മോഹൻലാലിന് മുഖശ്രീ പോലെ ശരീരശ്രീയും

Sunday 2 September 2018 2:50 am IST
വര്‍ഗ്ഗവിഭജനത്തെ ചാതുര്‍വര്‍ണ്യമായി ആക്ഷേപിച്ച് ഭാരതത്തെ പരിഹസിക്കുന്നവര്‍ അറിയണം, പ്രാചീന കാലം മുതല്‍ക്കേ ഇത് ലോകത്ത് എമ്പാടും നടന്നിട്ടുള്ളതാണ് എന്ന്. പല പേരിലാണെങ്കിലും സംഗതി ഒന്നു തന്നെ.

വര്‍ഗവിഭജനം എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കും പ്രാചീനകാലം മുതലേ നിലവിലുണ്ടായിരുന്നു. ഏതാണ്ട് ഹിന്ദുവിഭജനം (ബ്രാഹ്മണന്‍-ബുദ്ധിജീവികള്‍, അധ്യാപകര്‍, ക്ഷത്രിയര്‍- രാജാവ്, പ്രഭുക്കന്മാര്‍, സൈന്യം. 

വൈശ്യര്‍- കച്ചവടം, നിര്‍മ്മാണം. ശൂദ്രര്‍-സേവനം, കായിക ജോലികള്‍) പോലെ തന്നെ പുരാതന ഗ്രീസിലും ചൈനയിലും ജാതി വിഭജനം ഉണ്ടായിരുന്നു. മധ്യകാല യൂറോപ്പില്‍ ഫ്രഞ്ച് വിപ്ലവം നടക്കുന്നതിനു മുമ്പേ (1789) മൂന്ന് വര്‍ഗ്ഗങ്ങള്‍ Estates ആണ് ഉണ്ടായിരുന്നത്. പുരോഹിതന്മാര്‍ (ഒന്നാമത്തെ എസ്റ്റേറ്റ്). ആദ്യവിഭാഗത്തില്‍ തന്നെ പുരോഹിതന്മാരാണ് (clerics)  ഉണ്ടായിരുന്നത്. ഇത് ബ്രാഹ്മണരുടെ അവസ്ഥ തന്നെയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണല്ലോ. രണ്ടാമത്തെ വിഭാഗം പ്രഭുക്കന്മാര്‍ ആയിരുന്നു. ഈ രണ്ടാമത്തെ എസ്റ്റേറ്റും ഇന്ത്യയിലെ ക്ഷത്രിയ വിഭാഗവുമായി പൂര്‍ണ്ണമായി യോജിക്കുന്നു. മൂന്നാമത്തെ എസ്റ്റേറ്റ് സാധാരണക്കാരാണ്. 

ഇന്ത്യയിലെ വൈശ്യരും ശൂദ്രരും ഈ മൂന്നാം എസ്റ്റേറ്റിലാണ് പെടുക. ഇവ ഫ്രാന്‍സിലേത് മാത്രമാണെന്ന് വിചാരിക്കേണ്ട. യൂറോപ്പ് മുഴുവനും ഇതു തന്നെയായിരുന്നു സ്ഥിതി. നമ്മെ അത്ഭുതപ്പെടുത്തുന്നത് റഷ്യ, ഡന്മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍ഡ് മുതലായ രാജ്യങ്ങളില്‍ ഈ വര്‍ഗ്ഗ വിഭജനം ഇന്ത്യയിലേതുപോലെ നാലായിട്ടായിരുന്നു. വൈശ്യരെ പ്രത്യേകമായ വിഭാഗമായി വിഭജിച്ചിരുന്നു. 

(ദളിത് മോചന പരിശ്രമങ്ങളും കമ്മ്യൂണിസ്റ്റുകളും-ഡോ. ഇ. ബാലകൃഷ്ണന്‍-കേസരി വാര്‍ഷികപ്പതിപ്പ്)

ചിലരുടെ ബ്രഹ്മസൃഷ്ടി അതതു കലയ്ക്കു പാകത്തിലാണ്. ഇപ്പോ, ഗോപി ആശാന്റെ ശരീരം കഥകളിക്കു പാകപ്പെട്ടതാണ്. അതുപോലെയാണ് ലാലിന്റെ ശരീരവും. ഏതു പ്രകാരവും വഴക്കിയെടുക്കാന്‍ സാധിക്കും. മുഖം കൊണ്ടു മാത്രമല്ല ദേഹം മുഴുവന്‍ കൊണ്ടും. 

ആ ശരീരത്തില്‍ എപ്പോഴും ഒരു ഊര്‍ജ്ജമുണ്ട്. അതു കെടാതെ സൂക്ഷിക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ 'ഒടിയ'്‌നായി വരെ അഭിനയിക്കാന്‍ സാധിക്കുന്നത്. മുഖശ്രീ പോലെ ശരീരശ്രീയുമുണ്ട് ലാലിന്. അഭിനയിക്കുമ്പോഴുള്ള ചില പോസുകളൊക്കെ ചിത്രതലവുമായി ബന്ധപ്പെട്ടതാണ്. സദാ പ്രസന്നമായ ഭാവവും മനസ്സിലെ സര്‍ഗാത്മകമായ ഹ്യൂമര്‍സെന്‍സും അഹങ്കാരമില്ലാത്ത ഭാവവുമാണ് ലാലിനെ വരയ്ക്കുമ്പോള്‍ ഓര്‍ക്കാറ്.

(സൗന്ദര്യലഹരി-ആര്‍ട്ടിസ്റ്റ് നമ്പൂതിരി-മലയാള മനോരമ വാര്‍ഷികപ്പതിപ്പ്)

എം.എസ് അമ്മാവെപ്പോലെ (എം.എസ്. സുബ്ബലക്ഷ്മി) ആവണമെന്നായിരുന്നു അപ്പാ(അച്ഛന്‍)യുടെ ആഗ്രഹം. അങ്ങനെ വിജയനഗരത്തിലെ മഹാരാജാസ് മ്യൂസിക് കോളജില്‍ ക്ലാസിക്കല്‍ പഠിക്കാന്‍ തുടങ്ങി. വയലിനിസ്റ്റ് ദ്വരം വെങ്കട്ടസ്വാമി അയ്യരായിരുന്നു അവിടെ പ്രിന്‍സിപ്പല്‍. ഒരിക്കല്‍, റേഡിയോയില്‍ ക്ലാസിക്കല്‍ പാടാന്‍ വിജയവാഡയില്‍ പോയതായിരുന്നു ഞാന്‍. അവിടെ സംഗീത കോളജില്‍ പ്രിന്‍സിപ്പലായിരുന്നു ബാലമുരളീകൃഷ്ണസാര്‍. ''ഇവിടെ ബാലമുരളീസാര്‍ ഉണ്ട്. അദ്ദേഹത്തിന് നിങ്ങളുടെ ശബ്ദം ഒന്ന് പാടിക്കേള്‍പ്പിക്കണം'' എന്ന് റേഡിയോയിലെ ആര്‍ട്ടിസ്റ്റ്മാരില്‍ ആരോ പറഞ്ഞു. 

ഞങ്ങള്‍ ബാലമുരളീസാറിന്റെ വീട്ടില്‍ പോയി. എന്റെ അനിയനും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടു. പാടി. അപ്പോള്‍ ശ്രുതിയില്ലാതെ എങ്ങനെയാണ് പാടുക എന്നും പറഞ്ഞ് അദ്ദേഹം അകത്തുപോയി വയലിന്‍ കൊണ്ടുവന്നു. എന്റെ പാട്ടു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അമ്മാ നീ നന്നായി പാടുന്നുണ്ട്. സിനിമയില്‍ ശ്രമിച്ചു നോക്കൂ. നന്നായ് വരും.''

(വസന്തങ്ങളലിയും സ്വരനദിപി. സുശീല, മാധ്യമം വാര്‍ഷികപ്പതിപ്പ്)

ക്രിസ്ത്യന്‍ വര്‍ഗീയതയും ശക്തിപ്പെടുന്ന കാലമാണിത്. കോട്ടയത്ത് ഒരു ദളിത് ക്രിസ്ത്യാനി യുവാവിനെ റോമാ കത്തോലിക്കര്‍ കൊന്നത് അവരുടെ മകളെ പ്രേമിച്ച് വിവാഹം ചെയ്തു എന്ന കുറ്റത്തിനാണ്. കേരളത്തില്‍ ആദ്യമായുണ്ടായ ജാതിക്കൊല. ഇതിനോട് സഖറിയയെപ്പോലുള്ളവര്‍ പ്രതികരിച്ചുകണ്ടില്ല. മാത്രമല്ല, ഒരു കത്തോലിക്കാസമുദായംഗമായ എഴുത്തുകാരന്‍ അരമനയില്‍ ചെന്ന് ബിഷപ്പിന്റെ കൈപിടിച്ച് മുത്തിയാല്‍ ആരെങ്കിലും അദ്ദേഹത്തെ മൃദുക്രൈസ്തവന്‍ എന്നു വിളിക്കുമോ? ഇതൊക്കെ മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് മലയാളികള്‍. കഴിഞ്ഞദിവസം എന്‍.എസ്. മാധവന്റെ വക ഒരു രാസായുധ പ്രയോഗം വിജയന്റെ നേര്‍ക്കുണ്ടായി. 

വിജയന്‍ ദോഷൈകദൃക്കാണെന്ന അര്‍ത്ഥത്തില്‍ പറയുന്നവര്‍ക്ക് ഇത് വ്യക്തിപരമായി ശരിയായിരിക്കാം. എന്നാല്‍ ചിന്തിക്കുന്ന തലമുറ ഇത് തള്ളിക്കളയും. എന്‍.എസ്. മാധവന് ഇപ്പോഴും മലയാളഭാഷയുടെ സൗന്ദര്യം സൃഷ്ടിക്കാനറിയില്ല. വിജയനാകട്ടെ ആ രംഗത്ത് ആത്മീയവ്യൂഹം ചമച്ചിരിക്കുകയാണ്. മൃദുഹിന്ദുത്വ ആരോപണം നടത്തുന്നവര്‍ നാളെ യേശുദാസിനെതിരെയും തിരിയും.

(ഹിന്ദുവല്ല, കലാകാരനാണ് -എം.കെ. ഹരികുമാര്‍-കേരളകൗമുദി ഓണപ്പതിപ്പ്)

കല അതിന്റെ ആന്തരികമായ സ്വഭാവത്തില്‍തന്നെ ജീവിതത്തോടുള്ള, രാഷ്ട്രീയത്തോടുള്ള, സമൂഹത്തോടുള്ള, തത്വശാസ്ത്രത്തോടുള്ള സംവാദമാണ്. അത്, മനസ്സിലാക്കലുകള്‍ക്കും, ചോദ്യം ചെയ്യലുകള്‍ക്കുമുള്ള ഇടങ്ങളെ തുറക്കുന്നു. ഒരു ആര്‍ട്ടിസ്റ്റ്, ഒരു യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റ് ഒരു പൊതു ബുദ്ധിജീവികൂടിയാണ്. കാരണം, എല്ലാ സ്വരങ്ങളിലും, ഓരോ ബ്രഷിലും, അല്ലെങ്കില്‍ അനക്കത്തിലും ആര്‍ട്ടിസ്റ്റ് സംവദിക്കുകയാണ്. അതുകൊണ്ട് ഞാന്‍ ഇവയെ വിരുദ്ധ ദ്വന്ദ്വങ്ങളായി കാണുന്നില്ല. കലയെ, ആത്മ പ്രചോദനത്തിനുള്ള ഒരു ഉപകരണമായി ശീലിക്കുന്നതിലേക്കു നമ്മള്‍ ചുരുക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ ഒരു മിഥ്യാധാരണ ഉണ്ടാവുന്നത്. 

നമ്മള്‍ ഇങ്ങനെ സുന്ദരവും അഴകുള്ളതുമായ കാര്യങ്ങള്‍ ചില കുറിപ്പിട്ട സാംസ്‌കാരിക കൂട്ടങ്ങളെ സംതൃപ്തിപ്പെടുത്തുവാന്‍ ഉണ്ടാക്കിയെടുക്കും. ഇതു കലയല്ല. കലയും കലാകാരനും അവരുടെ സ്വത്വത്തില്‍ സത്യമായിരിക്കുന്നിടത്തോളം, കല ഒരു പൊതു ധൈഷണിക സംവാദമാണ്.

(കല വിമോചനത്തിന്റെ ശബ്ദം-ടി.എം. കൃഷ്ണ-ദേശാഭിമാനി ഓണം വിശേഷാല്‍ പ്രതി)

'കൂടെയുണ്ട്' എന്നത് വെറും പ്രഖ്യാപനമാവരുത്. സ്ത്രീകളുടെ, കുട്ടികളുടെ എന്നിങ്ങനെ സെറ്റിലെ ഓരോരുത്തരുടേയും അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കണം എന്നു പറയുന്നതുപോലെയോ ഒപ്പമുണ്ട് എന്ന ഹാഷ്ടാഗ് ഇടുന്നതുപോലെയോ എളുപ്പമല്ല അതു നടപ്പില്‍വരുത്തുക എന്നത്. 

എന്റെ സെറ്റില്‍ പെണ്‍കുട്ടികളുടെ മാത്രമല്ല, ആണ്‍കുട്ടികളുടെ മാതാപിതാക്കളും വന്നു ചോദിക്കാറുണ്ട്: ''എല്ലാം സേഫാണല്ലോ അല്ലേ?'' എന്ന്. തികഞ്ഞ സത്യസന്ധതയോടെ എനിക്കു പറയാനുള്ള ഉത്തരം ഇത്തരത്തിലുള്ള ഒരുറപ്പും എനിക്കെന്നല്ല ആര്‍ക്കും കൊടുക്കാന്‍ കഴിയില്ല എന്നതാണ്. ചെയ്യാന്‍ കഴിയുന്നത് വിട്ടുവീഴ്ചയില്ലാതെ തൊഴിലിടത്തെ നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കുക, എല്ലാവരും പഠിക്കുന്നു എന്നുറപ്പു വരുത്തുക എന്നതാണ്. എന്റെ സെറ്റില്‍ ഒരാള്‍ ജോയിന്‍ ചെയ്യുമ്പോഴേ യാതൊരുവിധത്തിലുള്ള അനാവശ്യ പെരുമാറ്റമോ രീതികളോ പ്രൊഫഷണല്‍ അല്ലാത്ത സമീപനമോ ഈ സെറ്റില്‍ അംഗീകരിക്കില്ല എന്ന ധാരണ വ്യക്തമാക്കും.

(നിലപാടിന്റെ പ്രഖ്യാപനമാണ് എന്റെ സിനിമകള്‍-അഞ്ജലി മേനോന്‍-സമകാലിക മലയാളം ഓണക്കാഴ്ച)

രേഖാമൂലം, ഉദിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.