മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതില്‍ മതവിവേചനം: ഹിന്ദു ഐക്യവേദി

Friday 31 August 2018 1:08 am IST

കോട്ടയം: പ്രളയദുരന്തത്തില്‍പ്പെട്ട ആയിരങ്ങള്‍ക്ക് ജീവന്‍ തിരിച്ചുനല്‍കിയ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ നിന്ന് ധീവരസഭാ പ്രവര്‍ത്തകരെയും, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം പ്രവര്‍ത്തകരെയും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി മതപരമായ വിവേചനവും, പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

പ്രളയബാധിതരെ സഹായിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ മതപരിഗണന കൂടാതെ ഒറ്റമനസ്സോടുകൂടിയാണ് രംഗത്തിറങ്ങിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാ കുളം, തൃശൂര്‍, കോഴിക്കോട്, ജില്ലകളിലെ തീരദേശത്തെ ഹിന്ദു മത്സ്യത്തൊഴിലാളികള്‍ വള്ളവും, യന്ത്രസാമഗ്രികളുമായി ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ്. 

സംസ്ഥാനത്തെ തീരദേശങ്ങളിലെ ഹിന്ദു അരയ, മുക്കുവ, ധീവര വിഭാഗങ്ങളില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ സ്വീകരണ ചടങ്ങുകളില്‍ ക്ഷണിക്കാതെ സര്‍ക്കാര്‍ മതവിവേചനം കാട്ടുകയായിരുന്നു. ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ സദസില്‍ പ്രതികരിച്ചെങ്കിലും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. സര്‍ക്കാര്‍ ഹിന്ദു മത്സ്യത്തൊഴിലാളികളോടും, ധീവരസഭ, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം എന്നീ സംഘടനകളോടും കാട്ടിയ അവഗണനയ്ക്കും വിവേചനത്തിനും കാരണമെന്തെന്ന് വിശദീകരിക്കണം, ബിജു ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.