നിയമസഭയില്‍ ആര് സംസാരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കും

Saturday 1 September 2018 5:07 pm IST

തിരുവനന്തപുരം: നിയമസഭയില്‍ പാര്‍ട്ടി എംഎല്‍എമാരില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പരാമര്‍ശങ്ങള്‍ നടത്തിയ സിപിഎം എംഎല്‍എമാരായ സജിചെറിയാനും രാജു എബ്രാഹാമിനും നിയമസഭയില്‍ പ്രത്യേകസഭാസമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന ആക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കോടിയേരിയുടെ മറുപടി.

നിയമസഭയില്‍ സിപിഎമ്മിന്റെ നിലപാടുകള്‍ പറയേണ്ടത് ആരെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പ്രളയം റാന്നിയിലും ചെങ്ങന്നൂരും മാത്രമല്ല ഉണ്ടായത്. എല്ലാ എംഎല്‍എമാര്‍ക്കും നിയമസഭയില്‍ സമയം ലഭിക്കണമെന്നില്ല. അവര്‍ക്കെന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നിയമസഭാ പാര്‍ട്ടിയില്‍ പറയുമായിരുന്നു. 

രാജു എബ്രഹാം ഡാം തുറന്നുവിട്ടതിനെ വിമര്‍ശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ''അയാള്‍ക്ക് ചില തോന്നലുകളുണ്ടായി. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള ആ തോന്നല്‍ ശരിയല്ലെന്ന് മനസ്സിലായപ്പോള്‍ അയാള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തമാക്കിയല്ലോ'' എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ പരാമര്‍ശവും വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളതായിരുന്നോ എന്നതിന് താന്‍ ചീഫ് സെക്രട്ടറിയുടെ വക്താവല്ലെന്നായിരുന്നു മറുപടി.

പരിസ്ഥിതിക്കനുസൃതമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് നിയമനിര്‍മാണം വേണമെന്നും കോടിയേരി പറഞ്ഞു. മൂന്നാര്‍, ഇടുക്കി പോലുള്ള മേഖലകളില്‍ പരിസ്ഥിതിക്ക് യോജിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. ഹൈക്കോടതി മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം ബില്‍ കൊണ്ടുവന്നെങ്കിലും നടപ്പായില്ല. സര്‍ക്കാര്‍ നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കുകയാണെന്നും കോടിയേരി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.