മാവോയിസ്റ്റുകളുടെ അറസ്റ്റ് : പിഎല്‍ജി നിരീക്ഷണത്തില്‍

Saturday 1 September 2018 4:34 pm IST

മുംബൈ: പ്രധാനമന്ത്രിയെ വധിക്കാന്‍ നക്‌സലുകള്‍ ഗൂഢാലോചന നടത്തിയതിനെത്തുടര്‍ന്ന് നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ)യ്ക്കുമേല്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണം. 10,000ത്തിലധികം അംഗങ്ങളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി മാവോയിസ്റ്റ് സായുധ വിഭാഗമായ പിഎല്‍ജിഎയ്ക്കുള്ളത്. സംഘടനയുടെ നേതാക്കളുമായി അറസ്റ്റിലായ പ്രവര്‍ത്തകര്‍ കത്തിടപാട് നടത്തിയെന്നതിന് മഹാരാഷ്ട്ര പോലീസിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണിത്. ഏതുസമയത്തും വന്‍ സായുധവിപ്ലവത്തിന് സജ്ജമാണ് സംഘടന. 

2010ല്‍ ദന്തേവാഡയില്‍ ഇവര്‍ നടത്തിയ ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലെ വനമേഖലകളില്‍ ഇവര്‍ക്ക് വന്‍ സ്വാധീനമുണ്ട്. സിപിഐ (മാവോയിസ്റ്റ്)യുടെ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷനാണ് പിഎല്‍എജി നിയന്ത്രിക്കുന്നത്. സംഘടനയുടെ ഏറ്റവും അപകടകാരിയായ ഹിഡിമ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 38,000 അംഗങ്ങളെന്നതില്‍ നിന്ന് 10,000ത്തിലേക്ക് സംഘടനയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 

സംഘടനയുടെ 40 ശതമാനത്തിലധികം സ്ത്രീകളാണ്. സായുധരായ സ്ത്രീകളെയും ഇവര്‍ കമാന്‍ഡര്‍മാരായാണ് കണക്കാക്കുന്നത്. ഇവരുടെ ആയുധശേഖരത്തില്‍ 80 ശതമാനവും സ്വന്തം യൂണിറ്റുകളില്‍ നിന്നും നിര്‍മിക്കുന്നതാണ്. ബാക്കിയുള്ളവ സുരക്ഷാസേനയില്‍ നിന്നും കൊള്ളയടിക്കുന്നതാണ്. 

2000 ഡിസംബര്‍ രണ്ടിനാണ് പിജിഎല്‍എ സ്ഥാപിക്കപ്പെട്ടത്. കോയുരുവില്‍ ഇവരുടെ മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മരിച്ചതിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് ഉത്ഭവം. 2004ല്‍ സിപിഐ മാവോയിസ്റ്റില്‍ സായുധ വിഭാഗമായി ലയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.