കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റ്

Sunday 2 September 2018 2:35 am IST

ഇടുക്കി: മഹാപ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പിലെ പിഴവെന്ന സര്‍ക്കാര്‍ വാദത്തെ ഖണ്ഡിച്ച് ഈ മേഖലയിലെ വിദഗ്ധനും ന്യൂദല്‍ഹിയിലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്‍ ഡയറക്ടറുമായ ജോസഫ്. പി.വി. 

ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖല തിരിച്ച് മഴ എത്രയെന്ന് കൃത്യമായി പറയാനാകില്ല. ഇത്തരത്തില്‍ നോക്കുമ്പോള്‍ വകുപ്പിന് വീഴ്ചയുണ്ടായി എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

അറിയിപ്പ് നല്‍കുകയാണ് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം. ഇതിന് ശേഷം എത്ര മഴ ലഭിച്ചു, വെള്ളം കൂടുന്നത് എങ്ങനെ എന്നിവയെല്ലാം പരിശോധിച്ച് ഡാമുകള്‍ തുറക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കേണ്ടത് എഞ്ചിനീയര്‍മാരാണ്. ഓരോ സംഭരണികളുടെ മേഖലകളിലും എത്ര മഴ പെയ്യുമെന്ന് പറയുക അസാധ്യമായ കാര്യമാണ്. ഈ കഴിവ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനില്ല. 

മഴക്കാലം ആരംഭിച്ച ആദ്യവാരം 25 ശതമാനം മഴ കുറഞ്ഞപ്പോള്‍ ജൂണ്‍ എട്ട് മുതല്‍ ഒരാഴ്ചയിലധികം ശക്തമായ മഴ പെയ്തിരുന്നു. പിന്നീട് കുറഞ്ഞ മഴ ജൂലൈയില്‍ വീണ്ടും ശക്തി പ്രാപിച്ച് 10 ദിവസത്തോളം തുടര്‍ന്നു. 15 സെ.മീ. കൂടുതല്‍ മഴ ഓരോ സ്ഥലങ്ങളിലും ലഭിച്ച 13 ദിവസമാണ് ഈ രണ്ട് മാസത്തിനിടെ മാത്രം ഉണ്ടായത്. ആഗസ്റ്റ് ആദ്യവാരം കുറഞ്ഞ ശേഷമാണ് മഴ വീണ്ടും കൂടിയത്. ഇതുവരെ കിട്ടിയത് മുന്‍വര്‍ഷങ്ങളേക്കാള്‍ 40 ശതമാനം അധികമഴയാണ്. ഇതില്‍ കൂടുതല്‍ മഴ കിട്ടിയ വര്‍ഷങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓരോ വര്‍ഷവും ലഭിക്കുന്ന മഴയില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ഇത് തീരുമാനിക്കുന്നത് അന്തരീക്ഷത്തിലെ മര്‍ദവും കടലിലെ സാഹചര്യവുമാണെന്നും ജോസഫ്. പി.വി കൂട്ടിച്ചേര്‍ത്തു.

കൃത്യമായ കണക്ക് അഞ്ച് ദിവസത്തെ മാത്രം

നിലവില്‍ സാധ്യമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മഴയുടെ കാര്യത്തില്‍ ഏതാണ്ട് കൃത്യമായ കണക്ക് പുറത്തുവിടാനാകുന്നത് അഞ്ച് ദിവസം മുമ്പ് മാത്രമാണ്. ന്യൂദല്‍ഹിയിലെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം ക്രോഡീകരിച്ച് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത് തിരുവനന്തപുരത്തെ മീറ്റീരിയോളജിക്കല്‍ സെന്ററാണ്. ശാറ്ോ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഇക്കാര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 10 ദിവസം, നാലാഴ്ച മുമ്പ് എന്നിങ്ങനെ കണക്കുകള്‍ എടുക്കാറുണ്ടെങ്കിലും വിശ്വസനീയത കുറവാണ്. പ്രതീക്ഷിച്ചതിലും 40 ശതമാനം കൂടുതല്‍ വേനല്‍ മഴ ഈ വര്‍ഷം കേരളത്തില്‍ ലഭിച്ചിരുന്നു. 

സാഗര്‍, മേകുനു ചുഴലിക്കൊടുങ്കാറ്റുകളുടെ സ്വാധീനത്തിന്റെ ഫലമായി മെയ് 21ന് ശേഷം അതിതീവ്രമഴ പെയ്തു. പിന്നാലെ കാലവര്‍ഷം 29ന് എത്തി. സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുമെന്ന മുന്നറിയിപ്പും വന്നു. പിന്നീട് പെയ്ത മഴയെയും ഒഴുകിയെത്തിയ വെള്ളത്തെയും പറ്റി കൃത്യമായി ഒന്നും പഠിക്കാതിരുന്നതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിനുള്ള സാങ്കേതിക വിദ്യയുടെ കുറവും വിദഗ്ദ്ധരില്ലാത്തും തിരിച്ചടിയായി. രണ്ട് ദിവസം സംസ്ഥാനത്താകെ ലഭിച്ച അസാധാരണ മഴയില്‍ നിന്നുള്ള വെള്ളവും ഡാമുകളില്‍ നിന്നുള്ള വെള്ളവും കൂടി എത്തിയതോടെ ഒഴുക്ക് തടസ്സപ്പെട്ടു. ഇതോടെ പുഴകളെല്ലാം നിറഞ്ഞ് വെള്ളം ഒഴുകിയതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.