ആത്മ ഏകത്വവിജ്ഞാനത്തിന് ആഗമവും യുക്തിയും അനിവാര്യം

Friday 31 August 2018 1:01 am IST
മൂന്നാം അദ്ധ്യായത്തിലെ ആദ്യ ബ്രാഹ്മണം മുതല്‍ യാജ്ഞവല്‍കീയ കാണ്ഡം ആരംഭിക്കുന്നു.

ഓം ജനകോ ഹ വൈദേഹോ ബഹുദക്ഷിണേന യജ്ഞേനേജേ...........

വിദേഹ രാജാവായ ജനകന്‍ ഒരിക്കല്‍ വളരെയധികം ദക്ഷിണ നല്‍കുന്ന ഒരു യാഗം ചെയ്തു.അതില്‍ കുരു, പാഞ്ചാല ദേശങ്ങളില്‍ നിന്നുള്ള അനേകം ബ്രാഹ്മണര്‍ വന്നു ചേര്‍ന്നു.

ആ ബ്രാഹ്മണരില്‍ ആരാണ് വലിയ പണ്ഡിതന്‍ എന്നറിയാന്‍ വിദേഹാധിപനായ ജനകരാജാവിന് ആഗ്രഹം തോന്നി. അദ്ദേഹം ആയിരം പശുക്കളെ അവിടെ കൊണ്ടുവന്ന് കെട്ടി. ഒരോ പശുവിന്റെയും കൊമ്പുകളില്‍ പതിപ്പത്ത് കാല്‍ പലം സ്വര്‍ണ്ണം വീതം കെട്ടിയിട്ടുണ്ടായിരുന്നു.

മുമ്പ് മധുകാണ്ഡത്തില്‍ ആഗമ പ്രധാനമായി വിവരിച്ച കാര്യത്തെ യുക്തി കൊണ്ട് സമര്‍ത്ഥിക്കുകയാണ് ഇവിടെ.

ആഗമവും യുക്തിയും ചേര്‍ന്നാലേ ആത്മ ഏകത്വവിജ്ഞാനം വേണ്ടതു പോലെ നേടാനാകൂ. ദാനവും സത്സംഗവും കൂടി ഇതിന് ആവശ്യമാണെന്ന് കഥ സൂചിപ്പിക്കുന്നുണ്ട്.

വന്നിരിക്കുന്ന ബ്രാഹ്മണര്‍ ജ്ഞാനികളാണോ അതോ ദക്ഷിണ മോഹിച്ച് എത്തിയവരാണോ എന്ന പരീക്ഷണം കൂടി ജനകന്‍ നടത്തുന്നു.താന്‍ ഏറ്റവും ശ്രേഷ്ഠനായ പണ്ഡിതനാണെന്ന് തെളിയിക്കുക തന്നെ വേണം.

താന്‍ ഹോവാച, ബ്രാഹ്മണാ ഭഗവന്തഃ യോ വോ ബ്രഹ്മിഷ്ഠഃ സ ഏതാ ഗാ ഉദജതാമിതി.........

ജനകന്‍ ബ്രാഹ്മണരോട് പറഞ്ഞു - പൂജ്യരായ ബ്രാഹ്മണരേ നിങ്ങളുടെ ഇടയില്‍ ഏറ്റവും വലിയ വേദ പണ്ഡിതന്‍ ആരാണോ അയാള്‍ക്ക് ഈ പശുക്കളെ കൊണ്ടു പോകാം.എന്നാല്‍ ബ്രാഹ്മണര്‍ക്കാര്‍ക്കും ധൈര്യമുണ്ടായില്ല. അപ്പോള്‍ അവിടെയുണ്ടായിരുന്ന യാജ്ഞവല്‍ക്യന്‍ തന്റെ ബ്രഹ്മചാരിയായ സാമശ്രവസ്സിനോട് പശുക്കളെ തെളിച്ചു കൊണ്ടു പോകാന്‍ പറഞ്ഞു. അയാള്‍ പശുക്കളെ ആചാര്യ ഗൃഹത്തിലേക്ക് തെളിച്ച് കൊണ്ടുപോയി.

അപ്പാള്‍ ബ്രാഹ്മണരെല്ലാം കോപിച്ചു. അപ്പോള്‍ വിദേഹാധിപനായ ജനകന്റെ ഋത്വിക്കായ അശ്വലന്‍ ഇതിനെ ചോദ്യം ചെയ്തു.

നമ്മുടെ ഇടയില്‍ നീയാണോ ഏറ്റവും വലിയ ബ്രഹ്മനിഷ്ഠനായിരിക്കുന്നത്? യാജ്ഞവല്‍ക്യന്‍ പറഞ്ഞു. - ബ്രഹ്മനിഷ്ഠനെ ഞാന്‍ നമസ്‌കരിക്കുന്നു. എനിക്ക് പശുക്കളെ കിട്ടണമെന്നാഗ്രമുണ്ട്. ഇതു കേട്ടപ്പോള്‍ യാജ്ഞവല്‍ക്യന്റെ അറിവിനെ പരീക്ഷിക്കാന്‍ അശ്വലന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തീരുമാനിച്ചു.

 ജനകന്റെ സദസ്സിലുണ്ടായിരുന്ന ബ്രാഹ്മണരെല്ലാം വലിയ വേദപണ്ഡിതരായിരുന്നു. എന്നാല്‍ മറ്റുള്ളവരേക്കാള്‍ താന്‍ ശ്രേഷ്ഠനാണെന്ന് പ്രതിജ്ഞ ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല.

ആ സമയത്താണ് യാജ്ഞവല്‍ക്യന്‍ ബ്രഹ്മനിഷ്ഠയ്ക്കുള്ള സമ്മാനമായ പശുക്കളെ കൊണ്ട് പോകാന്‍ ശിഷ്യന് നിര്‍ദ്ദേശം നല്‍കിയത്.ഇതിനെ മറ്റ് ബ്രാഹ്മണര്‍ എതിര്‍ത്തു.

 രാജാവിന്റെ ആശ്രിതനായ താന്‍ വലിയ ബ്രഹ്മനിഷ്ഠനെന്ന് അഭിമാനിക്കുന്ന അശ്വലന്‍ ബ്രാഹ്മണരുടെ പ്രതിനിധിയായി ചോദ്യം ചെയ്യാനൊരുങ്ങി. നീയാണോ ബ്രഹ്മനിഷ്ഠന്‍ എന്ന മട്ടില്‍ ആക്ഷേപിക്കുകയും ചെയ്തു.എന്നാല്‍ യാജ്ഞവല്‍ക്യന്‍ വിനയത്തോടെ ബ്രഹ്മനിഷ്ഠന്‍ ആരാണെന്ന് തെളിഞ്ഞാല്‍ താന്‍ അയാളെ നമസ്‌കരിക്കാമെന്ന് ഉറപ്പ് നല്‍കുന്നു. തനിക്ക് പശുക്കളെ വേണമെന്നുള്ളതിനാല്‍ താന്‍ പരീക്ഷയ്ക്ക് തയ്യാറാണ്. തന്റെ അറിവില്‍ മതിപ്പും ആത്മവിശ്വാസവും ഉള്ളതിനാലാണ് യാജ്ഞവല്‍ക്യന്‍ അങ്ങനെ പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.