പ്രളയം, പ്രയാണം

Saturday 1 September 2018 3:52 am IST

കേരളത്തിലെ പ്രളയം മുമ്പെങ്ങും കണ്ടിട്ടില്ലാത്തതാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെയാണല്ലോ പതിവില്‍ കവിഞ്ഞ സഹായവും സഹകരണവും സഹതാപവും ലഭിക്കുന്നത്. കേരളത്തിന്റെ മാത്രം ദുരിതമല്ല, രാജ്യത്തിന്റെ തന്നെ സഹതാപം ലഭിക്കുന്ന സാഹചര്യം. കുട്ടനാട്ടിലെ ജനങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. ക്യാമ്പുകള്‍ അടച്ച് കുട്ടനാട്ടുകാരെ വെള്ളക്കെട്ടില്‍ കിടക്കുന്ന വീടുകളിലേക്ക് ആട്ടിയോടിക്കുകയാണ്. ഇത് കേരളത്തിന് കിട്ടുന്ന സഹതാപത്തിന്റെ തോത് കുറയ്ക്കും. ചിലപ്പോള്‍ സഹായധനവും കുറയാനും മതി.

പ്രളയത്തില്‍ പെട്ടവരേക്കാള്‍ നെഞ്ചത്തടിച്ച് ദുഃഖം പ്രകടിപ്പിക്കുന്ന സര്‍ക്കാരിന് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായകമാകുന്ന സാധനങ്ങള്‍ വേണ്ട, പണം മാത്രം മതി. കേരളത്തിന്റെ വിലാപം കേട്ട് ലഭിക്കാവുന്ന സാധനങ്ങള്‍ ശേഖരിച്ച് അയച്ച ടണ്‍ കണക്കിന് വീട്ടുപകരണങ്ങളടക്കം കെട്ടിക്കിടക്കുന്നു. കുടിവെള്ളത്തിന് കേഴുന്ന കുട്ടനാട്ടുകാര്‍ക്ക് വലിയ സഹായകമായ കുപ്പിവെള്ളം പോലും എടുക്കുന്നില്ല. പണ്ടെപ്പോഴോ കേരളത്തിലുണ്ടായ വറുതിക്കാലത്തെ ഒരു കഥയുണ്ട്. അന്ന് മുളകിനാണേറെ ക്ഷാമം.

ധര്‍മ്മം തേടിവരുന്ന സ്വാമിമാര്‍ക്ക് അക്കാലത്ത് ഒരു പിടി അരിയായിരുന്നു നല്‍കിപ്പോന്നത്. സ്വാമിമാരുടെ  അഭ്യര്‍ത്ഥന 'സ്വാമിക്കരിശ് വേണ്ട മുളക് മതി' എന്നായിരുന്നുപോലും. സര്‍ക്കാരിന്റെ സമീപനം അതുപോലെ. സാധനങ്ങള്‍ വേണ്ട. പണം മതി. പണം കിട്ടാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണന.

മുഖ്യമന്ത്രി പിണറായി വിജയന്‍ 700 കോടി ദുബായ് പണത്തിന്റെ കണക്ക് പറഞ്ഞിരുന്നു. ഒരു ദിവസം മുഴുവന്‍ നിയമസഭ പ്രളയം ചര്‍ച്ച ചെയ്തിട്ടും 700 കോടിയുടെ കഥരംഗത്ത് വന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും 700 കോടി വാങ്ങിയെടുക്കാന്‍ കേന്ദ്രം തടസ്സം നില്‍ക്കുന്നു എന്ന് പുരപ്പുറത്തുകയറി കൂവി.

ഏറ്റവും ഒടുവില്‍ 700 കോടിയുടേത് കെട്ടുകഥയെന്ന് ബോധ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വൃഥാശ്രമം എന്നതില്‍ കവിഞ്ഞൊന്നുമല്ലായിരുന്നു. ഏറ്റവും ഒടുവില്‍ ഹൈക്കോടതി തന്നെ വിദേശസഹായം സംബന്ധിച്ച് വ്യക്തത വരുത്തി. സുപ്രീംകോടതിയും ചോദിച്ചു. 700 കോടിവാഗ്ദാനത്തിന് തെളിവെവിടെ?. വിദേശസഹായം സ്വീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. അതില്‍ ഇടപെടാന്‍ കോടതിക്കാവില്ലെന്നും വ്യക്തമാക്കി.

700 കോടിയല്ലെങ്കിലും വിദേശത്തു നിന്ന് കാശ് പിരിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. അതിന് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്ക് പോകും. ആരൊക്കെ എവിടെയൊക്കെ എന്ന് അടുത്ത മന്ത്രിസഭായോഗമാണ് തീരുമാനിക്കുക.

മന്ത്രിമാര്‍ മറ്റു സംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചു പണം സമാഹരിക്കും. സംസ്ഥാനത്തിന്റെ പുനഃസൃഷ്ടിക്കായി കേന്ദ്രസര്‍ക്കാരിന്റെ അധികസഹായവും വിദേശരാജ്യങ്ങളുടെയും ഏജന്‍സികളുടെയും ധനസഹായവും തേടാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഏകകണ്ഠമായി തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രിസഭ ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കിയത്. 

സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും പണം സമാഹരിക്കും. പ്രളയബാധിതം ഉള്‍പ്പെടെ 14 ജില്ലകളിലും വകുപ്പുതലവന്മാരുടെ നേതൃത്വത്തില്‍ പ്രമുഖരുടെ പട്ടിക തയ്യാറാക്കി പിരിവെടുക്കും. ഇതേസമയം, സംസ്ഥാന പുനര്‍ നിര്‍മാണത്തിനുള്ള രൂപരേഖ സംബന്ധിച്ച് മന്ത്രിസഭയില്‍ തീരുമാനമായില്ല.  വീടുകള്‍ക്കും കടകള്‍ക്കുമുണ്ടായ കേടുപാടുകള്‍ സംബന്ധിച്ച് ഡിജിറ്റല്‍ വിവര ശേഖരണത്തിന് നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു.

 പുനര്‍നിര്‍മാണത്തിന്റെ സാധ്യതാപഠനത്തിന് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ കെപിഎംജി കണ്‍സല്‍ട്ടിങ് ഏജന്‍സിയെ നിയോഗിക്കും. ഇവരുടെ സേവനം സൗജന്യമായിരിക്കും. ഓരോ മേഖലയ്ക്കും ഉചിതമായ പദ്ധതികള്‍ ഇവര്‍ നിര്‍ദേശിക്കും. 

പ്രളയത്തില്‍ നഷ്ടമായ ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി ഒരുലക്ഷം രൂപവരെ പലിശ രഹിത വായ്പ അനുവദിക്കും. പലിശ സര്‍ക്കാര്‍ വഹിക്കും. വ്യാപാരസ്ഥാപനങ്ങള്‍ അടക്കം ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയില്‍ 10 ലക്ഷം വായ്പ നല്‍കും. 

നവകേരള സൃഷ്ടിക്കായി ആശയങ്ങള്‍ സ്വരൂപിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ അധികമൊന്നും ഉയര്‍ന്നില്ല. ആശങ്കയും അതിനേക്കാള്‍ ആരോപണങ്ങളുമാണ് ഉയര്‍ന്നത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എട്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍, സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷവും അവയ്ക്കു മറുപടി നല്‍കുന്നതില്‍ ഭരണപക്ഷവും ശ്രദ്ധയൂന്നി. 

വിഭാഗീയചിന്തകള്‍ക്ക് അതീതമായ കൂട്ടായ്മയും യോജിപ്പിന്റെ  സംസ്‌കാരവും ഉയര്‍ന്നുവരുന്നതിലെ അഭിമാനവും സന്തോഷവും പ്രമേയത്തിലൂടെ സഭ പ്രകടിപ്പിച്ചു. ചര്‍ച്ചയില്‍ മല്‍സ്യത്തൊഴിലാളികളെക്കുറിച്ചു പരാമര്‍ശിച്ചപ്പോഴൊക്കെ അംഗങ്ങള്‍ ഒന്നടങ്കം ഡെക്‌സില്‍ തട്ടി അഭിനന്ദിച്ചു. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും പ്രതിപക്ഷ നേതാവും 40 അംഗങ്ങളും പ്രസംഗിച്ചു.

പ്രളയബാധിതര്‍ 55 ലക്ഷം; 981 വില്ലേജുകളിലായി 55 ലക്ഷത്തോളം പേര്‍ പ്രളയ ദുരന്തത്തിനിരയായി. 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. 140 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 3,91,494 കുടുംബങ്ങളില്‍ നിന്നായി 14,50,707 പേരെ 3,879 ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു. ദുരന്തത്തിന്റെ ആഘാതം ഇനിയും പൂര്‍ണമായി കണക്കാക്കിയിട്ടില്ല. (നിയമസഭയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്ക്). ഇതിന് എത്ര കാശ് വേണ്ടിവരുമെന്നോ കേന്ദ്രം എത്രതരുമെന്നോ ഒന്നും നിശ്ചയമില്ല. വിദേശത്തുനിന്നും സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്നാണ് വിദഗ്ധാഭിപ്രായം. എന്നിട്ടും എന്തിനാണാവോ മന്ത്രിമാരുടെ പ്രയാണം. കിട്ടുന്നതെല്ലാം പോരട്ടെ. പുര കത്തുമ്പോള്‍ ഈര്‍ക്കില്‍ ഊരിയെടുക്കുക. 

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന ആദ്യഘട്ടത്തില്‍ വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കേരളം. പലപ്പോഴും ഖജനാവിന് താഴിട്ടു. അന്ന് പണം കണ്ടെത്താനുള്ള മാര്‍ഗം കണ്ടത് ജില്ലകള്‍ തോറും യേശുദാസിന്റെ ഗാനമേള സംഘടിപ്പിക്കുക എന്നതാണ്. എല്ലാ ജില്ലയിലും യേശുദാസ് പാടി. ഖജനാവ് നിറഞ്ഞു. അന്ന് മുഴങ്ങിയ മുദ്രാവാക്യമുണ്ടായിരുന്നു, ''പാട്ടുപാടി ഭരിക്കാമെങ്കില്‍ യേശുദാസ് ഭരിച്ചാല്‍പ്പോരെ'' ഇന്ന് ആ മുദ്രാവാക്യം മാറ്റിവിളിക്കാം. എഡിബി വേള്‍ഡ് ബാങ്ക് സഹായം. പിന്നെ മന്ത്രിമാരുടെ പട സമാഹരിക്കുന്ന വിദേശപണവും. അങ്ങനെയെങ്കില്‍ ഭരണം വിദേശിയുടെ കൈയ്യിലാകുമോ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.