പ്രളയം: സഹായവുമായി കോലാപൂര്‍ ആസ്റ്റര്‍ ആധാര്‍ ആശുപത്രിയും

Friday 31 August 2018 1:17 am IST

കൊച്ചി: പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നുള്ള ആസ്റ്റര്‍ ആധാര്‍ ഹോസ്പിറ്റല്‍ സംഘവും. 

ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 750 ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ തീരുമാനിച്ചതിന് പുറമെയാണ്  ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങിയ സംഘം കേരളത്തിലെത്തിയത്. ആലപ്പുഴ, അമ്പലപ്പുഴ,ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലായി 35 മെഡിക്കല്‍ ക്യാമ്പുകളാണ് സംഘം നടത്തിയത്.  പ്രളയബാധിതര്‍ക്ക് ഭക്ഷണവും മറ്റു സാമഗ്രികളും വിതരണം ചെയ്തു. 

കോലാപൂരിലെ സന്നദ്ധസംഘടനകളായ വൈറ്റ് ആര്‍മി, കോര്‍ഗൗങ്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ആസ്റ്റര്‍ ആധാര്‍ സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരാന്‍ വൈകിയ പലയിടങ്ങളിലും സംഘം പ്രളയബാധിതര്‍ക്ക് അവശ്യമരുന്നുകളും ഭക്ഷണസാധനങ്ങളും ലഭ്യമാക്കി. മെഡിക്കല്‍ ക്യാമ്പുകളിലെ അന്തേവാസികളായ കുട്ടികള്‍ക്കായി പഠനോപകരണങ്ങളും സ്‌കൂള്‍ ബാഗുമടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു. 

പ്രളയക്കെടുതികള്‍ക്കിടയിലും കേരളത്തിലെ ജനങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും  സഹകരണമനോഭാവവും സമീപനവും തങ്ങളെ  സ്വാധീനിച്ചതായി ആധാര്‍ ഹോസ്പിറ്റല്‍ വോളന്റിയേഴ്‌സ് സംഘത്തലവന്‍ രവീന്ദ്ര ദേശായി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.