എന്തിനുമേതിനും ബക്കറ്റ് പിരിവ്

Friday 31 August 2018 1:18 am IST
ഓഖി ചുഴലി കൊടുങ്കാറ്റ് വിതച്ച അവസരത്തിലും സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെയും കാണാതായ തൊഴിലാളികളുടെയും കുടുംബങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ പിരിച്ച ഫണ്ടുകളുടെയും മറ്റും കാര്യം നമുക്ക് മറക്കാന്‍ കഴിയില്ല.

ദേശീയ പാര്‍ട്ടികള്‍ മുതല്‍ ഈര്‍ക്കിലിപ്പാര്‍ട്ടികള്‍ വരെ പാര്‍ട്ടി ഫണ്ടിലേക്കും, സമ്മേളനങ്ങള്‍ക്കുമായി ലക്ഷങ്ങളാണ് ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്നത്. കേരള ജനത പ്രളയ ദുരിതം നേരിടുന്ന ഈ വേളയില്‍ വീണ്ടും ബക്കറ്റ് പിരിവുമായ് ഇറങ്ങുന്ന പാര്‍ട്ടികളോട് ഒരു ചോദ്യം. മുമ്പ് നിങ്ങള്‍ പിരിച്ചതില്‍ നിന്ന് ഒരു പങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക്, നല്‍കണോ അതോ വീണ്ടും പിരിവുമായിറങ്ങണോ.? 

ഈ കാര്യത്തില്‍ ഓരോ പാര്‍ട്ടികളും ആത്മപരിശോധന നടത്തണം. പലപ്പോഴും ഇത്തരത്തില്‍ പിരിച്ചെടുക്കുന്നവയെല്ലാം സ്വന്തം കീശയിലേക്ക് തന്നെയാണ് പോകുന്നതെന്ന് മലയാളികള്‍ക്ക് ബോധ്യമായി കഴിഞ്ഞിട്ടുമുണ്ട്.

 ഓഖി ചുഴലി കൊടുങ്കാറ്റ് വിതച്ച അവസരത്തിലും സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെയും കാണാതായ തൊഴിലാളികളുടെയും കുടുംബങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ പിരിച്ച ഫണ്ടുകളുടെയും മറ്റും കാര്യം നമുക്ക് മറക്കാന്‍ കഴിയില്ല. 

അതൊന്നും തന്നെ എത്തെണ്ടവരില്‍ എത്തിയിട്ടുപോലുമില്ല. എന്തിനുമേതിനും ബക്കറ്റ് പിരിവിനിറങ്ങുന്ന ഇത്തരക്കാരെ നാം തിരിച്ചറിയേണ്ടതുണ്ട്.

രേഷ്മ രാധാകൃഷ്ണന്‍, തിരുവനന്തപുരം

ഭക്ഷ്യസാധനങ്ങള്‍ അര്‍ഹതപ്പെട്ടവരിലെത്തിക്കണം

ദുരിതബാധിതര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അവശ്യസാധനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്തകള്‍ അത്യന്തം സങ്കടം സൃഷ്ടിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ അടക്കം ദിവസങ്ങളോളം കെട്ടിക്കിടന്നിട്ടും ഇതു ക്യാമ്പുകളിലേക്ക് എത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തത് പ്രതിഷേധാര്‍ഹമാണ്. ഇവ എത്രയും വേഗം അര്‍ഹതപ്പെട്ടവരിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

സുനില്‍, എറണാകുളം

തെറ്റായ പ്രസ്താവനകളെ കേട്ടില്ലെന്ന് വെയ്ക്കാം

പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്നത് വലിയൊരു ദൗത്യമാണ്. അതിന് വേണ്ടി എല്ലാവരും ഒരുമിച്ച് ഒരേ മനസോടെ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ കഴിയു. ഇതിനിടയില്‍ കല്ലുകടിപോലെ അലോസരപ്പെടുത്തുന്ന ചില പ്രസ്താവനകള്‍ നമുക്ക് കേട്ടില്ല എന്ന് വെയ്ക്കാം. കാരണം നമുക്ക് മുന്നിലുള്ളത് വലിയൊരു ലക്ഷ്യമാണ്.

പ്രളയം എല്ലാം കവര്‍ന്നെടുത്ത് ഇനി എന്ത് എന്ന ചിന്തയോടെ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു ജനതയാണ് നമുക്ക് മുന്നിലുള്ളത്. ഒരു രാത്രിയില്‍ ഇരച്ചെത്തിയ പ്രളയം തകര്‍ത്തെറിഞ്ഞത് ഇതുവരെ അവര്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ എല്ലാമാണ്. ഉടുമുണ്ടും, ജീവനും മാത്രം കൈമുതലായുള്ളവര്‍ക്ക് നേരെ വരുന്ന സഹായഹസ്തങ്ങളെ പിന്‍തിരിപ്പിക്കുന്ന ഏതൊരു പ്രസ്താവനയും ജനം തിരിച്ചറിയണം.

രജിത് മുതുവിള, തിരുവനന്തപുരം

സേവനം ചെയ്തവരെ മറക്കരുത്

കേരളത്തിലെ വെള്ളപ്പൊക്കക്കെടുതി നിവാരണ ശ്രമങ്ങള്‍ക്കായി സായുധസേനകളെ വിന്യസിച്ചതിനെ സംബന്ധിച്ച് വന്ന അഭിപ്രായങ്ങളില്‍ മിക്കതും സായുധസേനകളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നതാണ്. സായുധസേനകളെപ്പറ്റിയുള്ള അറിവില്ലായ്മയാണത് കാണിക്കുന്നത്. ഒരു മന്ത്രിയുടെ പ്രസ്താവന കണ്ടു, പട്ടാളക്കാരന്‍ വന്നാല്‍ യന്ത്രത്തോക്കും പിടിച്ചുകൊണ്ട് നില്‍ക്കുകയേയുള്ളു എന്ന്. അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിട്ട് എന്നു പറഞ്ഞതുപോലെയാണത്. 

പട്ടാളത്തിന് ഇത്തരം അവസ്ഥകളില്‍ ഭരണഘടനാപരമായി പലതും ചെയ്യാനുണ്ട്. നമ്മുടെ സായുധസേനകളെ ശത്രുക്കളായി കാണുന്നതുകൊണ്ടാണ് പ്രശ്‌നം. മേജര്‍ ഹേമന്ത് ചെയ്തതു നോക്കൂ. അദ്ദേഹം സ്വയമേ സ്വന്തം അവധി റദ്ദാക്കിയാണ് രക്ഷാദൗത്യത്തിനായി രംഗത്തിറങ്ങിയത്. കൂടാതെ അവധിയിലായിരുന്ന മറ്റ് പട്ടാളക്കാരോടും കഴിയാവുന്നിടത്തോളം ജീവനുകളും സ്വത്തും സംരക്ഷിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തു. ഇതാണ് പട്ടാളത്തിന്റെ കടമയും പാരമ്പര്യവും.

 കേരളത്തില്‍ അതിശക്തമായ മഴക്കും പ്രളയക്കെടുതികള്‍ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപ്പോള്‍തന്നെ പട്ടാളത്തെ വിളിക്കേണ്ടതും നിയന്ത്രണം അവരെ ഏല്‍പിക്കേണ്ടതും ആയിരുന്നു. എങ്കില്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വരെ ആവശ്യമെങ്കില്‍ അവര്‍ക്ക് തുറക്കാമായിരുന്നു. പിന്നീട് സുപ്രീം കോടതിയില്‍ വിശദീകരിച്ചാല്‍ മതി. കുറെയേറെ മനുഷ്യജീവനും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമായിരുന്നു. പട്ടാളത്തിന് ഇതിനേക്കാള്‍ ഭീഷണമായ വെള്ളപ്പൊക്ക കെടുതികള്‍ വിജയകരമായി കൈകാര്യം ചെയ്ത അനുഭവവും പരിചയവുമുണ്ട്. ആസാമിലേയും ബംഗാളിലേയും വെള്ളപ്പൊക്കങ്ങള്‍ ഉദാഹരണം. ചുരുക്കിപ്പറഞ്ഞാല്‍ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു ഭരണാധികാരികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. എന്നിട്ടും പലയിടത്തും സൈന്യത്തിന്റെ സേവനത്തെ ചെറുതാക്കിക്കാളിക്കാന്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇപ്പോഴും ശ്രമിക്കുന്നു.

കെ. വേലായുധന്‍, കോഴിക്കോട്

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.