നോട്ട് നിരോധനം വന്‍ നേട്ടമായെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Thursday 30 August 2018 8:32 pm IST
വരുമാന നികുതി ഇനത്തില്‍ രാജ്യത്തുണ്ടായ വര്‍ദ്ധനവാണ് നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ നേട്ടമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2013-14 സാമ്പത്തിക വര്‍ഷം 6.38 ലക്ഷം കോടി രൂപ ആയിരുന്ന വരുമാന നികുതി വഴിയുള്ള വരുമാനം 2017-18ല്‍ 10.02 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. 3.64 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവ് വരുമാന നികുതിയിനത്തില്‍ രാജ്യത്തുണ്ടായി.

ന്യൂദല്‍ഹി: നോട്ട് നിരോധനം വലിയ നേട്ടമായെന്നും വരുമാന നികുതി 10ലക്ഷം കോടിക്ക് മുകളിലേക്ക് ഉയര്‍ന്നതായും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സുതാര്യത കൊണ്ടുവരാന്‍ സാധിച്ചതും നികുതി നല്‍കുന്നവരുടെ എണ്ണം വളരെയേറെ ഉയര്‍ന്നതുമാണ് നോട്ട് നിരോധനത്തിന്റെ പ്രധാന നേട്ടങ്ങളെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

വരുമാന നികുതി ഇനത്തില്‍ രാജ്യത്തുണ്ടായ വര്‍ദ്ധനവാണ് നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ നേട്ടമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2013-14 സാമ്പത്തിക വര്‍ഷം 6.38 ലക്ഷം കോടി രൂപ ആയിരുന്ന വരുമാന നികുതി വഴിയുള്ള വരുമാനം 2017-18ല്‍ 10.02 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. 3.64 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവ് വരുമാന നികുതിയിനത്തില്‍ രാജ്യത്തുണ്ടായി.

2014 മാര്‍ച്ചില്‍ രാജ്യത്തെ നികുതി ദായകരുടെ എണ്ണം 3.8 കോടി മാത്രമായിരുന്നു. എന്നാല്‍ 2017-18ല്‍ ഇത് 6.86 കോടിയായി ഉയര്‍ന്നു. നികുതി നല്‍കുന്നവരുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നത് നോട്ട് നിരോധനത്തിന്റെ നേട്ടമാണ്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തിലും 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. നോട്ട് നിരോധനത്തിന് മുമ്പുള്ള 2014 മുതലുള്ള രണ്ടുവര്‍ഷത്തെ വരുമാന നികുതി വര്‍ദ്ധനവ് 6.6ശതമാനവും 9 ശതമാനവുമായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ടു വര്‍ഷങ്ങളില്‍ 15 ശതമാനവും 18 ശതമാനവുമായി നികുതി ശേഖരണം വര്‍ദ്ധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷവും സമാനമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

നോട്ട് നിരോധനത്തിന് ശേഷം 2017 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കിയ ചരക്ക് സേവന നികുതി വഴിയും നികുതി ദായകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. 72.5 ശതമാനം നികുതിദായകരാണ് ആദ്യവര്‍ഷം ഉണ്ടായിരിക്കുന്നത്. അതുവരെ നികുതി നല്‍കിക്കൊണ്ടിരുന്നവര്‍ 66.17 ലക്ഷമായിരുന്നെങ്കില്‍ നിലവില്‍ ചരക്ക് സേവന നികുതി നല്‍കുന്നവര്‍ 1.14 കോടി ആളുകളാണ്. ഇതെല്ലാമാണ് നോട്ട് നിരോധനത്തിന്റെ പ്രധാന നേട്ടങ്ങള്‍. സാമ്പത്തിക രംഗത്തെ ശുദ്ധീകരിക്കുകയും സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയും ചെയ്തു. 

നികുതി വരുമാനത്തിലെ വര്‍ദ്ധനവും ഉയര്‍ന്ന ധനവ്യയവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുമാണ് നോട്ട് നിരോധനം രാജ്യത്തിന് സമ്മാനിച്ചത്. സമ്പദ് രംഗത്തുനിന്ന് കള്ളപ്പണത്തിന്റെ സാന്നിധ്യം വലിയ തോതില്‍ കുറയ്ക്കനായിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ പണം ിക്ഷേപിച്ച 18ലക്ഷം പേര്‍ അന്വേഷണ പരിധിയിലാണ്. കൂടുതല്‍ പേര്‍ നികുതിയും പിഴയും നല്‍കിക്കൊണ്ടിരിക്കുന്നു. ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിച്ചു എന്നതിന്റെ അര്‍ത്ഥം അതെല്ലാം നികുതി നല്‍കിയ പണമാണ് എന്നല്ലെന്നും കേന്ദ്രധനമന്ത്രി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.