ്രീനിവാസ റാവു തുടങ്ങിയവര്‍ പങ്കെടുത്തു.  നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും, ഇപ്പോള്‍ തന്നെ ദുരിതത്തിലാക്കിയ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കരുതെന്നും ദേബാശിഷ് ആവശ്യപ്പെട്ടു.

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച എടിഎമ്മുകള്‍ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാനും കുറച്ചു കാലത്തേക്കെങ്കിലും   മിനിമം ബാലന്‍സ് ചട്ടങ്ങള്‍ വേണ്ടെന്ന് വയ്ക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. പ്രളയത്തില്‍ നഷ്ടപ്പെട്ട ബാങ്കിങ്, ഇന്‍ഷ്വറന്‍സ് രേഖകള്‍ സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, നബാര്‍ഡ് തുടങ്ങി പന്ത്രണ്ടോളം ബാങ്കുകളുടെ മേധാവികളും എല്‍ഐസി, നാഷണല്‍ ഇന്‍ഷ്വറന്‍സ്, ജനറല്‍ ഇന്‍ഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്, യുണൈറ്റഡ് ഇന്‍ഷ്വറന്‍സ്   പ്രതിനിധികളും സംബന്ധിച്ചു.

പ്രളയം ബാധിച്ച എല്ലാ ബാങ്ക് ശാഖകളും എടിഎമ്മുകളും വീണ്ടും തുറക്കുക, ഉപയോഗ്യശൂന്യമായിത്തീര്‍ന്ന കറന്‍സികള്‍ കൈമാറ്റം ചെയ്യുക, വായ്പാ തിരിച്ചടവ് കാലാവധി നീട്ടി നല്‍കുക തുടങ്ങിയ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.