കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍

Saturday 1 September 2018 8:00 am IST

കൊച്ചി: പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലയുേമ്പാള്‍ കെഎസ്ആര്‍ടിസി താത്ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഇവരില്‍ പലരും വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരാണ്.

ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് പലയിടങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നുണ്ട്. വിവിധ ഡിപ്പോകളിലായി 25 ശതമാനം സര്‍വീസുകളാണ് സംസ്ഥാനത്ത് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിന്റെ മറവിലാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്.

2327 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനാണ് നോട്ടീസ് നല്‍കിയത്. ഇന്നു മുതല്‍ ജോലിക്ക് ഹാജരാകേണ്ടെന്ന് ഉത്തരവില്‍ പറയുന്നു. പ്രളയദുരന്തത്തില്‍പ്പെട്ട് സര്‍വതും നഷ്ടപ്പെട്ട ജീവനക്കാരും പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ചവരില്‍പ്പെടുന്നു. 12 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് വിഭാഗം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

ബ്ലാക്ക്‌സ്മിത്ത,് സിഎല്‍ആര്‍ ബ്ലാക്ക്‌സ്മിത്ത്, അപ്‌ഹോള്‍സറി എന്നീ വര്‍ക്ക്‌ഷോപ്പ് വിഭാഗം ജീവനക്കാരെ പിരിച്ചുവിടാനാണ് ഉത്തരവ് ഇറക്കിയത്. ബസുകളുടെ ബോഡി നിര്‍മാണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതാണ് ഇവര്‍ക്ക് പണിയില്ലാതായത്. ആലുവ, ചെങ്ങന്നൂര്‍. റാന്നി, കുട്ടനാട് തുടങ്ങി പ്രളയക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളിലെ ജീവനക്കാരാണ്  നോട്ടീസ് ലഭിച്ചവരില്‍ അധികവും. കിടപ്പാടം പ്രളയത്തില്‍ മുങ്ങിയതിനു പിന്നാലെ ആകെയുണ്ടായിരുന്ന ജോലി കൂടി നഷ്ടമായത് ജീവനക്കാര്‍ക്ക് കനത്ത പ്രഹരമായി.പന്ത്രണ്ട് വര്‍ഷം  പണിയെടുത്തിട്ടും നോട്ടീസ് നല്‍കിയ ജീവനക്കാര്‍ക്ക് ഇഎസ്‌ഐയോ ഇപിഎഫോ കോര്‍പ്പറേഷന്‍ അടച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാലുടന്‍ കെഎസ്ആര്‍ടിസിയിലെ എല്ലാ വിഭാഗം താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നവരുടെ ഭരണത്തിലാണ് കൂട്ടപിരിച്ചുവിടല്‍.

കാരണമൊന്നും പറയാതെയാണ് പിരിച്ചുവിടുന്നത്. ആലുവ ഡിപ്പോയിലെ പത്ത് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇവരില്‍ ഏഴുപേരും ബ്‌ളാക്ക് സ്മിത്ത് തസ്തികയിലുള്ളവരാണ്. മൂന്നു പേര്‍ അപ്‌ഹോള്‍സ്റ്റര്‍മാരും.ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബോണസോ ഉത്സവബത്തയോ നല്‍കിയിട്ടുമില്ല. ഒരിറിയിപ്പുമില്ലതെ പിരിച്ചുവിട്ടതോടെ ഇവര്‍ പെരുവഴിയിലായിരിക്കുകയാണ്. ഇവരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്താണ് തൊഴില്‍ നഷ്ടമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.