നൊമ്പരപ്പൂവായി വിശാല്‍

Saturday 1 September 2018 3:11 pm IST

ഈ നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം നമുക്ക് തീരാനഷ്ടങ്ങളാണ് തന്നത്. പ്രളയക്കെടുതിയില്‍ ജീവിതകാലത്തെ മുഴുവന്‍ അധ്വാനവും ഒലിച്ചുപോയി ഉടുതുണിക്കും ഒരു നേരത്തെ അന്നത്തിനും അലയുന്ന ഒരുപാട് മനുഷ്യരെ കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ കണ്ടു. പ്രകൃതിയുടെ സംഹാര താണ്ഡവത്തിന് മുന്നില്‍ മനുഷ്യന്‍ ഒരു നിമിഷത്തില്‍ നിസ്സഹായനാകുന്ന ദുരിത കാഴ്ച്ചകള്‍ എത്രയെത്ര! 

 മഹാപ്രളയത്തില്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയേകിയ വിശാല്‍ നാട്ടുകാര്‍ക്ക് നൊമ്പരപ്പൂവായി. തിരുവല്ല തുകലശ്ശേരി മാടപ്പത്രയില്‍ വേണുഗോപാലന്‍ നായരുടെയും ജയശ്രീയുടെയും  മകന്‍ വിശാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രളയജലത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോവുകയായിരുന്നു. 

പ്രളയജലം കുതിച്ചെത്തിയ പതിനാറിന് മാടപ്പത്രകോളനിയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് വിശാലിനെ വിധി കവര്‍ന്നെടുത്തത്. രാവിലെ മുതല്‍ പ്രളയബാധിത മേഖലകളില്‍ കര്‍മ്മനിരതനായിരുന്ന വിശാല്‍ വടം വലിച്ചുകെട്ടി അതില്‍ പിടിച്ച് ആളുകളെ മറുകര എത്തിക്കുന്നതിനിടെ തോട്ടിലെ കുത്തൊഴുക്കിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ഏറെ ശ്രമിച്ചിട്ടും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അടുത്തദിവസം വിശാലിന്റെ മൃതദേഹമാണ് നാട്ടുകാര്‍ക്ക് കണ്ടെത്താനായത്.  

മാടപ്പത്രയിലെ ഏതാണ്ട് മുപ്പതോളം വരുന്ന വീടുകളിലെ വൃദ്ധരേയും കുട്ടികളേയും സ്ത്രീകളേയും സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ച് അവസാനം സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിശാല്‍ മരണക്കയത്തിലേക്ക് വഴുതി വീണത്. ഇതോടെ നിസ്സഹായതയുടെ കയത്തില്‍ മുങ്ങിപ്പോയ  വിശാലിന്റെ പിതാവ് വേണുഗോപാലന്‍ നായരേയും അമ്മ ജയശ്രീയേയും സഹോദരി ആതിരയേയും ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. 

സര്‍വതും പോയി നിസ്സഹായതയുടെ ആഴക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും വിശാലിന്റെ അച്ഛന്‍ വേണുച്ചേട്ടന്‍ നിശ്ശബ്ദനാണ്. ആരോടുമില്ല പരാതിയും പരിഭവങ്ങളും. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിശാലിന്റെ കുട്ടിക്കാലത്ത ഫോട്ടോ എടുത്ത് കൊടുക്കുമ്പോള്‍ ആ കണ്ണു തുളുമ്പുന്നുണ്ടായിരുന്നു. വെള്ളമിറങ്ങി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കണക്കെടുക്കുന്ന നഷ്ടങ്ങളെല്ലാം ആ ഒരു തുള്ളി കണ്ണീരിനു മുന്നില്‍ എത്ര ചെറുതാണ്.  ആ അച്ഛനും അമ്മയ്ക്കും നഷ്ടപ്പെട്ടത് ഒരു കുടുബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളാണ്.

വിശാല്‍ നമ്മെ വിട്ടുപോയത് ഒരുപാടു പേരുടെ ജീവന്‍ സംരക്ഷിച്ചിട്ടാണ്. സിവില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ വിശാല്‍ യുവമോര്‍ച്ച ടൗണ്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. ആര്‍എസ്എസ്  മതില്‍ഭാഗം ശാഖാ ഗഢനായക്, ബാലഗോകുലം ബാലമിത്രം തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

വിശാലിന്റെ കുടുംബത്തിനു വേണ്ട കരുതലുകള്‍ എടുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. വിശാല്‍ അങ്ങനെ അതിജീവിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.