നല്ല കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

Friday 31 August 2018 2:21 am IST

തിരുവനന്തപുരം:  നല്ല രീതിയിലുള്ള സഹായം കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി.  പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും ഇവിടെയെത്തിയപ്പോള്‍ അവര്‍ക്കൊപ്പം സഞ്ചരിച്ചതാണ്. പ്രളയത്തിന്റെ  ദുരന്തമുഖം കണ്ട് അവര്‍ ഉള്ളില്‍ തട്ടി പ്രതികരിച്ചത്് നേരിട്ടറിഞ്ഞതാണ്.. അതിനാല്‍ നല്ല പ്രതീക്ഷയാണ്. പ്രളയക്കെടുതി വിലയിരുത്താനും പുനരുദ്ധാരണ നടപടികള്‍ ചര്‍ച്ച ചെയ്യാനും ചേര്‍ന്ന  നിയമസഭാ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ചട്ടപ്രകാരമുള്ള സഹായം അല്ല പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മികച്ച പിന്തുണ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.ആഗസ്റ്റ് ഒമ്പതിന് അതിരാവിലെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  കത്തെഴുതിയത്. ഉടന്‍തന്നെ കേന്ദ്രം  പ്രതികരിച്ചു. 7443 സൈനികരാണ് വിവിധ ഭാഗങ്ങളിലായി കേരളത്തിലെത്തിയത്. കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ 74060 പേരെയാണ് രക്ഷപ്പെടുത്തിയത്.

 കേട്ടതിലേറെ സഹായം യുഎഇയില്‍ നിന്നും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലുണ്ടായ ദുരന്തം സ്വന്തം നാടിനുണ്ടായ ദുരന്തമാണെന്ന രീതിയിലാണ് യുഎഇ പരിഗണിക്കുന്നത്. കേരളത്തെ സഹായിക്കാനായി വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

 അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  അനുവദിക്കില്ല. വലിയ ദുരന്തസാധ്യതയുള്ളിടത്ത് ഇനിയും ആള്‍താമസം അനുവദിക്കണോ എന്ന കാര്യത്തില്‍ ആലോചന വേണം. മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടിയ സ്ഥലങ്ങളിലും അതിനു സാധ്യതയുള്ള സ്ഥലങ്ങളിലും ആള്‍താമസം അനുവദിക്കേണ്ടതുണ്ടോ എന്ന്  പരിശോധിക്കണം. വിശദമായ അന്വേഷണത്തിനും പഠനത്തിനും ശേഷമേ  തീരുമാനമെടുക്കാന്‍ സാധിക്കൂ. . 

ദുരന്തനിവാരണ സംവിധാനത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തും.ഓരോ മേഖലകളില്‍ നിന്നും വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തും. പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കേരള പുനര്‍നിര്‍മ്മാണത്തിന്റെ കരട് രൂപരേഖ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തു പാസാക്കും. കാലവര്‍ഷക്കെടുതിയുടെ അനുഭവങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. മത്സ്യത്തൊഴിലാളികളില്‍ നിന്നും മികച്ച ചെറുപ്പക്കാരെ കണ്ടെത്തി തീരരക്ഷാസേനയുടെ ഭാഗമാക്കി നിയമിക്കും. മുഖ്യമന്ത്രിയുടെ മറുപടിക്കു ശേഷം കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന പ്രമേയം സഭ ഐക്യ കണ്‌ഠേന പാസാക്കി. നാശ നഷ്ടങ്ങളുടേയും പുനരധിവാസ- പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും കൃത്യമായ കണക്ക് തയ്യാറാക്കന്‍ പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെടുന്നുണ്ട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.