കശ്മീരില്‍ പോലീസുദ്യോഗസ്ഥരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയി

Friday 31 August 2018 7:39 pm IST

ശ്രീനഗര്‍: ആഗോള ഭീകരനും ഹിസ്ബുള്‍ മുജാഹിദിന്‍ തലവനുമായ സയീദ് സലാഹുദ്ദിന്റെ മകന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഭീകരര്‍ ദക്ഷിണ കശ്മീരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ചയാണ് സലാഹുദീന്റെ മകനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വൈകീട്ടോടെ നാലു ജില്ലകളിലെ ആറു പോലീസുകാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയാണ് ഭീകരര്‍ ഏഴു പേരെ തട്ടിക്കൊണ്ടു പോയത്. 

ഏഴു പേരെയല്ല പതിനൊന്നു പേരെ തട്ടിക്കൊണ്ടു പോയെന്നാണ് ഇനിയും തിട്ടപ്പെടുത്താത്ത കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സംഭവത്തില്‍ അപലപിച്ച നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയും പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയും വ്യക്തമാക്കി. ഷോപ്പിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ്, അവന്തിപോര ജില്ലകളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാന്‍ ജില്ലയിലെ ട്രെന്‍സ് പ്രദേശത്ത് നിന്നും ഡെപ്യൂട്ടി സൂപ്രണ്ടിന്റെ അനന്തരവനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 

അദ്‌നന്‍ അഹമ്മദ് ഷാ (26)നെയാണ് രാത്രിയോടെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. കൂടാതെ ഷോപ്പിയാനിലെ വാത്തൂ ഗ്രാമത്തില്‍ നിന്നും പോലീസുദ്യോഗസ്ഥന്റെ മകനായ യാസിര്‍ ഭട്ടിനെയും ഭീകരര്‍ തട്ടിക്കൊണ്ടു പോയി. യാസിന്റെ പിതാവ് ഇപ്പോള്‍ ഹജ്ജ് തീര്‍ഥാടനത്തിലാണ്. പുല്‍വാമ ജില്ലയില്‍ നിന്ന് വ്യാഴാഴ്ച ഒരു പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. മര്‍ദിച്ചവശനാക്കിയ ശേഷം ഇദ്ദേഹത്തെ പിന്നീട് മോചിപ്പിച്ചു.

ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ സുരക്ഷാസേന ഇവരുടെ ബന്ധുക്കളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സയീദിന്റെ മകന്റെ അറസ്റ്റിനു പുറമെയാണിത്. അറസ്റ്റിലായവരെ മോചിപ്പിക്കാനുള്ള ഭീകരരുടെ സമ്മര്‍ദതന്ത്രമാണെന്ന് സുരക്ഷാസേന വ്യക്തമാക്കി. കശ്മീരില്‍ നടന്നു വരുന്ന 28 വര്‍ഷത്തെ പോരാട്ടത്തിനിടെ ആദ്യമായാണ് ഭീകരര്‍ പോലീസുദ്യോഗസ്ഥരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ ഭീകരരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദക്ഷിണ കശ്മീരില്‍ പലയിടങ്ങളിലും ഗ്രാമീണര്‍ സുരക്ഷാസേനയ്ക്കെതിരെ പ്രതിഷേധിച്ചു തെരുവിലിറങ്ങി. ഷോപ്പിയാനില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സൈനികള്‍ ഭീകരരുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ചതായും പ്രദേശവാസികള്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.