ആദ്ധ്യാത്മിക നഭസ്സിലെ സൂര്യതേജസ്സ്

Saturday 1 September 2018 3:47 am IST
സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിലനിന്നിരുന്ന ആശയസംവാദങ്ങള്‍ക്ക് കര്‍ക്കശമായ മറുപടിയാണ് ക്രിസ്തു മതച്ഛേദനം, വേദാധികാരനിരൂപണം തുടങ്ങിയ രചനകളിലൂടെ സ്വാമികള്‍ നല്‍കിയത്. അഹിംസയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

കേരളത്തിന്റെ നവോത്ഥാന നായകന്മാരില്‍ പ്രഥമഗണനീയനായ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 165-ാം ജയന്തിയാണ് ഇന്ന്. സാമാധിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആദ്ധ്യാത്മിക നഭോമണ്ഡലത്തിലെ സൂര്യതേജസ്സായി സ്വാമികള്‍ ഉജ്വലിച്ചു നില്‍ക്കുന്നു. ജാതി മത രാഷ്ട്രീയങ്ങള്‍ക്കതീതമായി മനുഷ്യത്വത്തെ ഊട്ടി വളര്‍ത്തിയ മഹാമനീഷിക്കൂടിയായിരുന്നു അദ്ദേഹം. വേദങ്ങളും ശാസ്ത്രങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളുമൊക്കെ വളരെ ചെറുപ്പത്തില്‍ തന്നെ സ്വാമികള്‍ മന:പ്പാഠമാക്കിയിരുന്നു. സ്‌നേഹത്തിന്റെ മൂര്‍ത്തിമത്ഭാവമായിരുന്നു വിദ്യാധിരാജന്‍ എന്ന ചട്ടമ്പി സ്വാമി.

ഉള്ളൂര്‍ക്കോട്ടു വീട്ടിലെ നങ്കാദേവി ആയിരുന്നു സ്വാമികളുടെ മാതാവ്. വാസുദേവശര്‍മ്മ പിതാവും. ഇവര്‍ക്ക് ജനിച്ച ആദ്യ സന്താനത്തിന് അയ്യപ്പന്‍ എന്നായിരുന്നു നാമകരണം ചെയ്തത്. കുഞ്ഞന്‍ എന്ന പേരിലാണ് ബാലന്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത്. വാസുദേവശര്‍മ്മയ്ക്ക് വലിയ ജീവിതമാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ തീക്ഷ്ണതയില്‍ കൊല്ലൂര്‍ മഠത്തിലെ കഞ്ഞിത്തെളി മാത്രമായിരുന്നു ആ കുടുബത്തെ പിണങ്ങിപ്പിരിയാതെ നിലനിര്‍ത്തിയത്. കുടുബം സംരക്ഷിക്കേണ്ട ചുമതല ബാല്യത്തിലേ കുഞ്ഞനില്‍ വന്നുചേര്‍ന്നു. അതിനുവേണ്ടി തൊട്ടടുത്തുള്ള വനപ്രദേശങ്ങില്‍ ചെന്ന് പൂപറിച്ച് മാലകെട്ടി കൊല്ലൂര്‍ ക്ഷേത്രത്തില്‍ ഏല്‍പ്പിക്കുക, താള്, തകര മുതലായ സസ്യങ്ങള്‍ എവിടെനിന്നെെങ്കിലും കൈക്കലാക്കി മഠത്തിലെ അന്തര്‍ജനങ്ങള്‍ക്ക് നല്‍കി അന്നന്നുള്ള അന്നം കണ്ടെത്തിയായിരുന്നു അദ്ദേഹം ബാല്യം കഴിച്ചുകുട്ടിയത്.

വിദ്യാഭ്യാസത്തിനുള്ള മാര്‍ഗ്ഗമൊന്നും ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഈ കുടുംബത്തിനില്ലായിരുന്നു. പിതാവില്‍ നിന്നാണ് മലയാളത്തിന്റെ ആദ്യപാഠങ്ങള്‍ കുഞ്ഞന്‍ പഠിച്ചത്. പള്ളിപ്പുരവിട്ടു മടങ്ങുന്ന കുട്ടികളുടെ ഏടുകള്‍ നോക്കിയായിരുന്നു പലതും അദ്ദേഹം ഹൃദിസ്ഥമാക്കിയത്. ബാലന്റെ അസാധാരണമായ കഴിവുകള്‍ നേരില്‍ കണ്ടുമനസ്സിലാക്കിയ ഒരു ദേശികനാണ് കുഞ്ഞന് സംസ്‌കൃത വിദ്യാഭ്യാസത്തിനുവേണ്ടുന്ന ഒത്താശകള്‍ ചെയ്തുകൊടുത്തത്. തുടര്‍വിദ്യാഭ്യാസത്തിന് പേട്ടയിലെ രാമന്‍ പിള്ള ആശാന്റെ പള്ളിപ്പുരയില്‍ ചേര്‍ന്നു. ക്ലാസിലെ മിടുക്കന്‍ വിദ്യാര്‍ഥിയായ കുഞ്ഞനെ പള്ളിപ്പുരയിലെ ആശാന്റെ അഭാവത്തില്‍ അധ്യാപനം നോക്കാന്‍ ചട്ടമ്പി എന്ന പദവി നല്‍കി ഏല്‍പ്പിച്ചു. പില്‍ക്കാലത്ത് ചട്ടമ്പിസ്വാമി എന്ന നാമധേയത്തില്‍ ഇദ്ദേഹത്തെ അറിയാന്‍ തുടങ്ങി.

സര്‍വകലകളിലും പ്രാവിണ്യം  നേടിയ സ്വാമികള്‍ക്ക് ജാതി മതഭേദമെന്യേ വലിയ സുഹൃത്ത്‌വലയം ഉണ്ടായിരുന്നു. അങ്ങനെ കൊല്ലൂര്‍ ക്ഷേത്ര നടയില്‍ ഭജനയ്ക്കായി എത്തിയ അവസരത്തില്‍ ജടാധാരിയായ ഒരു സന്യാസിയെ കണ്ടുമുട്ടി. കുറച്ചുനാള്‍ ആ അവധൂതനോടൊപ്പം കഴിച്ചുകുട്ടിയ കുഞ്ഞന്‍പിള്ളയ്ക്ക് ആ സന്യാസി ബാലസുബ്രഹ്മണ്യ മന്ത്രം ഉപദേശിച്ചു കൊടുത്തു. ഈ മന്ത്രദീക്ഷ ചട്ടമ്പിയില്‍ ഒരുപാട് പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കി. അതു മറ്റള്ളവര്‍ക്ക് അനുഭവപ്പെടാനും തുടങ്ങി. അങ്ങനെ അയ്യപ്പന്‍ എന്ന കുഞ്ഞന്‍ പിള്ള ജനഹൃദയങ്ങള്‍ക്ക് ഒരിക്കലും വേര്‍പെടുത്താനാകാത്ത പരമഭട്ടാരകനായി ഉയര്‍ന്നു.

ശ്രീനാരായണ ഗുരുവുമായി ചട്ടമ്പി സ്വാമികള്‍ക്ക് സുദൃഢമായ ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന് സകല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നത് സ്വാമികളായിരുന്നു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. തികച്ചും യാദൃശ്ചികമായിരുന്നു ഇവരുടെ കണ്ടുമുട്ടല്‍. ചട്ടമ്പിസ്വാമിയുടെ വേദാന്തത്തിലുള്ള പരിജ്ഞാനവും വിദ്യാകുശലതയും ശ്രീനാരായണ ഗുരുവിനെ സ്വാമിയിലേക്ക് ആകര്‍ഷിച്ചു. ആ കൂട്ടിമുട്ടലില്‍ ആത്മസാക്ഷാത്കാരത്തിന്റെ ഔന്നത്യത്തിലേക്ക് കടന്നുകയറാനുള്ള ബാലസുബ്രഹ്മണ്യമന്ത്രം സ്വാമികള്‍ ഉപദേശിച്ചു കൊടുത്തു. തെക്കന്‍ ജില്ലയിലെ മരുത്വാമലയില്‍ ഇരുവരും ഒരുമിച്ച് ധ്യാനനിരതരായിരുന്നിട്ടുണ്ട്. ഫലമൂലങ്ങള്‍ ഭക്ഷിച്ചും തെളിനീരുറവകളില്‍ നിന്നു വെള്ളം കോരിക്കുടിച്ചും ഹിംസ്രജന്തുക്കളുമായി സഹവസിച്ചും ആ ബ്രഹ്മര്‍ഷികള്‍ ആദ്ധ്യാത്മികതയുടെ ഉത്തുംഗശൃംഗങ്ങളില്‍ വ്യാപരിച്ചു.

ശ്രീ നാരായണഗുരുതന്നെ ശ്രീചട്ടമ്പി സ്വാമികളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചു നവമഞ്ജരി എന്ന ആദ്യകാല കൃതിയില്‍ ഇപ്രകാരം പറയുന്നു.

ശിശു നാമ ഗുരോരാജ്ഞാം 

കരോമി ശിരസാവഹന്‍

നവ മഞ്ജരികാം ശുദ്ധീ-

കര്‍ത്തുമര്‍ഹന്തി കോവിദാഃ

ചട്ടമ്പിസ്വാമികളുടെ മഹാസമാധി പ്രമാണിച്ച് ഗുരുദേവന്‍ എഴുതിയ മറ്റൊരു ശ്ലോകം ഇപ്രകാരമാണ്.

സര്‍വജ്ഞഃഋഷിരുത്ക്രാന്താഃ

സദ്ഗുരുഃ ശുകവര്‍ത്മനാ

ആഭാതി പരമ വ്യോമ്‌നി

പരിപൂര്‍ണ്ണ കലാനിധിഃ

ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും ഭാരതീയ ഗുരുപരമ്പരയിലെ ഒരിക്കലും അടര്‍ത്തിമാറ്റാനാകാത്ത കണ്ണികള്‍ തന്നെ. എന്നാല്‍ ആധുനികതലമുറ ഈ മഹാഗുരുക്കന്‍മാരുടെ പാതകള്‍ പിന്‍തുടരുന്നുണ്ടോ എന്നതില്‍ സംശയം ഇല്ലാതെയില്ല.

സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിലനിന്നിരുന്ന ആശയസംവാദങ്ങള്‍ക്ക് കര്‍ക്കശമായ മറുപടിയാണ് ക്രിസ്തു മതച്ഛേദനം, വേദാധികാരനിരൂപണം തുടങ്ങിയ രചനകളിലൂടെ സ്വാമികള്‍ നല്‍കിയത്. അഹിംസയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അഷ്ടാംഗയോഗവിദ്യയും അഷ്‌ടൈശ്വര്യസിദ്ധിയും കരസ്ഥമാക്കിയ വിദ്യാധിരാജന് സാധിക്കാത്തതായി ഈ ഭൂമുഖത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ സമീപിക്കുന്ന കൊടിയ രോഗികള്‍ക്കു പോലും ആശ്വാസത്തിന്റെ അമൃതം പകര്‍ന്നുകൊടുത്തിരുന്നു ആ മനീഷി. അബ്രാഹ്മണര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത വൈദികദര്‍ശനങ്ങളിലേക്കുള്ള പാത തെളിച്ചുകൊടുക്കുന്നതില്‍ ഈ മുനിവര്യന്റെ പങ്ക് വളരെ വലുതാണ്. യുക്തിക്ക് നിരക്കുന്ന വിഷയങ്ങളില്‍ മാത്രമേ ഈയുഗപ്രഭാവന്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നുള്ളു. ഭൗതികസുഖങ്ങളില്‍ അഭിരമിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്.

യാതൊരു ആഡംബരത്തിന്റെ പുറകിലും ആ മനസ്സ് വ്യാപരിച്ചില്ല. പ്രകൃതിയെ ഹനിക്കുന്ന ഒരു ചിന്താപദ്ധതിയും അദ്ദേഹം തന്റെ ജീവിതത്തില്‍ പ്രചരിപ്പിച്ചുകണ്ടില്ല. സാമൂഹ നന്മ മാത്രമായിരുന്നു ജീവിതാവാസാനം വരെ പിന്‍തുടര്‍ന്നത്.

വാര്‍ദ്ധക്യത്തിന്റെ അവസാന നാളുകളില്‍ രോഗാതുരനായ സ്വാമികള്‍ തിരുവനന്തപുരത്തു നിന്നു പന്മനയിലേക്ക് പോകുവാന്‍ നിര്‍ബന്ധിതനായി. കുമ്പളത്തിന്റെ നിര്‍ബന്ധപ്രകാരം പ്രാക്കുളുത്ത് തോട്ടുവയലില്‍ ബംഗ്‌ളാവില്‍ കുറെ നാളുകള്‍ കഴിഞ്ഞു. ഇതറിഞ്ഞ് ഭക്തര്‍ തോട്ടുവയലിലേക്ക് തടിച്ചുകൂടി. ആ സമയം ശ്രീനാരായണ ഗുരുസ്വാമിയും അവിടെയെത്തി അദ്ദേഹത്തെ നേരില്‍ കണ്ടു. അത് രണ്ട് മഹായോഗികള്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരുന്നു. 1099 മേടം 25-ന് ആ മഹായോഗി ദിവ്യസമാധിയടഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.