അറസ്റ്റിലായ മാവോയിസ്റ്റുകള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തും നോട്ടപ്പുള്ളികള്‍

Friday 31 August 2018 1:31 am IST
2012-ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ 128 സംഘടനകള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു.

ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍  മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ യുപിഎ ഭരണകാലത്ത് നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചവരായിരുന്നെന്ന് റിപ്പോര്‍ട്ട്. യുപിഎ ഭരണ സമയത്ത് 128 നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചവരായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ 7 പേരുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകരെ പ്രധാനമന്ത്രി വേട്ടയാടുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. 

2012-ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ 128 സംഘടനകള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് പൂനെ പോലീസ് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഏഴ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. വരവര റാവു, സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ്, റോണ വില്‍സണ്‍, അരുണ്‍ ഫെറേരിയ, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, മഹേഷ് ഭട്ട് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍.

അരുണ്‍ ഫെറേരിയ, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ 2007-ല്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. വരവര റാവുവിനെ ആന്ധ്രാപ്രദേശ് പോലീസ് ഒട്ടേറെ തവണ അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന, നിരോധിത സംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനാണ് ഇവരെ അറസ്റ്റു ചെയ്തത്.

മാവോയിസ്റ്റ് സംഘടനകള്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് ഏറെ അനിവാര്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജനാധിപത്യത്തെ അട്ടിമറിച്ച് ജനകീയ യുദ്ധത്തിലൂടെ അധികാരം പിടിക്കാനാണ് ഇവരുടെ ശ്രമം. നഗര കേന്ദ്രീകൃതമായ ഇവരാണ് നിരോധിത മാവോയിസ്റ്റ് സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നതും പണം നല്‍കി സഹായിക്കുന്നതും. ആവശ്യമായ സാധനങ്ങളും ആയുധങ്ങളും സാങ്കേതിക വിദ്യകളും നല്‍കുന്നതും നഗരങ്ങളിലെ ഇത്തരം നേതാക്കളാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു.

2001നു ശേഷം 6956 പേരും 2517 സുരക്ഷാ സൈനികരുമാണ് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. മാത്രമല്ല നക്‌സല്‍ അക്രമങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം അവര്‍ തകര്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.