നാശനഷ്ടം കണക്കാക്കാനുള്ള സര്‍വേ മന്ദഗതിയില്‍ ക്യാമ്പില്‍ നിന്ന് ദുരിതബാധിതരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്നു

Friday 31 August 2018 1:09 am IST

ആലപ്പുഴ: വെള്ളം ഇറങ്ങുന്നതിനു മുമ്പ് ദുരിതാശ്വസ ക്യാമ്പില്‍ നിന്നും ദുരിതബാധിതരെ നിര്‍ബന്ധിച്ച് വീടുകളിലേക്ക് പറഞ്ഞുവിടുന്നു. ഇനിയും വെള്ളം താഴ്ന്നിട്ടില്ലാത്ത കുട്ടനാട്ടിലെ ദുരിതബാധിതരെയാണ് ഇന്നലെ മുതല്‍ നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നത്. ഇതോടെ കുട്ടനാട്ടുകാര്‍ കൂടുതല്‍ ദുരിതക്കയത്തിലായി.

  കുട്ടനാട്ടിലെ കൈനകരി, നെടുമുടി, ചമ്പക്കുളം, കാവാലം, വെളിയനാട്, മുട്ടാര്‍ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്. ഇപ്പോഴും വീടിനുള്ളില്‍ വെള്ളമാണ്. വെള്ളമിറങ്ങാത്ത വീട്ടില്‍ എത്തിയിട്ട് എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ ക്യാമ്പില്‍ നിന്നും ഒഴിഞ്ഞു പോകണമെന്നാണ് നിര്‍ദേശം. ഇതിനെ ചോദ്യം ചെയ്തവരോട് മുകളില്‍ നിന്നുള്ള ഉത്തരവാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

  വീട്ടില്‍ തിരിച്ചു ചെന്നാലും ഭക്ഷണം പാചകം ചെയ്യാന്‍ നിവൃത്തിയില്ല. അടുപ്പ് കത്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും കഴിയാതെ ദുരിതമനുഭവിക്കേണ്ടിവരും. പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും ഇത് ആരോഗ്യപ്രശ്നത്തിന് കാരണമാകും. അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങള്‍ ലഭ്യമാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. പാത്രങ്ങള്‍, അടുപ്പുകള്‍, കിടക്കാനുള്ള കട്ടിലുകള്‍ ഇവയൊന്നും ഇല്ലാതെ വെള്ളം കയറിയ വീട്ടില്‍ പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ക്യാമ്പില്‍ കഴിയുന്നവര്‍.

   ഇതിനിടെ നാശനഷ്ടം കണക്കാക്കാനായി വീടുകള്‍ കയറിയുള്ള സര്‍വേയും എങ്ങുമെത്തിയില്ല. ഓരോ വാര്‍ഡിലും നൂറ് വീടുകളില്‍ പോലും സര്‍വേ പൂര്‍ത്തിയായിട്ടില്ല. ഒരു വാര്‍ഡില്‍ 400 മുതല്‍ 500 വീടുകള്‍ വരെയാണുള്ളത്. നിലവിലുള്ള അപേക്ഷഫോറം പൂരിപ്പിക്കാന്‍ തന്നെ അരമണിക്കൂറില്‍ കൂടുതല്‍ സമയം വേണം. കുട്ടനാട്ടിലെ മൂന്നിലൊന്ന് വീടുകളിലും സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.