പകര്‍ച്ചവ്യാധിക്ക് സാധ്യത: ജാഗ്രതക്ക് നിര്‍ദേശം

Sunday 2 September 2018 2:38 am IST

കണ്ണൂര്‍: പ്രളയത്തിന് പിന്നാലെ കേരളത്തില്‍ എലിപ്പനി, ഡെങ്കിപ്പനി, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 30 ദിവസത്തേക്ക് ആരോഗ്യമേഖലയില്‍  ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എലിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധിയുടെ ലക്ഷണവുമായി വരുന്നവര്‍ക്ക് അത് സ്ഥിരീകരിക്കാനുള്ള സമയം എടുക്കാതെ പ്രതിരോധ മരുന്ന് നല്‍കണം. പനിയുള്ളവര്‍ വൈമുഖ്യം കാണിക്കാതെ പ്രതിരോധ മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കണം. ഡോക്ടര്‍മാരും എലിപ്പനിക്കുള്ള മരുന്നായ ഡോക്‌സി സൈക്ലിന്‍ നിര്‍ദേശിക്കണമെന്ന് മന്ത്രി വ്യക്താക്കി. 

കേന്ദ്രത്തില്‍ നിന്നും കേരളത്തിന് നല്ല സഹായം ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ യാതൊരു ക്ഷാമവുമില്ല. കേന്ദ്രത്തില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. മരുന്നുകളും ലഭിക്കുന്നുണ്ട്. ഇതെല്ലാം കൃത്യമായി ക്രോഡീകരിച്ച് വേണ്ടിടത്ത് എത്തിക്കുകയും കാര്യങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിലും സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പൂര്‍ണമായും വിജയിച്ചിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുവരെ നമുക്ക് നല്ല സഹായമാണ് ലഭിച്ചത്.

വരും ദിവസങ്ങളില്‍ കൊതുക് നശീകരണ പ്രവൃത്തികള്‍ കാര്യക്ഷമമായി നടത്തണം. ജനുവരി ഒന്നിന് ആരംഭിച്ച ആരോഗ്യ ജാഗ്രത ക്യാമ്പ് അപ്രതീക്ഷിതമായ പ്രളയവും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. അത് തുടര്‍ന്ന് നടത്തും. 20 വീടുകള്‍ക്ക് ഒരു ആരോഗ്യ സേന എന്ന നിലയില്‍ പ്രവൃത്തി നടത്തണം. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാക്കിയുള്ള ജില്ലകളില്‍ എലിപ്പനി സ്ഥിരീകരിച്ചിട്ടില്ല. ഫോഗിങ് ആവശ്യമുള്ള സ്ഥലങ്ങളില്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പ്രളയബാധിത മേഖലയില്‍ ഇരുനൂറ്റി അറുപതോളം താല്‍ക്കാലി ആശുപത്രികള്‍ പ്രവര്‍ത്തിക്കുണ്ട്. ഇനിയും ആവശ്യമുള്ള സ്ഥലങ്ങളില്‍ ആശുപത്രി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.