സേനാവിഭാഗങ്ങളുടെ അനുമോദനം ആഘോഷമാക്കി സര്‍ക്കാര്‍

Saturday 1 September 2018 6:40 am IST

തിരുവനന്തപുരം : പ്രളയക്കെടുതി നേരിടുന്നതില്‍ പങ്ക് വഹിച്ച വിവിധ സേനാവിഭാഗങ്ങളെ അനുമോദിക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങ് സര്‍ക്കാര്‍ ആഘോഷമാക്കുന്നു.  കേരളാ പോലീസ്, അഗ്നിരക്ഷാസേന, വനം, എക്‌സൈസ്, ജയില്‍, മോട്ടോര്‍ വാഹന വകുപ്പുകള്‍ എന്നീ സേനാ വിഭാഗങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങാണ് ആഘോഷമാക്കുന്നത്. അനുമോദനത്തിന്റെ പേരില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ബറ്റാലിയനുകളിലും നിന്നും പോലീസ് സേനാംഗങ്ങളെ ദിവസങ്ങള്‍ക്കുമുമ്പേ തലസ്ഥാനത്തെത്തിച്ച് പരിശീലനം നടത്തി പരേഡ് നടത്തിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് സംയുക്ത പരേഡ് നടക്കും. പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. 

 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതിനിടെ വിവിധ ബറ്റാലിയനുകളില്‍ നിന്നുള്ള പ്ലറ്റൂണുകളെയാണ് പരേഡിന്റെ പേരില്‍ ആഗസ്റ്റ് 27 മുതല്‍ തലസ്ഥാനത്തെത്തിച്ചത്. പ്രളയക്കെടുതിയില്‍ ജനം ദുരിതമനുഭവിക്കുമ്പോഴാണ് മുഖ്യമന്ത്രിക്ക് അഭിവാദ്യം നല്‍കാന്‍ വേണ്ടി മാത്രം 600 ലധികം വരുന്ന സേനാംഗങ്ങളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. എംഎസ്പി മലപ്പുറം,  എസ്എപി (തിരുവനന്തപുരം), കെഎപി-1 (തൃശൂര്‍), കെഎപി-2 (പാലക്കാട്), കെഎപി-3 (അടൂര്‍), കെഎപി-4 (കണ്ണൂര്‍), കെഎപി-5 (കുട്ടിക്കാനം, ഇടുക്കി), ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ (മലപ്പുറം), റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് (ആര്‍ആര്‍ആര്‍എഫ്, മലപ്പുറം), വനിതാ ബറ്റാലിയന്‍ (തിരുവനന്തപുരം), വനിതാ കമാന്‍ഡോസ് (മലപ്പുറം), ആറ് ജില്ലകളില്‍ നിന്നുള്ള ലോക്കല്‍ പോലീസ്, വിവിധ ജില്ലകളിലെ സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍, മറ്റു സേനാവിഭാഗങ്ങള്‍ എന്നിവരാണ് പരേഡില്‍ പങ്കെടുക്കുന്നത്. ഇതിലെ ഭൂരിപക്ഷം ബറ്റാലിയനുകളും പ്രളയബാധിതമേഖലകളില്‍ നിന്നുള്ളവരാണ്. പരേഡില്‍ പങ്കെടുക്കാനെത്തിയവരില്‍ ബഹുഭൂരിപക്ഷവും അവധി പോലുമില്ലാതെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരും. ആര്‍ആര്‍ആര്‍എഫ് ആകട്ടെ ദുരന്തനിവാരണത്തിന് പ്രത്യേകം പരിശീലനം ലഭിച്ചവരുള്ള യൂണിറ്റുമാണ്. ജനങ്ങളോട് മാസ ശമ്പളം ആവശ്യപ്പെടുന്ന സര്‍ക്കാര്‍, പക്ഷേ ലളിതമായി നടത്താവുന്ന ചടങ്ങിനു വേണ്ടി ചെലവഴിക്കുന്ന ധൂര്‍ത്ത് വേറെയും. വിവിധ ജില്ലകളില്‍ നിന്നുള്ളവരുടെ യാത്രാചെലവുകള്‍, പരിശീലനദിനങ്ങളിലെ ഭക്ഷണചെലവുകള്‍, അലവന്‍സുകള്‍, പരേഡിനു വേണ്ട ചെലവുകള്‍ ഇവയൊക്കെ ഒഴിവാക്കാവുന്നവായായിരുന്നു. വിവിധ വകുപ്പ് മേധാവികള്‍ മാത്രം അതത് സേനാവിഭാഗങ്ങള്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങുന്ന ചടങ്ങിനു വേണ്ടിയാണ് ഇത്രയും സന്നാഹം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.