നദികളിലും ജലാശയങ്ങളിലും പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും വലിച്ചെറിയരുത്

Friday 31 August 2018 6:36 pm IST

തിരുവനന്തപുരം: പ്രളയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും മറ്റ് മാലിന്യങ്ങളും വീണ്ടും നദികളിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയരുതെന്ന്  സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.  

പല പ്രദേശങ്ങളിലും ഇത്തരത്തില്‍ പാഴ്‌വസ്തുക്കള്‍ ജലാശയങ്ങളിലേക്ക് വീണ്ടും വലിച്ചെറിയുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.  ഇത്തരം നടപടികള്‍ ഇന്ത്യന്‍ ശിക്ഷാനിയമം, കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട്, പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി ആക്ടുകള്‍ തുടങ്ങി വിവിധ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. ഇവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി  നിര്‍ദേശം നല്‍കി.  ഇതിനകം തന്നെ ഇത്തരം സംഭവങ്ങളില്‍ ഏതാനും  കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.   

പ്രളയത്തെത്തുടര്‍ന്നുണ്ടായ പാഴ്‌വസ്തുക്കളും മാലിന്യങ്ങളും സംസ്‌കരിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ഇതു ബോധവത്കരണം നടത്തണമെന്നും ജില്ലാ പോലീസ് മേധാവിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ജനമൈത്രി സമിതികള്‍, വിവിധ സംഘടനകള്‍  എന്നിവയുടെ സഹായത്തോടെ ക്യാംപയിനുകള്‍ സംഘടിപ്പിക്കുന്നതിനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.