ഒരു മാസത്തിനിടെ രണ്ടു പ്രളയം;കരകയറാതെ കുട്ടനാട്

Saturday 1 September 2018 2:26 am IST

ആലപ്പുഴ: പ്രളയക്കെടുതി വിട്ടൊഴിയാതെ കുട്ടനാട്ടുകാര്‍. ഒരു മാസത്തിനിടെ രണ്ടു പ്രളയത്തെയാണ് കുട്ടനാട്ടുകാര്‍ നേരിട്ടത്. ജൂലൈ 16നാണ് കുട്ടനാട്ടില്‍ ആദ്യം വെള്ളം ഉയരുന്നത്. കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ മഹാപ്രളയവും കുട്ടനാടിനെ വിഴുങ്ങി. ആദ്യ പ്രളയകാലം മുതല്‍ ദുരിതം അനുഭവിക്കുകയാണ് കുട്ടനാട്ടുകാര്‍. പ്രളയ കെടുതിയില്‍ നിന്ന് സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങള്‍ കരകയറി തുടങ്ങിയപ്പോള്‍ കുട്ടനാട്ടിലെ കൈനകരിയടക്കമുള്ള പഞ്ചായത്തുകളില്‍ വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 

 ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് നിര്‍ബന്ധിച്ച് മടക്കി അയക്കുന്നതിനാല്‍ ബന്ധുവീടുകളും, ആലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വാടകവീടുകളുമാണ് പലര്‍ക്കും അഭയം. തൊഴിലില്ലാത്തതിനാല്‍ വാടകപോലും കൊടുക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറയുന്നു. വീടുകളിലേക്ക് മടങ്ങിയവരുടെ അവസ്ഥയാണ് പരിതാപകരം. ഒന്നര മാസത്തോളമായി വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ എപ്പോള്‍ നിലംപതിക്കുമെന്ന് പറയാനാകില്ല. കൈനകരി പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം വീടുകളും തകര്‍ച്ചാ ഭീഷണയിലാണ്. പല വീടുകള്‍ക്കും ചരിവ് സംഭവിച്ച് കഴിഞ്ഞു. ഇവിടങ്ങളില്‍ ഏങ്ങനെ താമസിക്കുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. 

തകര്‍ന്ന വീടുകള്‍ ഏപ്പോള്‍ പുനര്‍നിര്‍മിക്കുമെന്നോ, അറ്റകുറ്റപണി നടത്താന്‍ സഹായധനം എപ്പോള്‍ നല്‍കുമെന്നോ യാതൊരു എത്തും പിടിയുമില്ല. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ പ്രഹസനങ്ങളായി മാറി. 

എല്ലാം സുഭദ്രമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാരും പിന്മാറിയ അവസ്ഥയാണ്. പ്രാഥമികകൃത്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളുടെ കുറവാണ് മറ്റൊരു പ്രശ്‌നം. കക്കൂസുകളുടെ സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന് കക്കൂസുകള്‍ വെള്ളംകയറി ഉപയോഗ ശൂന്യമായി.  

  മറ്റൊരു പ്രധാന പ്രശ്‌നം ശുദ്ധജലദൗര്‍ലഭ്യമാണ്. കിണറുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമാണ്. ചെളിയും മാലിന്യവും കിണറുകളില്‍ നിറഞ്ഞു. 

ആറുകളിലെ വെള്ളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണ്. കൂടാതെ മറ്റു പ്രദേശങ്ങളില്‍ നിന്ന് കന്നുകാലികളുടെ ശവശരീരങ്ങളും, മാലിന്യങ്ങളും കുട്ടനാട്ടില്‍ അടിയുകയാണ്. പകര്‍ച്ചവ്യാധി ഭീഷണിയും തലപൊക്കിക്കഴിഞ്ഞു. സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകള്‍ എത്തിക്കുന്ന ശുദ്ധജലമാണ് കുട്ടനാട്ടുകാരുടെ ആശ്രയം.

 വരും ദിവസങ്ങളില്‍ കുട്ടനാട് നേരിടുന്ന പ്രധാന വെല്ലുവിളി പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനമാണ്. പാടശേഖരത്തിന്റെ പുറംബണ്ടില്‍ താമസിക്കുന്നവരുടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. മോട്ടോര്‍വച്ച്  വെള്ളം അടിച്ച്കളയുക എന്നതാണ് ആകെയുള്ള മാര്‍ഗം. എന്നാല്‍ ഇവിടുത്തെ മോട്ടോറുകളെല്ലാം വെള്ളത്തിനടിയിലാണ്. കൂടിയ ശേഷിയുള്ള  മോട്ടോര്‍ ഉപയോഗിച്ച് കുറഞ്ഞത് ഒരാഴ്ചയെങ്കിലും വെള്ളം പുറത്തേക്ക് ഒഴുക്കിയാലേ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുകയുള്ളു. 

പാടശേഖരകമ്മറ്റികളോട് വെള്ളം പമ്പ് ചെയ്ത് കളയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും പണം ഇല്ലെന്ന പരിദേവനമാണ് അവര്‍ക്ക്. പമ്പിങ്ങിനുള്ള പണം സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കിയാല്‍ മാത്രമെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.