മഹാപ്രളയം കേരളം ചോദിച്ചുവാങ്ങിയത്: ബാന്തേ ടിസാവ്രോ

Sunday 2 September 2018 2:33 am IST

കോട്ടക്കല്‍: മഹാപ്രളയം കേരളം ചോദിച്ചുവാങ്ങിയതാണെന്ന് ബുദ്ധ സന്ന്യാസി ബാന്തേ ടിസാവ്രോ. ഇരുന്നുറോളം നിര്‍ദേശങ്ങളുള്ള ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ അഞ്ച് നിര്‍ദേശങ്ങളെങ്കിലും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ ഇത്രയും വലിയൊരു പ്രളയം ഉണ്ടാകില്ലായിരുന്നു. ഇനിയെങ്കിലും അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തണം. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സക്കെത്തിയതായിരുന്നു അദ്ദേഹം. ബോധ്ഗയയില്‍ ബുദ്ധ് അവശേഷ് ബചാവോ അഭിയാന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ടിസാവ്രോ, അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമാണ്. 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തഴഞ്ഞ സര്‍ക്കാറുകളാണ് ഇപ്പോള്‍ സഹായത്തിനായി മുറവിളികൂട്ടുന്നത്. അനധികൃത ഖനനമാണ് കേരളത്തില്‍ പാരിസ്ഥിതിക വെല്ലുവിളി സൃഷ്ടിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടനുസരിച്ച് 1640 ക്വാറികള്‍ കേരളത്തിലുണ്ട്. ഇതില്‍ 1500 എണ്ണം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. പുഴയോരത്തെ അനധികൃത നിര്‍മ്മാണങ്ങളും പരിസ്ഥിതി നിയമാവലി പാലിക്കാതെയുള്ള ഖനനവുമാണ് ഇപ്പോഴത്തെ പ്രളയക്കെടുതിക്ക് കാരണം. ഖനികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അനുമതി ഗ്രാമീണ സഭകള്‍ക്ക് നല്‍കണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയും ഇപ്പോള്‍ പ്രസക്തമാണ്. പശ്ചിമഘട്ട സംരക്ഷണം അടിയന്തരമായി നടപ്പാക്കണം. പ്രളയമുണ്ടായ ഉടനെ സര്‍ക്കാര്‍ മാധവ് ഗാഡ്ഗിലുമായി ബന്ധപ്പെട്ടത് വൈകിയെത്തിയ വിവേകമായി കരുതാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.