ഹിസ്ബുള്‍ തലവന്റെ മകന്‍ അറസ്റ്റില്‍

Friday 31 August 2018 1:29 am IST

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ മകനെ എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) അറസ്റ്റു ചെയ്തു. സൗരായിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റായ സയ്യിദ് ഷക്കീല്‍ അഹമ്മദാണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് ധനസമാഹരണം നടത്തിയ കേസിലാണ് അറസ്റ്റ്. സയ്യദ് സലാഹുദ്ദീന്റെ രണ്ടാമത്തെ മകനായ ഷക്കീലിനെ ശ്രീനഗറിലെ രാംബാഗില്‍ വെച്ച് പോലീസിന്റെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൂത്ത സഹോദരനായ ഷാഹിദിനെ ഇതേ കേസുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. 

യുഎസ് ആസ്ഥാനമായ ഒരു അന്താരാഷ്ട്ര കമ്പനി വഴി കേസിലെ മറ്റൊരു പ്രതിയായ അജാസ് അഹമ്മദ് ഭട്ടില്‍ നിന്ന് ഷക്കീല്‍ പണം സ്വീകരിച്ചിരുന്നതായാണ് എന്‍ഐഎ ആരോപണം. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ ഭട്ടുമായി നിരന്തരം ഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ടിരുന്നതായാണ് കണ്ടെത്തല്‍.  ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് ദല്‍ഹി വഴി ഹവാലാ പണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് 2011 ഏപ്രിലിലാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തത്. 

കേസില്‍, പാക്കിസ്ഥാന്‍ അനുകൂല വിഘടനവാദി സയ്യിദ് അലി ഷാ ഗീലാനിയുടെ അടുത്ത അനുയായി ജി.എം. ഭട്ട് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ എന്‍എഐ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ഷക്കീലിന്റെ പിതാവും ഹിസ്ബുള്‍ നേതാവുമായ സയ്യിദ് സലാഹുദ്ദീന്‍. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ചെയര്‍മാനുമാണ് ഇയാള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.