വയനാടിന്റെ കാര്‍ഷിക നഷ്ടം 300 കോടിയിലധികം: കിസാന്‍ മോര്‍ച്ച കേന്ദ്രസംഘം

Friday 31 August 2018 1:06 am IST

കല്‍പ്പറ്റ: വയനാട്ടില്‍ മഹാപ്രളയത്തില്‍  മുന്നൂറു കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചതായി ഭാരതീയ കിസാന്‍ മോര്‍ച്ച നിയോഗിച്ച ഉത്തരമേഖലാ സംഘം വിലയിരുത്തി. തോട്ട വിളകളുടെ നഷ്ടം ഇതിന് പുറമേയാണ്. 

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കെടുതിക്ക് ഇരയായ പനമരം, കോട്ടത്തറ, വെണ്ണിയോട്, പിലാക്കാവ്, പഞ്ചാരക്കൊല്ലി, പേരിയ, പൊഴുതന, വൈത്തിരി, എന്നിവിടങ്ങളില്‍ സംഘം പര്യടനം നടത്തി. രണ്ടായി തിരിഞ്ഞാണ് കേന്ദ്രസംഘം പ്രളയ ബാധിത മേഖല മുഴുവന്‍ സന്ദര്‍ശിച്ചത്. സംഭവിച്ച നഷ്ടത്തിന്റെ വിവരങ്ങളും ഉടന്‍ ചെയ്യേണ്ട സഹായങ്ങളെ കുറിച്ചും ഗവര്‍ണറെ  ധരിപ്പിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞു. കിസാന്‍ മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി മോഹന്‍, ദേശീയ വൈസ് പ്രസിഡന്റും എംഎല്‍എ യുമായ ശങ്കര്‍ ഗൗഡ  പാട്യല്‍, നേതാക്കളായ മധുസൂദന റെഡ്ഡി, കൃഷ്ണ രാജു, ഈശപ്പ, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ ബാലകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കെ രാജന്‍ തുടങ്ങിയവര്‍ കേന്ദ്ര സംഘത്തെ അനുഗമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.