വിദേശ സഹായം കേന്ദ്രത്തിന് എതിരായ ഹര്‍ജി തള്ളി

Friday 31 August 2018 2:52 am IST

കൊച്ചി: പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് വിദേശ സര്‍ക്കാരുകള്‍ ധനസഹായം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞെന്നാരോപിച്ച് നല്‍കിയ ഹര്‍ജി  ഹൈക്കോടതി തള്ളി. ഇത്തരം കാര്യങ്ങള്‍ കേന്ദ്രത്തിന്റെ വിദേശ നയത്തിന്റെ ഭാഗമാണെന്നും വിദേശ സഹായം ഉറപ്പു നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളും തെളിവും ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

യുഎഇ സര്‍ക്കാര്‍  വാഗ്ദാനം ചെയ്ത 700 കോടി കേന്ദ്രം തടഞ്ഞെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. എന്നാല്‍  ഇത്തരം വാഗ്ദാനം നല്‍കിയില്ലെന്ന് യുഎഇ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 പ്രളയബാധിതരുടെ പുനരധിവാസം, കേരളത്തിന്റെ പുനര്‍ നിര്‍മ്മാണം എന്നിവയ്ക്ക് വന്‍തുക വേണമെന്നിരിക്കെ വിദേശ സഹായം തടയുന്ന കേന്ദ്രനടപടി നിയമപരമല്ലെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍ വിദേശ നയവും രാജ്യാന്തര ബന്ധങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിന് വിധേയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പ്രശ്‌നം ആഭ്യന്തരമായി കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ വിദേശ സഹായം വേണ്ടെന്ന് വെക്കാന്‍ കഴിയും. മാത്രമല്ല, വിദേശ സഹായം ഉറപ്പു നല്‍കുന്ന രേഖകള്‍ ഹാജരാക്കാനായിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. എറണാകുളം കളമശേരി സ്വദേശികളായ അരുണ്‍ ജോസഫ്, അഷ്‌കര്‍ ബാബു എന്നിവരാണ് പൊതു താല്പര്യ ഹര്‍ജി നല്‍കിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.