ശുദ്ധവും ശക്തമായതുമായ ഭാഷ

Sunday 2 September 2018 2:51 am IST

വാക്കുകളും വാക്യങ്ങളും സമുച്ചയിക്കുമ്പോള്‍ (കൂട്ടിച്ചേര്‍ക്കുമ്പോള്‍) തെറ്റോ അഭംഗിയോ ഉണ്ടാകാതെ നോക്കണം. തുല്യരീതിയില്‍ രൂപപ്പെടുത്തിയ പദങ്ങളെ കൂട്ടിച്ചേര്‍ക്കാവൂ. അത്തരം പദങ്ങളെ 'സജാതീയങ്ങള്‍' എന്നു പറയും. അല്ലാത്തവ 'വിജാതീയങ്ങ'ളാണ്. സമുച്ചയദോഷം ഭാഷയില്‍ സാധാരണമായിരിക്കുന്നു.

ഒരു പുസ്തകാഭിപ്രായത്തില്‍നിന്ന്:

'പ്രേമത്തെയും പ്രകൃതിയെക്കുറിച്ചുമുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്'. (തെറ്റ്)

ഇത് രണ്ട് വിധത്തില്‍ ശരിയാക്കാം.

'പ്രേമത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചമുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്' ! (ശരി)

പ്രേമത്തെയും പ്രകൃതിയെയും കുറിച്ചുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്' ! (ശരി)

'സാമൂഹികമായ പിന്നാക്കാവസ്ഥ ആ പ്രദേശത്തെ ജനങ്ങളെ അലട്ടുന്നുണ്ടെന്നും അത് നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു' (തെറ്റ്)

'സാമൂഹികമായ പിന്നാക്കാവസ്ഥ ആ പ്രദേശത്തെ ജനങ്ങളെ അലട്ടുന്നുണ്ടെന്നും അത് നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു' (ശരി)

'സാമൂഹികമായ പിന്നാക്കാവസ്ഥ ആ പ്രദേശത്തെ ജനങ്ങളെ അലട്ടുന്നതായും അത് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു' (ശരി)

'അദ്ദേഹത്തിന്റെ ഭാഷ ശുദ്ധവും ശക്തമായതുമാണ് (തെറ്റ്).

'അദ്ദേഹത്തിന്റെ ഭാഷ ശുദ്ധവും ശക്തവുമാണ്' (ശരി).

'പ്രശസ്തനും പാണ്ഡിത്യവുമുള്ള അദ്ദേഹത്തെ മുഖ്യാതിഥിയായി കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം' (തെറ്റ്)

'പ്രശസ്തിയും പാണ്ഡിത്യവുമുള്ള അദ്ദേഹത്തെ മുഖ്യാതിഥിയായി കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം' (ശരി)

'പ്രശസ്തനും പണ്ഡിതനുമായ അദ്ദേഹത്തെ മുഖ്യാതിഥിയായി കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം' (ശരി)

'കാലോചിതവും സമഗ്രവും ശാസ്ത്രീയമായതുമായ പഠനസമ്പ്രദായം ഉണ്ടെങ്കിലേ വിദ്യാഭ്യാസ നിലവാരം ഉയരൂ ' (തെറ്റ്)

കാലോചിതവും സമഗ്രവും ശാസ്ത്രീയവുമായ പഠനസമ്പ്രദായം ഉണ്ടെങ്കിലേ വിദ്യാഭ്യാസ നിലവാരം ഉയരൂ (ശരി)

വിദഗ്ധരും അര്‍പ്പണ ബോധവുമുള്ള അധ്യാപകര്‍ക്കേ കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയൂ' (തെറ്റ്)

വൈദഗ്ധ്യവും അര്‍പ്പണബോധവുമുള്ള അധ്യാപകര്‍ക്കേ കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയൂ (ശരി)

'ഭാര്യയുടെ മാത്രമല്ല, മക്കളുടെ അവഗണനയും അയാള്‍ സഹിക്കേണ്ടിവന്നു' (തെറ്റ്)

'ഭാര്യയുടെ മാത്രമല്ല മക്കളുടെയും അവഗണന അയാള്‍ സഹിക്കേണ്ടി വന്നു' (ശരി)

'സ്‌നേഹത്തോടെയും സന്തോഷത്തോടും അവര്‍ ഞങ്ങളെ സ്വീകരിച്ചു' (തെറ്റ്)

'സ്‌നേഹത്തോടെയും സന്തോഷത്തോടെയും അവര്‍ ഞങ്ങളെ സ്വീകരിച്ചു' (ശരി)

'പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ മാത്രമല്ല വസ്ത്രങ്ങള്‍ നല്‍കണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. (തെറ്റ്)

'പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ മാത്രമല്ല വസ്ത്രങ്ങളും നല്‍കണമെന്ന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു' (ശരി)

'മത്സരങ്ങള്‍ യോഗത്തിന് മുന്‍പും യോഗത്തിനു ശേഷം കലാപരിപാടികളും നടത്തും' (തെറ്റ്)

'മത്സരങ്ങള്‍ യോഗത്തിന് മുന്‍പും കലാപരിപാടികള്‍ യോഗത്തിനു ശേഷവും നടത്തും' (ശരി)

'തമിഴ്‌നാടിനെന്നതുപോലെ കേരളത്തിലും നടപ്പാക്കാവുന്നതാണ് ഈ പദ്ധതി' (തെറ്റ്)

'തമിഴ്‌നാടിനെന്നതുപോലെ കേരളത്തിനും നടപ്പാക്കാവുന്നതാണ് ഈ പദ്ധതി' (ശരി)

'തമിഴ്‌നാട്ടിലെന്നതുപോലെ കേരളത്തിലും നടപ്പാക്കാവുന്നതാണ് ഈ പദ്ധതി' (ശരി)

പിന്‍കുറിപ്പ്

ഈയിടെ കേട്ട ഒരു സ്വാഗത പ്രസംഗത്തില്‍നിന്ന്:

'ഈ യോഗം ഉദ്ഘാടനം ചെയ്യാന്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത് പ്രമുഖ ടി.വി. അവതാരികയായ കുമാരി പ്രമഭയാണ്. നമ്മുടെയെല്ലാം പ്രിയങ്കരിയും ആരാധികയുമായ ഈ അവതാരികയ്ക്ക് ഒരു മുഖവുര ആവശ്യമുണ്ടെന്നു തോന്നുന്നില്ല''.

 എസ്‌കെ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.