പാര്‍ട്ടിയിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി ബിജെപി

Saturday 1 September 2018 2:15 pm IST

ന്യൂദല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാര്‍ട്ടിയിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി ബിജെപി.ഇതിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങളിലെ ബൂത്ത് തല വനിതാ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. 

2019-ലെ തിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിയുടെ താഴേതട്ടിനെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി, ഒരോ ബുത്തിലും ചുരുങ്ങിയത് പത്ത് വനിതകളെ നിയമിക്കാന്‍ മഹിളാ മോര്‍ച്ചയെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തിയതായി ദേശീയമാധ്യമമായ ഇക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ 'ഉജ്വല യോജന' പോലുള്ള അഭിമാന പദ്ധതികളുടെ ഗുണഭോക്താക്കളായിരിക്കും ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍. 

സ്വച്ഛ് ഭാരത്, അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും അംഗനവാടികള്‍ വഴിയുള്ള ഭക്ഷണ വിതരണം തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവരെയും ബൂത്ത് തല പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-ല്‍ സ്ത്രീ-പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്ന ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഒഡിഷ പോലുള്ള സംസ്ഥാനങ്ങളില്‍ ഊന്നല്‍ നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 

സംസ്ഥാന ഘടകങ്ങള്‍ വനിതാ പ്രവര്‍ത്തകരെ നിയമിച്ചു കഴിഞ്ഞാല്‍, ഇവര്‍ താഴേത്തട്ടിലുള്ള സ്ത്രീകളെ സംഘടിപ്പിച്ച് സ്ത്രീശാക്തീകരണത്തിനായി മോദി സര്‍ക്കാര്‍ അവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ച് അവബോധം നല്‍കും. സമൂഹമാധ്യമങ്ങള്‍ വഴി ഇത്തരം പദ്ധതികള്‍ പ്രചരിപ്പിക്കാന്‍ ബൂത്ത് തല പ്രവര്‍ത്തകരോട് ഇതിനോടകം നിര്‍ദേശിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 

ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഒഡിഷ  സംസ്ഥാനങ്ങളില്‍ പന്ത്രണ്ടുകോടി ബിജെപി അംഗങ്ങളില്‍ മൂന്നുകോടിയോളം  സ്ത്രീകളാണെന്ന്  മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വിജയ രഹാട്കര്‍ പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായി, ഗ്രാമീണമേഖലകളില്‍ പുതിയ്  പല പദ്ധതികളും സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.