മതേതരത്വം നിലനില്‍ക്കുന്നത് ആചാര്യന്മാര്‍ കാരണം: ജസ്റ്റിസ് കെമാല്‍ പാഷ

Sunday 2 September 2018 2:40 am IST
"ചട്ടമ്പിസ്വാമി ജയന്തിസമ്മേളനം പന്മന ആശ്രമത്തില്‍ ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യുന്നു. പന്മന ആശ്രമാധിപതി പ്രണവാനന്ദതീര്‍ഥപാദര്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍, എന്‍. വിജയന്‍പിള്ള എംഎല്‍എ, സി.കെ. വാസുക്കുട്ടന്‍, പന്മന മഞ്‌ജേഷ് തുടങ്ങിയവര്‍ സമീപം"

ചവറ: മതേതരത്വം നിലനില്‍ക്കുന്നത് ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി. കെമാല്‍ പാഷ. ചട്ടമ്പിസ്വാമികളുടെ 165-ാം ജയന്തി ആഘോഷം പന്മന ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചട്ടമ്പി സ്വാമികളെ പോലെയുള്ള മഹാന്മാരുടെ ആത്മാവിന്റെ പ്രകാശം ഇവിടെയുള്ളതു കൊണ്ടാണ് പ്രളയത്തിലും കേരളം നശിക്കാതെ നിലനില്‍ക്കുന്നത്. മേല്‍ജാതി, കീഴ്ജാതി എന്നൊന്നില്ലെന്നും നല്ല പ്രവര്‍ത്തിയും ചീത്ത പ്രവര്‍ത്തിയുമാണ് സമൂഹത്തില്‍ ഉള്ളതെന്നും പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തിയാണ് ഒരുവനെ ഉയര്‍ന്നവനും താഴ്ന്നവനുമാക്കുന്നതെന്നും ചട്ടമ്പിസ്വാമികള്‍ പറഞ്ഞുതന്നു. ആ ജീവിതത്തെ കണ്ടറിഞ്ഞ് മാനുഷികത ജീവിതത്തില്‍ പിന്‍തുടരാന്‍ ഓരോരുത്തരും തയ്യാറാകണമെന്നും കമാല്‍ പാഷ  പറഞ്ഞു. 

വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയമായ കേരളത്തില്‍ നിന്നും മഹാത്മാഗാന്ധി കണ്ട സംസ്‌കാര സമ്പന്നമായ കേരളം ഉണ്ടാക്കാന്‍ ചട്ടമ്പിസ്വാമികളെ പോലെയുള്ളവര്‍ക്ക് കഴിഞ്ഞുവെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍ പറഞ്ഞു. 

യോഗത്തില്‍ എന്‍. വിജയന്‍ പിള്ള എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആനന്ദാശ്രമത്തിലെ സ്വാമി സുകുമാരാനന്ദ, ആര്‍. ലതാദേവി, സി.കെ. വാസുക്കുട്ടന്‍, ഡോ. കെ.പി.  വിജയലക്ഷ്മി, ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍, പന്മന മഞ്‌ജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രളയബാധിതര്‍ക്കായി സമൂഹപ്രാര്‍ഥനയും വിശേഷാല്‍ പൂജകളും തുടര്‍ന്ന് അന്നദാനവും നടന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.