മനസ്സിനും വേണം പുനരധിവാസം

Friday 31 August 2018 1:12 am IST
പ്രയാസങ്ങളെ മറികടക്കാന്‍ ഏറ്റവും ആവശ്യം കരുത്താര്‍ന്ന മനസ്സാണ് ദുരന്തങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ ആദ്യം നഷ്ടമാവുന്നതും അതു തന്നെ. എല്ലാം തകര്‍ന്നു പോകുമ്പോള്‍ ഉണ്ടാവുന്ന മാനസികാഘാതത്തില്‍ നിന്നും കരകയറുക എളുപ്പമല്ല. പക്ഷേ, കരകയറിയേ പറ്റൂ. അതിനുള്ള മനക്കരുത്ത് ആര്‍ജ്ജിക്കണം.

പ്രളയ ദുരന്തം ഏല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്ന് നമ്മള്‍ പുനരധിവാസത്തിന്റെ ദിനങ്ങളിലേക്ക് നടന്നു കയറുകയാണ്. സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇപ്പോള്‍ ഒരേ മനസ്സാണ്. ഇനി എന്തു ചെയ്യും? ആര്‍ഭാടം ശീലിച്ചവര്‍ക്ക് അതു കൈവിടുമ്പോഴുള്ള ആഘാതം. ജീവിതപ്രശ്‌നങ്ങളോടു മല്ലിട്ടവര്‍ക്ക് ജീവിതം തന്നെ വഴിമുട്ടിയ വേദന. ഇവിടെ മാനസികമായ പുനരധിവാസംകൂടി ദുരിതബാധിതര്‍ക്കു ലഭ്യമാക്കേണ്ടിവരും. പ്രതിസന്ധികളെ നേരിടാന്‍ അവര്‍ക്കു മാനസിക പിന്‍ബലം നല്‍കണമെന്ന് അര്‍ഥം. 

പ്രയാസങ്ങളെ മറികടക്കാന്‍ ഏറ്റവും ആവശ്യം കരുത്താര്‍ന്ന മനസ്സാണ.് ദുരന്തങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ ആദ്യം നഷ്ടമാവുന്നതും ഇതു തന്നെ. എല്ലാം തകര്‍ന്നു പോവുമ്പോള്‍ ഉണ്ടാവുന്ന മാനസികാഘാതത്തില്‍ നിന്നു കര കയറുക എളുപ്പമല്ല. പക്ഷേ, കരകയറിയേ പറ്റൂ. അതിനുള്ള മനക്കരുത്ത് ആര്‍ജിക്കണം. ഒരു ജന്മം കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെടുമ്പോള്‍, താങ്ങായി കൂടെയുണ്ടായിരുന്നവര്‍ നമ്മെ വിട്ടു പോകുമ്പോള്‍, സാമ്പത്തിക പ്രതിസന്ധി പിടി മുറുക്കുമ്പോള്‍... ആര്‍ജ്ജവത്തോടെ അവയെ നേരിടാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ദാരിദ്ര്യം മാത്രമല്ല നമ്മെ അലട്ടുന്നത്. മനസ്സിന്റെ വ്യഥ കൂടിയാണ്. 

പൊതുവെ ജീവിത സാഹചര്യങ്ങളിലും സ്റ്റാറ്റസിലും സന്തോഷം കണ്ടെത്തുന്ന ജനതയാണ് നമ്മുടേത്. വലിയ വീട്, കാര്‍, ജീവിത സൗകര്യങ്ങള്‍, വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍, ആഹാരപദാര്‍ത്ഥങ്ങള്‍ ഇവയെല്ലാം നല്‍കുന്ന സുരക്ഷിതത്വബോധം ചെറുതല്ല. പൊടുന്നനെയാണ് അതു നഷ്ടപ്പെട്ടത്. സന്തോഷവും മനസ്സമാധാനവും നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ സൃഷ്ടിച്ചെടുക്കണ്ടതാണ് എന്ന തിരിച്ചറിവ് ആ സമയത്തു നമുക്കുണ്ടാവാറില്ല. 

നമ്മുടെ സന്തോഷവും സമാധാനവുമെല്ലാം ജീവിത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ്. നല്ല ജോലി കിട്ടിയാല്‍ വലിയ വീട് വെച്ചാല്‍ കല്യാണം ആര്‍ഭാടമായി നടത്തിയാല്‍, നല്ല കാര്‍ വാങ്ങിയാല്‍ ഒക്കെ സന്തോഷം. വലിയവര്‍ക്കു വലിയ സ്വപ്‌നം. ചെറിയവര്‍ക്കു ചെറിയ സ്വപ്‌നം. ഇരുകൂട്ടര്‍ക്കും മനോഹിതം നടന്നില്ലെങ്കില്‍ നിരാശയും അസംതൃപ്തിയും. ഈ ഒരു കാഴ്ചപ്പാടില്‍ വളര്‍ന്നു വന്ന കേരള ജനതയ്ക്ക് ഇത്ര വലിയ ദുരന്തമുഖത്തു ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന് സമാശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. 

വെള്ളപ്പൊക്കത്തിന് മുമ്പ് നമ്മുടെ മനസ്സില്‍ അടിഞ്ഞു കൂടിയിട്ടുള്ള ചിന്താഗതികളും വിശ്വാസങ്ങളുമെല്ലാം ഈ സാഹചര്യത്തെ നാമെങ്ങനെ നോക്കിക്കാണുന്നു എന്നതിനെ നിര്‍ണ്ണയിക്കുന്നു. കോടികള്‍ കൊടുത്തു പണികഴിച്ച വീടുകളില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതിരുന്നവരുടെ മനോഗതിയും ഇത് തന്നെ.

സാമ്പത്തിക പ്രതിസന്ധി മാത്രമാണ് പ്രശ്‌നമെങ്കില്‍ സാമ്പത്തികസഹായം കൊണ്ട് പുനരധിവാസം പൂര്‍ണ്ണമായേനെ. എന്നാല്‍ ഒരു ദുരന്തത്തില്‍ നിന്ന് കര കയറി വരുന്ന ജനതയ്ക്ക് അത് മാത്രം പോരാ എന്ന് പഠനങ്ങള്‍ വിളിച്ചോതുന്നു. സുനാമിക്ക് ശേഷം ഒരുപാട് പേരില്‍ വിഷാദം, ഉത്കണ്ഠ, പിരിമുറുക്കം, താളപ്പിഴകള്‍, അമിതമായ ലഹരി ഉപയോഗം എന്നിവയെല്ലാം കണ്ടെത്തിയിരുന്നു. പ്രത്യാശ നശിക്കുമ്പോള്‍, ഒരു ദിവസം കൊണ്ട് ജീവിതം കീഴ്‌മേല്‍ മറിയുമ്പോള്‍, അന്ന് വരെ നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ വീണുടയുമ്പോള്‍, ഇനി ജീവിച്ചിട്ട് എന്തിന്, ഇനിയുള്ള ജീവിതത്തിന് എന്തര്‍ത്ഥം എന്നിങ്ങനെയുള്ള ചിന്തകള്‍ അലട്ടിയേക്കാം. 

അങ്ങനെ തോന്നുമ്പോള്‍ പലര്‍ക്കും ആര്‍ജ്ജവത്തോടെ പ്രതിസന്ധികളെ നേരിടാന്‍ സാധിക്കാതെയും വന്നേക്കാം. ഒന്നില്‍ നിന്നു തുടങ്ങുക എന്നതിന് വേണ്ട മാനസ്സികമായ പാകത നശിച്ചേക്കാം. അത്തരം മാനസ്സിക സംഘര്‍ഷം കുടുംബത്തിനെയൊന്നാകെ ബാധിക്കാനുമിടയുണ്ട്. നിരാശയും മറ്റും കുടുംബ ബന്ധങ്ങളെ വരെ ഉലച്ചുകളയാന്‍ പ്രാപ്തമാണ്. മാത്രമല്ല, കുഞ്ഞുങ്ങളെയും ഇത്തരമൊരു സാഹചര്യവും മുതിര്‍ന്നവരുടെ ആധിയും വ്യഥയുമെല്ലാം തീവ്രമായി ബാധിക്കും.

ദുരന്തശേഷമുള്ള ആദ്യ നാളുകളിലെ ഞെട്ടലും അന്ധാളിപ്പും വിട്ടു മാറുമ്പോള്‍ പതിയെ മനസ്സിനെ നിരാശയും പ്രത്യാശയില്ലായ്മയുമെല്ലാം ബാധിക്കാനിടയുണ്ട്. ഒരു പരിധിക്കപ്പുറം തീവ്രമായി ബാധിച്ചാല്‍ അത് വിഷാദ രോഗത്തിലേക്ക് നയിക്കും. ഉറക്കക്കുറവ്, ഭക്ഷണത്തിനോട് താല്പര്യമില്ലായ്മ, മറ്റുള്ളവരില്‍ നിന്നും ഉള്‍ വലിയാനുള്ള പ്രവണത, ആത്മഹത്യാ പ്രവണത, അതിതീവ്രമായ നിരാശ, ഉത്സാഹക്കുറവ് എന്നിവ ഒരാളില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ വിദഗ്ധ സഹായം ഉറപ്പുവരുത്തണം. അതിനാല്‍ത്തന്നെയാണ് ദുരിതബാധിതരായ എല്ലാ ജനങ്ങള്‍ക്കും മാനസിക പുനനരുജ്ജീവനത്തിന്റെ പ്രസക്തിയേറുന്നത്. 

മികച്ച സേവനം ഉറപ്പു വരുത്താന്‍ മനശ്ശാസ്ത്രജ്ഞരുടേയും മനോരോഗ വിദഗ്ധരുടേയും നേത്യത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കേണ്ടതുണ്ട്. ദുരന്തബാധിതരോട് എങ്ങനെ ആശയവിനിമയം ചെയ്യണമെന്നും മാനസിക പിരിമുറുക്കവും മറ്റു പ്രശ്‌നങ്ങളും എങ്ങനെ തിരിച്ചറിയണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോധവത്കരണം നല്‍കണം.  നിത്യജീവിതത്തിലേക്ക് എത്രയും വേഗം ഏവരെയും മടക്കി കൊണ്ട് വരേണ്ടതുമുണ്ട്.

മാനസിക പുനരുജ്ജീവനം എന്നത് എത്രമാത്രം പ്രാധാന്യമേറിയതാണ് എന്ന ബോധവത്കരണത്തിനായുള്ള ശ്രമം മാത്രമാണിത്. ഇന്ന് നമുക്ക് എത്ര അസാധ്യമായി തോന്നാമെങ്കിലും ഈ വിഷമഘട്ടത്തില്‍ നിന്നു നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമെന്നും, അതിനായി പണത്തേക്കാള്‍ നമുക്കാവശ്യം മനക്കരുത്തു തന്നെയാണെന്നും നമ്മുടെ കൂടെയുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാം. എത്ര ദുരിതത്തില്‍ നിന്നും കര കയറാനുള്ള ആര്‍ജ്ജവം നമ്മുടെ ചുറ്റിലുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള കരുത്തു നമുക്ക് ലഭിക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.