വാജ്‌പേയിക്ക് നിയമസഭയുടെ അനാദരവ്

Friday 31 August 2018 2:50 am IST
മുന്‍ പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിക്കേണ്ടിവരുമ്പോള്‍ കേരള നിയമസഭ തുടര്‍ന്നുവരുന്ന രീതി വാജ്‌പേയിയുടെ കാര്യത്തില്‍ പാലിക്കാന്‍ ഇന്നലെ നിയമസഭ തയാറായില്ല. അത്തരം സാഹചര്യങ്ങളില്‍ സ്പീക്കര്‍ പ്രത്യേക പരാമര്‍ശം നടത്തുകയും അതിനുശേഷം സഭാനേതാക്കന്മാര്‍ സംസാരിക്കുകയും ചെയ്യും. അന്തരിച്ച നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയുകയുമാണ് പതിവ്. 1957നു ശേഷം തുടര്‍ന്നു വരുന്ന രീതി ഇതാണ്.

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് കേരളനിയമസഭയുടെ അനാദരവ്. മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്ക് ചരമോപചാരം അര്‍പ്പിക്കുമ്പോഴാണ് ഇതുവരെ കേരള നിയമസഭ തുടര്‍ന്നുവന്ന ശൈലിയില്‍ നിന്ന് വ്യതിചലിച്ച് അനാദരവ് കാട്ടിയത്. പ്രളയ ദുരന്തം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സഭാസമ്മളനത്തിന്റെ തുടക്കത്തില്‍ വാജ്‌പേയിക്കും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള, മുന്‍ എംഎല്‍എ പി.കെ. അറുമുഖന്‍ എന്നിവര്‍ക്കും പ്രളയദുരന്തത്തില്‍ മരിച്ചവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വായിച്ചു.

മുന്‍ പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിക്കേണ്ടിവരുമ്പോള്‍ കേരള നിയമസഭ തുടര്‍ന്നുവരുന്ന രീതി വാജ്‌പേയിയുടെ കാര്യത്തില്‍ പാലിക്കാന്‍ ഇന്നലെ നിയമസഭ തയാറായില്ല. അത്തരം സാഹചര്യങ്ങളില്‍ സ്പീക്കര്‍ പ്രത്യേക പരാമര്‍ശം നടത്തുകയും അതിനുശേഷം സഭാനേതാക്കന്മാര്‍ സംസാരിക്കുകയും ചെയ്യും.  അന്തരിച്ച നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയുകയുമാണ് പതിവ്. 1957നു ശേഷം തുടര്‍ന്നു വരുന്ന രീതി ഇതാണ്. 

1964 സപ്തംബര്‍ 2ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റുവിന് ആദരാഞ്ജലിയര്‍പ്പിച്ച് കേരളാ നിയമസഭ പിരിഞ്ഞു. 1984 നവംബര്‍ 5ന് ഇന്ദിരാഗാന്ധിക്കും, 1987 ജൂണ്‍ 5ന് ചരണ്‍സിംഗിനും 1991 ജൂലായ് 2ന് രാജീവ്ഗാന്ധിക്കും ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സഭാസമ്മേളനം പിരിയുകയാണുണ്ടായത്. 1995 ഏപ്രില്‍ 24നാണ് മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് കേരളാ നിയമസഭ ആദരാഞ്ജലിയര്‍പ്പിച്ച് പിരിഞ്ഞത്. 2005 ജനുവരി 29ന് പി.വി.നരസിംഹറാവുവിനും 2007 ജൂലായ് 9ന് എസ്.ചന്ദ്രശേഖര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ച് മറ്റ് നടപടികളിലേക്ക് കടക്കാതെ സഭാസമ്മേളനം അന്നത്തേക്ക് പിരിയുകയാണുണ്ടായത്. 2008 നവംബര്‍ 28നാണ് മുന്‍ പ്രധാനമന്ത്രി വി.പി. സിംഗിന് കേരളാനിയമസഭ ചരമോപചാരം അര്‍പ്പിച്ചത്. 2012 ഡിസംബര്‍ 10ന് ഐ.കെ. ഗുജറാളിനും സഭയുടെ ആദരാഞ്ജലിയര്‍പ്പിച്ചു. ഈ അവസരങ്ങളിലെല്ലാം അന്തരിച്ച വ്യക്തിയെകുറിച്ച് സ്പീക്കര്‍ പ്രത്യേക പരാമര്‍ശം നടത്തുകയും എല്ലാ കക്ഷികളുടെയും നേതാക്കള്‍ അവരെ സ്മരിച്ച് സംസാരിക്കുകയും ചെയ്തു. 

മൊറാര്‍ജി ദേശായി മരിച്ച സമയത്തു തന്നെയാണ് സിറ്റിംഗ് എംഎല്‍എ ആയിരുന്ന ഇമ്പിച്ചിവാവയും അന്തരിച്ചത്. എന്നാല്‍ മൊറാര്‍ജിക്ക് ചരമോപചാരം അര്‍പ്പിച്ച ശേഷം അരമണിക്കൂര്‍ നേരത്തേക്ക് സഭാസമ്മേളനം പിരിയുകയും പിന്നീട് വീണ്ടും ചേര്‍ന്ന് ഇമ്പിച്ചിവാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയുമാണുണ്ടായത്. മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ത്തു പറയുന്ന പതിവും ഇതുവരെയുണ്ടായിട്ടില്ല. മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി അന്തരിച്ച കാലത്ത് കേരളനിയമസഭ പിരിച്ചു വിട്ടിരിക്കുകയായിരുന്നതിനാല്‍ അദ്ദേഹത്തിനു മാത്രമാണ് സഭയുടെ ആദരാഞ്ജലി അര്‍പ്പിക്കല്‍ ഉണ്ടാകാതിരുന്നത്. 

ഇന്നലത്തെത് പ്രളയദുരന്തം ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക സമ്മേളനമായിരുന്നെങ്കിലും വാജ്‌പേയിക്ക് ചരമോപചാരമര്‍പ്പിച്ച ശേഷം അരമണിക്കൂര്‍ പിരിഞ്ഞ് വീണ്ടും ചേരാമെന്ന കീഴ്‌വഴക്കം ഇവിടെയും പാലിക്കാമായിരുന്നു. അതല്ലെങ്കില്‍ രണ്ടു ദിവസത്തെ സമ്മേളനമായി നിശ്ചയിക്കുകയുമാകാമായിരുന്നു. മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന, കേരളത്തിനായി നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ച, ഭാരതരത്‌നം നല്‍കി രാഷ്ട്രം ആദരിച്ച വാജ്‌പേയിക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കുന്നതില്‍ കേരള നിയമസഭയ്ക്ക് വീഴ്ചപറ്റിയെന്നാണ് വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.