എംഎല്‍എമാരോടും കടക്ക് പുറത്ത്

Saturday 1 September 2018 3:45 am IST

അവസാനം സിപിഎം എംഎല്‍എമാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ അത് പറഞ്ഞിരിക്കുന്നു- കടക്ക് പുറത്ത്. പ്രളയദുരിതത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഭരണകക്ഷി എംഎല്‍എമാരായ രാജു എബ്രഹാം, സജി ചെറിയാന്‍, ഒ.ആര്‍. കേളു എന്നിവരെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെയും, ജനങ്ങള്‍ക്ക് യഥാസമയം വിവരങ്ങള്‍ നല്‍കാതെയും അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിനിടയാക്കിയതെന്നും, സര്‍ക്കാരിന്റെ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും അഭിപ്രായപ്പെട്ടതാണ് ഈ എംഎല്‍എമാര്‍ക്ക് ചര്‍ച്ചയില്‍ വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്.

ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ ഒന്നിച്ചു തുറന്നതാണ് പ്രളയകാരണമെന്ന് റാന്നി എംഎല്‍എ രാജു എബ്രഹാം പറഞ്ഞിരുന്നു. അടിയന്തര സഹായം എത്തിയില്ലെങ്കില്‍ ആയിരങ്ങള്‍ ഒലിച്ചുപോകുമെന്നാണ് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വിലപിച്ചത്. വയനാട്ടില്‍ മണ്ണിടിഞ്ഞ് ജനങ്ങള്‍ ഒറ്റപ്പെട്ടെന്നും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നുമാണ് മാനന്തവാടി എംഎല്‍എ കേളു വിമര്‍ശിച്ചത്.

എന്തുകൊണ്ടാണ് ഈ എംഎല്‍എമാരെ നിയമസഭയില്‍ സംസാരിക്കാന്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കാതിരുന്നതെന്ന് വ്യക്തം. പ്രളയദുരന്തം സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും, രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ വന്‍പരാജയമാണെന്നുമുള്ള വിമര്‍ശനം ഇപ്പോള്‍ ശക്തമാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഭരണകക്ഷി എംഎല്‍എമാര്‍തന്നെ നിയമസഭയില്‍ പറയുമ്പോള്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയും മറ്റും വിയര്‍ക്കും. പ്രളയത്തിന്റെ കാര്യത്തില്‍ തങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ വിഴുങ്ങി നിയമസഭയില്‍ ഈ എംഎല്‍എമാര്‍ മാറ്റിപ്പറഞ്ഞാല്‍ അതുതന്നെ വലിയ ചര്‍ച്ചാവിഷയമാകും. അങ്ങേയറ്റം പ്രതികൂലമായ ഈ സാഹചര്യം ഒഴിവാക്കാനാണ് എംഎല്‍എമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്ന ജനവിരുദ്ധ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

കേരളത്തിലെ ജനങ്ങളെ ദുരന്തത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ട പ്രളയം പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് സംഭവിച്ചതാണ്. പ്രൊഫ. മാധവ് ഗാഡ്ഗിലിനേയും മേധാ പട്ക്കറെയുംപോലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഇതിനൊന്നും വ്യക്തമായ മറുപടിയില്ലാതെ വൈദ്യുതിമന്ത്രി എം.എം. മണിയെക്കൊണ്ടും കെഎസ്ഇബിയെക്കൊണ്ടും അസത്യപ്രസ്താവനകള്‍ നടത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ക്ക് ജനജീവിതത്തിന്റെ സമഗ്ര മേഖലകളിലും പാര്‍ട്ടി വാഴ്ച നടത്താനല്ലാതെ ഒന്നുമറിയില്ലെന്ന് പ്രളയദുരന്തവും തെളിയിച്ചു. 

ആവശ്യമുള്ള എന്തു സഹായവും നല്‍കുമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തി തങ്ങളുടെ വീഴ്ച മറച്ചുപിടിക്കാനും പിണറായിയും സിപിഎമ്മും ശ്രമിക്കുന്നുണ്ട്. യുഎഇയില്‍നിന്ന് ലഭിക്കാത്ത 700 കോടിയുടെ കണക്കും പൊക്കിപ്പിടിച്ച് രാജ്യത്തെ നാണംകെടുത്താനും ഇക്കൂട്ടര്‍ ശ്രമിച്ചു.

നിയമസഭയില്‍ സ്വന്തം അവകാശം നിഷേധിക്കപ്പെട്ട എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതാക്കളായിരിക്കാം. പക്ഷേ അവര്‍ ജനപ്രതിനിധികളുമാണ്. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ബാധ്യസ്ഥരാണ്. ഇതിന് അനുവദിക്കാതിരുന്നത് സ്വേച്ഛാധിപത്യപരവും ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് തുല്യവുമാണ്. ജനാധിപത്യത്തെ വെറും അടവുനയമായാണ് സിപിഎം കൊണ്ടുനടക്കുന്നത്. നിയമസഭയ്ക്കകത്തുതന്നെ ആക്രമണമഴിച്ചുവിട്ട് ഇതവര്‍ ആവര്‍ത്തിച്ച് തെളിയിച്ചിട്ടുമുണ്ട്. 

ഈ ജനാധിപത്യ വിദേ്വഷം ഇപ്പോള്‍ സ്വന്തം എംഎല്‍എമാര്‍ക്കെതിരെയും പ്രകടിപ്പിക്കുന്നു എന്നുമാത്രം. പാര്‍ട്ടി സെക്രട്ടറിയുടെ കുപ്പായം അഴിച്ചുവച്ചിട്ടില്ലാത്ത പിണറായിക്ക് ഭീഷണിപ്പെടുത്താനല്ലാതെ ഭരിക്കാന്‍ അറിയില്ല. പക്ഷേ, നിയമസഭ പാര്‍ട്ടി വേദിയല്ലെന്ന് മറക്കരുത്. എംഎല്‍എമാരോടുള്ള ധാര്‍ഷ്ട്യം അനുവദിച്ചുകൊടുത്താല്‍ ജനാധിപത്യ പ്രഹസനമാവുമെന്ന് ഉറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.