കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെതിരായ ഹര്‍ജിയില്‍ വാദം ജനുവരി 19ന്

Friday 31 August 2018 12:54 pm IST
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. മുന്‍പ്, ഹര്‍ജി പരിഗണിക്കവെ 60 വര്‍ഷമായി നിലനില്‍ക്കുന്നതാണ് അനുഛേദം 35-എ എന്ന് ദീപക്ക് മിശ്ര നിരീക്ഷിച്ചിരുന്നു.

ന്യൂദല്‍ഹി: ജമ്മു-കശ്മീരിനു പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എ വകുപ്പിനെതിരായി സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ജനുവരി 19നാവും ഈ ഹര്‍ജികളില്‍ വാദം നടക്കുക.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. മുന്‍പ്, ഹര്‍ജി പരിഗണിക്കവെ 60 വര്‍ഷമായി നിലനില്‍ക്കുന്നതാണ് അനുഛേദം 35-എ എന്ന് ദീപക്ക് മിശ്ര നിരീക്ഷിച്ചിരുന്നു.

വാദം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചശേഷമാണ് കോടതി നിര്‍ണ്ണയം അറിയിച്ചത്. വാദം മാറ്റിവയ്ക്കാനുള്ള കാരണമായി ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചത് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പാണ്. 

ഇതിന് മുന്‍പ് ഈ മാസം രണ്ടു തവണ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റി വച്ചിരുന്നു. ഭൂ ഉടമസ്ഥത, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ നിയമ നിര്‍മാണം നടത്താന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാറിന് പ്രത്യേക അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 35-എ വകുപ്പ്. അതുകൂടാതെ, ഈ നിയമപ്രകാരം കശ്മീരില്‍ ഭൂമി വാങ്ങുന്നതിന് മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വിലക്കുണ്ട്. തൊഴില്‍, ആനുകൂല്യങ്ങള്‍ എന്നിവക്കും ഈ നിയന്ത്രണം ബാധകമാണ്. 

അതുകൂടാതെ, ഈ വകുപ്പ് ജമ്മു-കശ്മീരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വിവേചനവും സൃഷ്ടിക്കുന്നുണ്ട്. അഥവാ ജമ്മു-കശ്മീല്‍ നിന്നുള്ള പെണ്‍കുട്ടി കശ്മീരിന് വെളിയിലുള്ള പുരുഷനെ വിവാഹം  ചെയ്താല്‍ അവള്‍ക്ക് പൈതൃക സമ്പത്തിലുള്ള അവകാശം നഷ്ടപ്പെടും. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് ഇത് ബാധകമല്ല. 

ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജമ്മു-കശ്മീരില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.