ആറന്മുള പൈതൃകം: നഷ്ടം പഠിക്കാന്‍ വിദഗ്ദ്ധ സംഘം

Thursday 30 August 2018 4:01 pm IST
52 കരകളിലുള്ള പള്ളിയോടങ്ങള്‍ക്കും ആറന്മുളക്കണ്ണാടികളുടെ നിര്‍മാണ ശാലകള്‍ക്കും ചുവര്‍ചിത്രങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കും വലിയ നാശമാണ് വെള്ളപ്പൊക്കം മൂലമുണ്ടായത്. ശില്‍പ്പചാരുതയും പുരതാവസ്തുമൂല്യവുമുള്ള വിലമതിക്കാനാവാത്ത ഒട്ടേറെ പൈതൃകവസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ വിവര ശേഖരണം നടത്തുവാനും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും പഠന സംഘം ഉദ്ദേശിക്കുന്നു.

ആറന്മുള: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആറന്മുളയില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപ്പെട്ട പൈതൃക സങ്കേതങ്ങളുടെ വീണ്ടെടുപ്പിന് കര്‍മപദ്ധതി ആവിഷ്‌കരിക്കുന്നതിനും വേണ്ടി സാങ്കേതിക വിദഗ്ദ്ധരും പുരാവസ്തുഗവേഷകരും ശാസ്ത്രജ്ഞരും അടങ്ങുന്ന ഉന്നതതല പഠന സംഘം സെപ്തംബര്‍ രണ്ടിന് ആറന്മുള സന്ദര്‍ശിക്കും.

52 കരകളിലുള്ള പള്ളിയോടങ്ങള്‍ക്കും ആറന്മുളക്കണ്ണാടികളുടെ നിര്‍മാണ ശാലകള്‍ക്കും ചുവര്‍ചിത്രങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കും വലിയ നാശമാണ് വെള്ളപ്പൊക്കം മൂലമുണ്ടായത്. ശില്‍പ്പചാരുതയും പുരതാവസ്തുമൂല്യവുമുള്ള വിലമതിക്കാനാവാത്ത ഒട്ടേറെ പൈതൃകവസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ വിവര ശേഖരണം നടത്തുവാനും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും പഠന സംഘം ഉദ്ദേശിക്കുന്നു.

ആറന്മുളയെ പുനര്‍നിര്‍മിച്ചും നഷ്ടപ്പെട്ട പൈതൃകങ്ങളെ വീണ്ടെടുത്തും പുനരാവിഷ്‌കരിച്ചും പൈതൃകഗ്രാമത്തിന്റെ പുനര്‍നിര്‍മാണം ജനപങ്കാളിത്തത്തോടെ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അജയന്‍ പുല്ലാട് അറിയിച്ചു.

പഴയകാലവാസ്തുവിധി അനുസരിച്ച് പണിതിട്ടുള്ള പുരാതന വീടുകള്‍ക്കും ക്ഷേത്രസങ്കേതങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പള്ളിയോടങ്ങള്‍ പലതും തകര്‍ന്നു. താളിയോല ഗ്രന്ഥങ്ങള്‍, അപൂര്‍വ ശില്‍പ്പങ്ങള്‍, പ്രാചീന പുസ്തകങ്ങള്‍, പുരാവസ്തുരേഖകള്‍ തുടങ്ങി വലിയൊരു പൈതൃക ശേഖരമാണ് നഷ്ടപ്പെട്ടത്. 

കേരള സര്‍ക്കാരിന്റെ മ്യൂസിയം ഉപദേഷ്ടാവും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റിയുമായ ഡോ. എം. വേലായുധന്‍നായര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ മുന്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ്, സെന്റര്‍ ഓഫ് ഹെറിറ്റേജ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍.പി. ശങ്കരന്‍കുട്ടിനായര്‍, ചുവര്‍ചിത്ര-ശില്‍പ്പ ഗവേഷകന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ തുടങ്ങിയവരാണ് പഠന സംഘത്തില്‍. സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് തയാറാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.