മനുഷ്യാവകാശ കാപട്യം മറ നീക്കുമ്പോൾ

Sunday 2 September 2018 2:51 am IST
ഭാവിയിലെ വന്‍ശക്തിയായി എണ്ണപ്പെടുന്ന ബ്രിക്‌സ് എന്ന അഞ്ചു രാഷ്ട്ര കൂട്ടായ്മയിലെ അംഗമാണ് ഭാരതം. അതുകൊണ്ടു തന്നെ ഭാരതത്തിന്റെ സാമ്പത്തിക വ്യവസായ വികസനത്തിന് തടസ്സം സൃഷ്ടിക്കാനായി അണിയറയിലൊരുങ്ങുന്ന അസംബന്ധ നാടകത്തിലെ പ്രധാന പങ്കാളിയാണ് മാവോയിസ്റ്റുകള്‍.

മധു ഇളയത്

മാര്‍ക്‌സിസമായാലും, അതിന്റെ ഉപോല്പന്നങ്ങളായ മാവോയിസമോ ലെനിനിസമോ ആയാലും അതെല്ലാം ലോകചരിത്രത്തില്‍ എങ്ങനെ അടയാളപ്പെടുത്തപ്പെട്ടു എന്നന്വേഷിക്കുന്നത് കൗതുകകരമാണ്. പുരോഗമന ചിന്തയെന്ന നാട്യത്തില്‍ നുഴഞ്ഞു കയറിയ ഈ സിദ്ധാന്തങ്ങളെല്ലാം ഓരോ സമൂഹത്തിന്റെയും മുന്നോട്ടുള്ള ഗതിയെ വൈഷമ്യമുള്ളതാക്കി തീര്‍ക്കുകയാണ് ചെയ്തത്. മാവോയിസ്റ്റുകള്‍ക്കും അതിനു പിന്നിലെ ദേശവിരുദ്ധര്‍ക്കുമെതിരെ കൈക്കൊള്ളുന്ന നടപടി പ്രസക്തമാകുന്നത് ഇത്തരമൊരു സന്ദര്‍ഭത്തിലാണ്.

പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭാരതത്തിലേക്കൊഴുകുന്ന വലിയ സാമ്പത്തിക സഹായത്തെക്കുറിച്ച് ആശങ്കകരമായ വിവരങ്ങള്‍ ഒരിക്കല്‍ പുറത്തുവിട്ടത്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ മറവില്‍ തന്നെയാണ് ഭാരതത്തില്‍ മാവോയിസത്തിന്റെയും അതുപോലുള്ള ദേശവിരുദ്ധ സഖ്യങ്ങളുടെയും വൈറസുകള്‍ വിതക്കപ്പെടുന്നത്. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഏത് സര്‍ക്കാര്‍ ഏതു പദ്ധതി ആവിഷ്‌ക്കരിച്ചാലും രാജ്യത്തു പരിസ്ഥിതി വാദികളുടെ പ്രതിഷേധം ഉയരാറുണ്ട്. പ്രതിഷേധം ഉയര്‍ത്തുന്ന പലരും വിദേശത്തുനിന്നു സാമ്പത്തിക സഹായം പറ്റി പ്രവര്‍ത്തിക്കുന്നവരാണെന്നുള്ള വിമര്‍ശനം അസ്ഥാനത്തല്ല.

ഭാവിയിലെ വന്‍ശക്തിയായി എണ്ണപ്പെടുന്ന ബ്രിക്‌സ് എന്ന അഞ്ചു രാഷ്ട്ര കൂട്ടായ്മയിലെ അംഗമാണ് ഭാരതം. അതുകൊണ്ടു തന്നെ ഭാരതത്തിന്റെ സാമ്പത്തിക വ്യവസായ വികസനത്തിന് തടസ്സം സൃഷ്ടിക്കാനായി അണിയറയിലൊരുങ്ങുന്ന അസംബന്ധ നാടകത്തിലെ പ്രധാന പങ്കാളിയാണ് മാവോയിസ്റ്റുകള്‍. 

ഇസ്ലാമിക മത മൗലികവാദ സംഘങ്ങളും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചില മാധ്യമങ്ങളും ചേരുമ്പോള്‍ ആ സഖ്യം പൂര്‍ണമാകുന്നു. കേരളത്തില്‍ത്തന്നെ മുന്‍പ് മാവോയിസ്‌റ് പോരാളിയായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഇന്ന്, തികഞ്ഞ മതമൗലികവാദ സംഘമായ പോപ്പുലര്‍ ഫ്രണ്ടിന്റെ തൊഴിലാളിപക്ഷ നേതാവ്. 

അത്തരം  വ്യക്തികളടക്കമുള്ള മാവോയിസ്റ്റുകളുടെ 'കഷ്ടപ്പാടുകളും കഠിന പ്രയത്‌നങ്ങളും' വിവരിക്കുന്ന ലേഖനങ്ങള്‍ കവര്‍ സ്റ്റോറികളാക്കി ആ ഉപജാപക സംഘങ്ങള്‍ക്ക് സമൂഹത്തില്‍ മാന്യത നേടികൊടുക്കുക എന്ന ദൗത്യത്തിനു കൂട്ടുനില്കുന്നതാകട്ടെ സ്വാതന്ത്ര്യസമരത്തിന്റെ മഹിത പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമസ്ഥാപനവും അതിന്റെ ആഴ്ചപ്പതിപ്പുമാണ്.   

ഇതിനു സമാനം തന്നെയാണ് ഭാരതത്തിലാകെയും സ്ഥിതി. വികസന പദ്ധതികള്‍ക്കെതിരെ ജനങ്ങളെ ഇളക്കിവിടുന്നതിനായി മാവോയിസ്റ്റുകളും മതമൗലികവാദ സംഘങ്ങളും ചില മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. നാഗര്‍കോവിലില്‍ ഒരു ചെറിയ ഹോട്ടലില്‍ കാലങ്ങളായി താമസിച്ചുകൊണ്ട് കൂടംകുളം പദ്ധതിക്കെതിരായ സമരത്തിന് ഒത്താശകള്‍ ചെയ്തുകൊടുക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തുകൊണ്ടിരുന്ന ഹെര്‍മന്‍ സോണ്‍ടെക് റെയ്‌നര്‍ എന്ന ജര്‍മ്മന്‍ സ്വദേശിയെ രേഖകള്‍ സഹിതം പോലീസ് പിടികൂടിയത് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്.

കൂടംകുളം പോലുള്ള വികസനപദ്ധതികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് വിദേശപണം കൈപ്പറ്റുന്നവരാണ് എന്ന് അന്ന് മന്‍മോഹന്‍സിങ് പ്രസ്താവിച്ചു. അതിനു പിന്നാലെ, അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തങ്ങളുടെ ചുമതല വഹിച്ചിരുന്ന അന്നത്തെ കേന്ദ്രമന്ത്രി വി.നാരായണസ്വാമി വെളിപ്പെടുത്തിയത് വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സമരത്തിനായി തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് വേണ്ടത്ര മദ്യത്തിനും ഭക്ഷണത്തിനും പുറമെ അഞ്ഞൂറ് രൂപയും നല്‍കിയാണ് ആളുകളെ ട്രക്കുകളില്‍ കൊണ്ടുവരുന്നത് എന്നാണ്. അതിനു ചില വിദേശരാജ്യങ്ങള്‍ പണം നല്കുന്നതാകട്ടെ, സാമൂഹ്യക്ഷേമത്തിനും വികലാംഗ പുനരധിവാസത്തിനും എന്ന പേരിലും. 

സമരസമിതി നേതാവിന് ലഭിച്ചത് ഒന്നരകോടി രൂപയാണെന്നും വെളിപ്പെടുത്തലുണ്ടായി. അത്തരം കളങ്കിത വ്യക്തികളെ പ്രകീര്‍ത്തിച്ചു ലേഖങ്ങള്‍ ചമച്ചത് നടേ പറഞ്ഞ ആഴ്ചപ്പതിപ്പാണ് എന്നത് മറ്റൊരു സത്യം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എന്‍ജിഒകള്‍ക്ക് വിദേശഫണ്ടായി കിട്ടിയത് 85000 കോടിയാണെന്ന് വെളിപ്പെടുത്തപ്പെട്ടിണ്ട്. 

ഇതില്‍ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്കത്രെ. ഈ തരത്തില്‍ ലഭിക്കുന്ന തുക ഇന്ത്യയില്‍ നിന്നു കൊണ്ട് ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടകുമാവാന്‍ എന്‍ ജിഒകളെയും അവയുടെ നടത്തിപ്പുകാരെയും പ്രേരിപ്പിക്കുന്നു.

ഇതിനെ തുടര്‍ന്ന് നരേന്ദ്ര മോദി ഗവണ്‍മെന്റ് വിദേശ എന്‍ജിഒകളുടേയും വിദേശ ഫണ്ട് സ്വീകരിക്കുന്ന ഇന്ത്യന്‍ എന്‍ജിഒ കളുടെയും ലൈസന്‍സ് റദ്ദ് ചെയ്യുകയുണ്ടായി. വിദേശ പണം കൊണ്ട് ആര്‍ഭാട ജീവിതം നയിച്ച ചില സാഹിത്യക്കാരന്‍മാരും മറ്റും അസഹിഷ്ണുതാ വാദവുമായി രംഗത്തിറങ്ങിയത് ഇതിനെ തുടര്‍ന്നാണ് എന്നത് ശ്രദ്ധേയമാണ്.

രണ്ടായിരത്തിപത്തില്‍, ആനേംസ്റ്റി ഇന്റര്‍നാഷണല്‍ എന്ന മനുഷ്യവകാശ സംഘടനയുമായുള്ള എട്ടുവര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച, മുന്‍ പ്രധനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ബന്ധുവും എഴുത്തുകാരി നയന്‍താര സെഗാളിന്റെ മകളുമായ ഗീത സൈഗാള്‍ ആനേംസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യവകാശ സംഘടനകളെ നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. 

ജിഹാദികളെ മനുഷ്യാവകാശ പ്രവര്‍ത്തകരായി കാണാനാണ് ആംനെസ്റ്റിയുടെ ശ്രമമെന്ന് ഗീത വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തല്‍പ്പരകക്ഷികള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്ന മാവോസ്റ്റുകളുടെ അറസ്റ്റിലേക്ക് നയിച്ചതും ഇത് പോലുള്ള രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളത്രെ. ഭീമ കൊറഗവും ഇന്ത്യക്കാരനായി അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഉമര്‍ ഖാലിദും തമ്മിലുള്ള ബന്ധമെന്ത് എന്നതു ചിന്തിക്കേണ്ട വിഷയമാണ്. 

രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമാനുസൃതം എടുക്കുന്ന നടപടികളെ മനുഷ്യാവകാശ  ലംഘനമെന്നു മുദ്രകുത്തുന്നത് പതിവായിരിക്കുന്നു. രാജ്യമൊട്ടാകെ മാവോയിസ്റ്റുകള്‍ കൊന്നു തള്ളിയ സാധാരണക്കാരും അല്ലാത്തവരുമായ നിരവധി പേര്‍ക്ക് ഈ മനുഷ്യാവകാശമൊന്നും  ബാധകമല്ല എന്നതാണ് അതിശയകരമായ വൈരുധ്യം. രാജ്യവിരുദ്ധ സംഘങ്ങളുടെ വിരുന്നില്‍ പതിവുകാരാവുകയും പിന്നീടു തങ്ങളുടെ ധൈഷണികതയെ അവരുടെ കാല്‍ക്കല്‍ വെച്ച് മുട്ടിലിഴയുകയും ചെയ്യുന്നവര്‍ തുടരുന്ന മൗനം പൊതുസമൂഹത്തെ എന്നും അസ്വസ്ഥമാക്കികൊണ്ടിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.