ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പാലടയും ബീഫും ചിക്കനും

Saturday 1 September 2018 7:34 am IST

ബാലുശ്ശേരി (കോഴിക്കോട്): തിരുവോണവും പെരുന്നാളും ആഘോഷമാക്കാതെ പ്രളയക്കെടുതിയില്‍  ദുരിതമനുഭവിക്കുന്നവരോടൊപ്പം നിന്ന കേരളത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളിലെ ആഘോഷത്തിന് ഒരു കുറവുമില്ല. ദുരന്തമുഖത്തും ഡിവൈഎഫ്‌ഐ സമ്മേളനങ്ങള്‍ ആര്‍ഭാടത്തോടെ. ബാലുശ്ശേരിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രണ്ട് ദിവസവും വിളമ്പിയത് ചിക്കനും ബീഫും പാലട പ്രഥമനും. പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിച്ചവരില്‍ പലരും ഭക്ഷണത്തിന് സര്‍ക്കാരും സന്നദ്ധ സംഘടനകളും നല്‍കുന്ന ഭക്ഷണക്കിറ്റുകളെ ആശ്രയിക്കുമ്പോഴാണ് ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ ആര്‍ഭാടം. 

സമ്മേളനത്തിന്റെ ഒന്നാം ദിവസം പ്രതിനിധികള്‍ക്ക്  പായസവും ചിക്കന്‍ പൊരിച്ചതും നല്‍കിയാണ് സമ്മേളനം ആഘോഷമാക്കിയത്. രണ്ടാം ദിവസവും വിഭവങ്ങള്‍ക്ക് കുറവുണ്ടായില്ല. സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടങ്ങളും ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഓണം, പെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ കേരളീയര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭ സഹായം നല്‍കിയത്. ഇതിനിടയിലാണ് ഡിവൈഎഫ്‌ഐയുടെ സമ്മേളന മാമാങ്കവും സദ്യവട്ടവും. ജനം ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും സമ്മേളനം കൊഴുപ്പിക്കുകയായിരുന്നു ഡിവൈഎഫ്‌ഐ. സമ്മേളനത്തോടനുബന്ധിച്ച് പ്രചാരണത്തിന് ചെലവാക്കിയതും ലക്ഷങ്ങള്‍. 

ജില്ലയിലെങ്ങും കൂറ്റന്‍ കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രളയദുരിതബാധ കാരണം പൊതുസമ്മേളനം ഒഴിവാക്കി ചെലവ് ചുരുക്കുകയാണെന്ന പ്രചാരണവും ഇവര്‍ നടത്തിയിരുന്നു. ബാലുശ്ശേരി ഹൈസ്‌കൂള്‍ റോഡില്‍ അഭിമന്യു നഗറിലാണ് രണ്ടു ദിവസത്തെ സമ്മേളനം നടന്നത്. ദേശീയ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനം ഇന്നലെ സമാപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.