തകരാറിലായ ജലവൈദ്യുത പദ്ധതികള്‍ നന്നാക്കുന്നത് വൈകുന്നു

Saturday 1 September 2018 7:00 am IST

ഇടുക്കി: മഹാപ്രളയത്തിന് ശേഷം കെഎസ്ഇബി ബോര്‍ഡിന് ആശ്വാസമായി വൈദ്യുതി ഉപഭോഗം ഉയരുമ്പോഴും വൈദ്യുത പദ്ധതികളിലെ തകരാര്‍ വിടാതെ പിന്തുടരുന്നു. 340 മെഗാവാട്ടിന്റെ കുറവാണ് നിലവില്‍ ഉള്ളത്. സംസ്ഥാനത്തെ അഞ്ച് ജലവൈദ്യുത പദ്ധതികള്‍ തകരാറില്‍ ആയതും താല്‍ച്ചര്‍ നിലയത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 70 മെഗാവാട്ട് കുറവ് വന്നതുമാണ് പ്രതിസന്ധിക്ക് കാരണം.

ആഗസ്റ്റ് 15നാണ് സംസ്ഥാനത്തെ ഏഴ് വൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം ചെളിവെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിയത്. പിന്നീട് രണ്ടെണ്ണത്തിന്റെ തകരാര്‍ പരിഹരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ പൊരിങ്ങല്‍കുത്ത്, ലോവര്‍ പെരിയാര്‍, പന്നിയാര്‍, കുത്തുങ്കല്‍, മണിയാര്‍ എന്നിവിടങ്ങളിലാണ് ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുന്നത്. 

സംസ്ഥാനത്തെ ആദ്യ സ്വകാര്യ പവര്‍ഹൗസായ കുത്തുങ്കല്‍ രാജാക്കാടിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഉരുള്‍പൊട്ടി കെട്ടിടത്തിന്റെ ഉള്ളിലടക്കം ചെളിയും കല്ലും നിറഞ്ഞതിനെ തുടര്‍ന്ന് ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. പവര്‍ഗ്രിഡ് ലൈനിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പൊരിങ്ങല്‍കുത്ത് ഡാം നിറഞ്ഞൊഴുകയതിനെ തുടര്‍ന്ന് ചെളികയറി പൈപ്പുകള്‍ അടഞ്ഞിരിക്കുകയാണ്. ജനറേറ്ററിന്റെ കൂളറില്‍ ചെളിവെള്ളം കയറിയ പന്നിയാര്‍, ലോവര്‍ പെരിയാര്‍ എന്നിവ ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മണിയാറിലെ കൃത്യമായ തകരാര്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ലോവര്‍ പെരിയാറിന് 176 മെഗാവാട്ടിന്റെ ഉല്‍പ്പാദന ശേഷിയാണുള്ളത്. ഇത് അടിയന്തരമായി പ്രവര്‍ത്തിപ്പിക്കാനായാല്‍ പുറത്തുനിന്ന് പണം നല്‍കി വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാകും.

പ്രളയ സമയങ്ങളില്‍ 38 ദശലക്ഷം യൂണിറ്റ് വരെയായി കുറഞ്ഞ ഉപഭോഗം ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 63.6155 എത്തി. 31.9472 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചപ്പോള്‍ 31.6683 ദശലക്ഷം യൂണിറ്റ് കേന്ദ്രപൂളില്‍ നിന്ന് എത്തിച്ചതാണ്. താല്‍ച്ചര്‍ താപവൈദ്യുത നിലയത്തില്‍ തകരാര്‍ മൂലമാണ് അവിടെ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് വന്നത്.

ഉപഭോഗം കൂടിയതിന്റെ അടിസ്ഥാനത്തില്‍ പുറമെ നിന്ന് ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തിലുള്ള വിഹിതം കൂട്ടാനുള്ള ശ്രമം വൈദ്യുതി വകുപ്പ് ആരംഭിച്ചു. സാധാരണ ഗതിയില്‍ മഴക്കാലത്ത് പുറമെ നിന്നുള്ള അളവ് കുറച്ച് ആഭ്യന്തര ഉത്പാദനം കൂട്ടുകയാണ് പതിവ്. ജാബുവ, താല്‍ച്ചര്‍ അടക്കമുള്ള താപ വൈദ്യുത നിലയങ്ങളിലെ തകരാര്‍ പരിഹരിക്കുന്നതിനായാണ് ഇത്തരത്തില്‍ ഉല്‍പ്പാദനം കൂട്ടുന്നത്. ആവശ്യമായ വൈദ്യുതി എത്തിച്ച് പവര്‍ കട്ട് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

 ബോര്‍ഡിന് നഷ്ടം കോടികള്‍

രണ്ടാഴ്ചയായി പവര്‍ ഹൗസുകള്‍ തകരാറിലായതോടെ കെഎസ്ഇബിക്ക് നഷ്ടം കോടികള്‍. ആവശ്യത്തിലധികം വെള്ളം ഡാമുകളിലുള്ള സമയത്താണ് ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകുന്നത്. ഇതോടെ ഈ വെള്ളം വെറുതെ ഒഴുക്കിക്കളയേണ്ട അവസ്ഥയാണ്. 6.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് അഞ്ച് പവര്‍ ഹൗസുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലമുള്ളത്. 

രണ്ടാഴ്ചയായി ഇത് തുടരുന്നതോടെ ശരാശരി നാല് കോടിയാണ് ബോര്‍ഡിന് നഷ്ടമായത്. കുത്തുങ്കലില്‍ 22.5 മെഗാവാട്ടാണ് ഉത്പാദന ശേഷി. ഇത് കെഎസ്ഇബി വാങ്ങിയ ശേഷം പാലക്കാട് ഇതേ കമ്പനിക്കുള്ള സംരഭത്തില്‍ സൗജന്യമായി വൈദ്യുതി നല്‍കുകയാണ് ചെയ്തുവന്നിരുന്നത്. മാസ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനവും കുറച്ചിരിക്കുകയാണ്. ഇവിടെ നിന്ന് 20-25 മെഗാവാട്ടിന്റെ കുറവാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.