വരാനിരിക്കുന്നു, വലിയ വലിയ കാര്യങ്ങള്‍

Friday 31 August 2018 1:12 am IST
ഹൈറേഞ്ചില്‍ പ്രകൃതി ക്ഷോഭവും, ഉരുള്‍ പൊട്ടലും, മലയിടിച്ചിലും പതിവായി ഉണ്ടാകാറുണ്ടെന്ന് പറയുന്ന ഭരണപക്ഷ വീക്ഷണവും, അനീതി നടന്നത് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പറയുന്ന പ്രതിപക്ഷ വീക്ഷണവും, കൂട്ടിവായിച്ചാല്‍ കേരളം കണ്ട മഹാദുരന്തത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍ വായിച്ചെടുക്കാം. ജനദ്രോഹപരമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ കേരളത്തെ തലങ്ങും വിലങ്ങും പിച്ചി ചീന്തുന്നത് തടയാന്‍ രാഷ്ട്രീയ കേരളം ഇനിയെങ്കിലും പഠിക്കേണ്ടിയിരിക്കുന്നു.

കേരളത്തെ നാശത്തിന്റെ പടുകുഴിയിലേക്കെറിഞ്ഞ പ്രകൃതിയുടെ ഭീകര താണ്ഡവം അതിജീവിച്ചു എന്ന് നാം പറയുമ്പോഴും, വരാന്‍പോകുന്ന പ്രത്യാഘാതങ്ങളുടെ ഗൗരവം തിരിച്ചറിയേണ്ടിയിരിക്കുന്നു. ലക്ഷക്കണക്കിനാളുകളുടെ കിടപ്പാടം, വീട്, വസ്തുവകകള്‍, കുട്ടികളുടെ വിദ്യാഭ്യാസ സാമഗ്രികള്‍, തൊഴിലുപകരണങ്ങള്‍, വരുമാനമാര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെയുള്ള നഷ്ടത്തിന് പുറമെ, കേരള സര്‍ക്കാരിനെ തന്നെ തുറിച്ച് നോക്കുന്നത് റോഡ്, പാലം, വൈദ്യുതിബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നഷ്ടവും കൂടിയാണ്. അടിസ്ഥാന വികസനോപാധികളുടെ നഷ്ടം ഇതിനു പുറമെ.   

ഇതിനിടെയാണ് കക്ഷി രാഷ്ട്രീയ പത്രപ്രസ്താവനകളും, ചാനല്‍ ചര്‍ച്ചകളും പൂര്‍വ്വാധികം ശക്തിയോടെ വിഴുപ്പലക്കാന്‍ തുടങ്ങിയിരിക്കുന്നത്. പഞ്ചായത്ത് തല നേതാക്കള്‍ മുതല്‍ മുഖ്യമന്ത്രിവരെ അന്യോന്യം പഴിചാരി മത്സരിക്കുമ്പോള്‍ രണ്ട് വാര്‍ത്തകള്‍ ജന ശ്രദ്ധപിടിച്ചു പറ്റി. ദുരന്തത്തിന് ഉത്തരവാദിയായവരെ കണ്ടെത്താന്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയും, അതിന് മറുപടി പറയുന്ന കൂട്ടത്തില്‍ മുഖ്യമന്ത്രിയുടെ ആഹ്വാനവും രസകരമായി തോന്നി. പതിവായി പ്രകൃതി ക്ഷോഭമുണ്ടാകുന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍ പൊട്ടലും മലയിടിച്ചിലും ഉണ്ടാകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആള്‍ക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കും എന്നായിരുന്നു മുഖ്യന്റെ പ്രസ്താവന.

പതിറ്റാണ്ടുകളായി ഇടതും വലതും കക്ഷികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തിന് ഈ ദുര്‍ഗതി വന്നതിന്ന് അതിവൃഷ്ടി മുതല്‍ തമിഴ്‌നാടിന്റെ മുല്ലപ്പെരിയാര്‍ കൈ കടത്തല്‍ വരെ കാരണമായി അക്കമിട്ട് പറയാന്‍ മുന്‍കൈയെടുത്ത രാഷ്ട്രീയ നേതാക്കളാരും, ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റിയൊ, ശാസ്ര്തീയ വശങ്ങളെപ്പറ്റിയൊ പരോക്ഷമായെങ്കിലും പറയാന്‍ തയ്യാറായിക്കണ്ടില്ല. 

പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതി ആഘാതം പഠിക്കാന്‍ ക്ഷണിച്ചുവരുത്തിയ മാധവ് ഗാഡ്ഗിലിന്റെ പഠനവും, പരിസ്ഥിതി ലോല പ്രദേശങ്ങളെ നിര്‍ണയിക്കാന്‍ ആ പഠന റിപ്പോര്‍ട്ടില്‍ വരെ വെള്ളം ചേര്‍ക്കാന്‍ നിര്‍ബന്ധിതനായ കസ്തൂരിരംഗന്‍ എന്ന ശാസ്ര്തജ്ഞന്റെ റിപ്പോര്‍ട്ടും സമൂഹത്തിന്റെ മുമ്പിലുണ്ട്. വനമേഖലയിലെ അനധികൃത കൈയ്യേറ്റം, നിത്യഹരിത വനങ്ങളുടെ നശീകരണം, അനധികൃത ഖനനം, നദീതട മണല്‍ വാരല്‍, നെല്‍പ്പാടങ്ങളുടെ നികത്തലും നിര്‍മാണ പ്രവൃത്തികളും, വനമേഖലയിലെ റിസോര്‍ട്ട് നിര്‍മ്മാണങ്ങള്‍, തറ മുഴുവന്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടുന്നത് കൊണ്ടുള്ള പ്രകൃതിയിലെ അസന്തുലിതാവസ്ഥ മുതലായവ അക്കമിട്ട് നിരത്തിയ ശാസ്ര്തജ്ഞരെ പരിഹസിച്ചവര്‍ നമ്മുടെ മുമ്പിലുണ്ട്.  

റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ ആവശ്യത്തിനും അനാവശ്യത്തിനും ജനങ്ങളെ റോഡ് ഉപരോധിക്കാന്‍ പഠിപ്പിച്ച ഭരണകര്‍ത്താക്കളും, മതമേലദ്ധ്യക്ഷന്മാരും, സമുദായ നേതാക്കന്മാരും അധിനിവേശക്കാരുടെ വോട്ട് എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടു നമുക്കിടയിലുണ്ടായിരുന്നു. അത് ഈ സംസ്ഥാനത്തിന്റെ ശാപമാണ്. മേല്‍പറഞ്ഞ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളെ 1971 മുതല്‍ അധികൃത കേന്ദ്രങ്ങളാക്കി മാറ്റാമെന്ന് തീരുമാനിച്ചത് വരും വര്‍ഷങ്ങളില്‍ സഹ്യപര്‍വതം മൊത്തമായി ജനവാസ കേന്ദ്രമാക്കാനുള്ള  മുന്‍കൂര്‍  ജാമ്യാപേക്ഷയായിരുന്നു.

ഇടതും വലതും രാഷ്ട്രീയ കക്ഷികള്‍ മാറി മാറി നടത്തുന്ന ഈ രാഷ്ട്രീയ കൈ കോര്‍ക്കലിന്റെ അനന്തര ഫലമായാണ്, സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന ബഹുഭൂരിപക്ഷം പേരും ദുരിതാശ്വാസ കേന്ദ്രത്തിലെ വെറും തറയില്‍ ദിവസങ്ങളോളം കിടക്കേണ്ടിവന്നത്. പരിസ്ഥിതിലോല പ്രദേശമായ കിഴക്കന്‍ മലകളിലെ കുടിയേറ്റവും, വനനശീകരണവും, ടൂറിസം വികസനവും നിയമങ്ങളെ കാറ്റില്‍ പറത്തിയപ്പോള്‍ പടിഞ്ഞാറന്‍ മേഖലകളില്‍ അതുണ്ടാക്കിയ പ്രളയം മറക്കാന്‍ പറ്റാത്ത ദുരിതമായി. 

പൊതുവില്‍ കേരളത്തിന്റെ നാല് അതിര്‍ത്തിയിലും, തൊട്ടു കിടക്കുന്ന കുടകിലും മാത്രമായി പ്രകൃതിക്ഷോഭമുണ്ടായത് ശാസ്ര്തീയമായി അന്വേഷിക്കേണ്ടതാണ്. പ്രകൃതിക്ഷോഭം കൊണ്ടും പ്രളയം കൊണ്ടും ഇന്നുണ്ടായ നഷ്ടത്തിന്റെ പത്തിരട്ടിയാണ് നാണ്യവിളകളായ റബ്ബര്‍, തേയില, കാപ്പി മറ്റ് സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ നാശം കൊണ്ട്, വരും വര്‍ഷങ്ങളില്‍  ഉണ്ടാകാന്‍ പോകുന്നത്. 

വിഴുപ്പലക്കുന്ന കൂട്ടത്തില്‍, അണക്കെട്ട് പെട്ടെന്ന് തുറന്നതില്‍ തെറ്റില്ലെന്നും, മിനുട്ടിന് മിനുട്ടിന് ഉന്നതാധികാര സമിതി ചേര്‍ന്ന് എല്ലാവശവും പഠിച്ച് എടുത്ത തീരുമാനമാണതെന്നും വകുപ്പ് മന്ത്രിയുടെ പ്രസ്താവന കണ്ടു. പാലിന് പഞ്ചസാരപോലെ റിപ്പോര്‍ട്ടിനു സാങ്കേതികത്വത്തിന്റെ മേമ്പൊടി ചേര്‍ക്കാന്‍ ഡാം മാനേജ്‌മെന്റ് എന്നൊരു സൂത്രവും കൂട്ടത്തില്‍ ചേര്‍ത്തുവെച്ചു. 

വൃഷ്ടി പ്രദേശത്തെ മഴവെള്ളത്തിന്റെയും പുറത്തേക്കൊഴുക്കിവിടുന്ന വെള്ളത്തിന്റെയും ഗണിത പട്ടികയില്‍, ഈ വെള്ളം പോകുന്ന വഴിയില്‍ സാധാരണ മഴക്കാലത്തെ നദീജലനിരപ്പില്‍നിന്ന് എത്ര മുകളില്‍ അത് എത്തുമെന്നും, നദിയുടെ രണ്ട് ഭാഗത്തും അതെത്രമാത്രം പടരാന്‍ സാദ്ധ്യതയുണ്ടെന്നും പറയാന്‍ ഒരു മാനേജ്‌മെന്റു വിദഗ്ധനും മുന്നോട്ടു വന്നില്ല. ദശലക്ഷം ഘന അടി എന്നാല്‍ ആനയൊ അമ്പഴങ്ങയൊ എന്നറിയാത്ത പാവം പൊതുജനങ്ങളുടെ മുമ്പില്‍ പലനിറത്തിലുള്ള വിളക്കുകള്‍ തെളിച്ചു കാണിച്ച് ഒരു അപകടസൂചന കൊടുത്തപ്പോള്‍ കാര്യം വെടിപ്പായി.

ഹൈറേഞ്ചില്‍ പ്രകൃതി ക്ഷോഭവും, ഉരുള്‍ പൊട്ടലും, മലയിടിച്ചിലും പതിവായി ഉണ്ടാകാറുണ്ടെന്ന് പറയുന്ന ഭരണപക്ഷ വീക്ഷണവും, അനീതി നടന്നത് കണ്ടെത്താന്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പറയുന്ന പ്രതിപക്ഷ വീക്ഷണവും, കൂട്ടിവായിച്ചാല്‍ കേരളം കണ്ട മഹാദുരന്തത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍ വായിച്ചെടുക്കാം. ജനദ്രോഹപരമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ കേരളത്തെ തലങ്ങും വിലങ്ങും പിച്ചി ചീന്തുന്നത് തടയാന്‍ രാഷ്ട്രീയ കേരളം ഇനിയെങ്കിലും പഠിക്കേണ്ടിയിരിക്കുന്നു.

(ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ റിട്ട. ഡയറക്ടറാണു ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.