ആദയകരമാക്കാം കൊഞ്ച് കൃഷി

Saturday 1 September 2018 3:04 pm IST

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന മത്സ്യയിനമാണ് ആറ്റുകൊഞ്ച്. ഇവയ്ക്ക് ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും വളര്‍ച്ചയുമാണുള്ളത്. സസ്യജന്യവും ജന്തുജന്യവുമായ പലവിധ ആഹാരം ഭക്ഷിക്കുന്ന ഇവയ്ക്ക് വിപണിയില്‍ മികച്ച വിലയും ലഭിക്കുന്നുണ്ട്. കുളത്തില്‍ മണല്‍, എക്കല്‍, കളിമണ്ണ് എന്നിവ അടിത്തട്ടില്‍ ഉപയോഗിക്കാം. 1.2 മീറ്റര്‍ എങ്കിലും കുളത്തിന് ആഴം ഉണ്ടാകണം. സാധാരണ മത്സ്യക്കൃഷിപോലെ മഹുവാ പിണ്ണാക്കും കുമ്മായവും ഉപയോഗിച്ച് വെളളത്തിന്റെ ജൈവോല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നത് കൊഞ്ചുകൃഷിയിലും അനിവാര്യമാണ്. 

ഹാച്ചറികളില്‍ നിന്നും ലഭിക്കുന്ന 1.5 മുതല്‍ 2 സെന്റിമീറ്റര്‍ വലിപ്പമുള്ള കൊഞ്ചുകളെ നേരിട്ട് കുളങ്ങളില്‍ നിക്ഷേപിക്കാറുണ്ട്. കൊഞ്ച് കുഞ്ഞുങ്ങളെ നിരീക്ഷിച്ചതിന് ശേഷം മാത്രമേ കുളങ്ങളിലേക്ക് വിടാവൂ. നഴ്‌സറി കുളങ്ങള്‍ക്കായിട്ട് കൊഞ്ചു വളര്‍ത്തല്‍ കുളത്തിന്റെ 10 മുതല്‍ 15 ശതമാനം മാറ്റി വയ്‌ക്കേണ്ടതാണ്. മത്സ്യകൃഷിക്കായി തയ്യാറാക്കുന്ന കുളത്തെപ്പോലെ തന്നെ നഴ്‌സറി കുളങ്ങളും ഒരുക്കിയെടുക്കണം. കളസസ്യങ്ങളും അനുയോജ്യമല്ലാത്ത മത്സ്യങ്ങളേയും നിര്‍മ്മാര്‍ജനം ചെയ്തു വളപ്രയോഗം നടത്തണം. ഒരു ഹെക്ടര്‍ കുളത്തില്‍ രണ്ട് മുതല്‍ രണ്ടര ലക്ഷം പോസ്റ്റ് ലാര്‍വാ ദശയിലുള്ള കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. 45 മുതല്‍ 60 ദിവസത്തെ നഴ്‌സറി പരിപാലന കാലത്ത് ദിവസേന ഒരു ലക്ഷം കുഞ്ഞുങ്ങള്‍ക്ക് ഒരു കിലോഗ്രാം ആഹാരം നാലുപ്രാവശ്യമായി നല്‍കണം. 

സാധാരണ ആഗസ്റ്റ് -നവംബര്‍ മാസങ്ങളിലാണ് കൊഞ്ച് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. മറ്റ് മത്സ്യങ്ങള്‍ വളര്‍ത്തുന്നതില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം ശ്രദ്ധയും കരുതലും ഉണ്ടായാല്‍ ആറ്റുകൊഞ്ച് കൃഷി വളരെ വിജയത്തില്‍ നടത്താന്‍ സാധിക്കും. മറ്റു മത്സ്യക്കൃഷികളില്‍ നിന്നും ലഭിക്കുന്നതിന്റെ നാലിരട്ടി വരുമാനം കൊഞ്ച് കൃഷിയില്‍ നിന്നും നേടാന്‍ സാധിക്കും.

തീറ്റനല്‍കുന്നതിലും ശ്രദ്ധവേണം 

നുറുക്കരി, കക്കയിറച്ചി, പൊടിച്ച ചെമ്മീന്‍, നുറുക്കിയ മീന്‍, കപ്പ, പിണ്ണാക്ക് ഇവയെല്ലാം സാധാരണയായി കൊഞ്ചിന് തീറ്റയായി നല്‍കാറുണ്ട്. തവിടും നുറുക്കരി, പിണ്ണാക്ക്, കപ്പപ്പൊടി ഇവയില്‍ ഏതെങ്കിലും ഒന്നും, മീന്‍പൊടി, ചെമ്മീന്‍ പൊടി, കക്കയിറച്ചി ഇവയില്‍ ഏതെങ്കിലും ഒന്നും കൂട്ടിയുണ്ടാക്കിയ തീറ്റക്കൂട്ട് വെള്ളത്തില്‍ കുഴച്ചുരട്ടി മണ്‍ചട്ടികളിലോ മറ്റ് പാത്രങ്ങളിലോ ആക്കി കുളത്തില്‍ വെച്ചു കൊടുക്കാം. ഇടയ്ക്ക് തീറ്റ പാത്രങ്ങള്‍ പരിശോധിച്ച് തീറ്റ ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. അതനുസരിച്ച് തീറ്റ ഇടവിട്ട് നല്‍കുകയും വേണം. ആറ് മുതല്‍ എട്ട് മാസം പ്രായമാകുമ്പോള്‍ കൊഞ്ചുകളുടെ വിളവെടുക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.