സ്വകാര്യബസ്സുകളുടെ തിങ്കളാഴ്ചത്തെവരുമാനം ദുരിതാശ്വാസ നിധിയിലേക്ക്

Friday 31 August 2018 1:22 am IST

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച കാരുണ്യയാത്ര നടത്തി അന്നത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സംസ്ഥാന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴില്‍ സര്‍വീസ് നടത്തുന്ന പതിനായിരത്തോളം ബസുകള്‍ യാത്ര നടത്തി നേടുന്ന വരുമാനമായിരിക്കും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. ഇടുക്കി,കണ്ണൂര്‍,കാസര്‍കോട് ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓടുന്ന സ്വകാര്യബസുകള്‍ അന്നേ ദിവസം ടിക്കറ്റ് നല്‍കാതെയായിരിക്കും സര്‍വീസ് നടത്തുക. യാത്രക്കാരില്‍ നിന്നും പണം ബക്കറ്റില്‍ ശേഖരിക്കും. ഈ തുക പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കഴിഞ്ഞദിവസം കണ്ണൂര്‍. കാസര്‍കോട് ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ പണം ശേഖരിച്ചിരുന്നു. 

റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്താത്തതിനെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയായതിനാലാണ് ഇടുക്കിയെ ഒഴിവാക്കിയിരിക്കുന്നത്. അന്നേദിവസം വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ ഒഴിവാക്കി  കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സഹായിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.   വാര്‍ത്താസമ്മേളനത്തില്‍ നെല്‍സണ്‍ മാത്യു, കെ.ബി സുനില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.