അടല്‍ജി ഭാരതത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്: ഉമ്മന്‍ചാണ്ടി

Sunday 2 September 2018 2:53 am IST
"അടല്‍ജിയുടെ ചിതാഭസ്മത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ആദരാഞ്ജലിയര്‍പ്പിക്കുന്നു. പ്രൊഫ. പി.ജെ. കുര്യന്‍ സമീപം"

തിരുവനന്തപുരം: ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എ.ബി. വാജ്‌പേയിയെന്ന്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാജ്‌പേയി  കൈകാര്യം ചെയ്ത ഓരോ ഔദ്യോഗിക പദവിക്കും അദ്ദേഹം മഹത്വം പകര്‍ന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങളോട് എന്നും അനുഭാവപൂര്‍വമായ നിലപാടുകളാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുമ്പോഴും ദേശത്തിനു മുഴുവന്‍ നേതാവായിരുന്നു വാജ്‌പേയി എന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

പ്രൊഫ. പി.ജെ. കുര്യന്‍

മഹാനായ ഭാരതപുത്രനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അടല്‍ജി. പ്രധാനമന്ത്രി ആയിരിക്കെ ലോകസഭാ ഉപാധ്യക്ഷസ്ഥാനം എതിര്‍പ്പുകളെ മറികടന്ന് കോണ്‍ഗ്രസ്സിന് നല്‍കി. ജനാധിപത്യം മുറുകെ പിടിച്ചിരുന്നതിനും  പ്രതിപക്ഷത്തിന്റെ താത്പര്യങ്ങള്‍ക്ക് വിലകല്‍പിച്ചിരുന്നു എന്നതിനും ചെറിയ ഉദാഹരണം മാത്രമാണ് ആ നടപടി. പ്രസംഗശൈലിയിലൂടെ പ്രതിപക്ഷത്തെ പോലും നിശ്ശബ്ദനാക്കിയ മറ്റൊരു നേതാവില്ല. രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും മാതൃകയാണ് വാജ്‌പേയിയുടെ ജീവിതം.

എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം  

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാജ്യതാല്‍പ്പര്യത്തിനും അനുസരിച്ചുള്ള വിദേശനയം ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരി. സംസ്ഥാനങ്ങളുമായി സൗഹൃദബന്ധം സൃഷ്ടിക്കാന്‍ മുന്‍കൈഎടുത്തു. ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വേണ്ടി മനുഷ്യായുസ്സ് മുഴുവന്‍ ഭാരതത്തിന് നല്‍കി. ആദര്‍ശധീരമായ, ആര്‍ക്കും ആക്ഷേപം ഉന്നയിക്കാനാകാത്ത വ്യക്തിജീവിതം പുലര്‍ത്തിയ ആചാര്യതുല്യനായ നേതാവായിരുന്നു. ലോകം ഓര്‍ക്കുന്ന ഭരണാധികാരിയും വാഗ്മിയുമായിരുന്നു വാജ്‌പേയി.

സത്യന്‍ മൊകേരി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി

ഭാരതത്തിന്റെ സാമൂഹിക ഘടകങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതവായിരുന്നു. എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കിയിരുന്ന  നേതാവായിരുന്നു. 

മുരളീധര്‍ റാവു,ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി 

മത, രാഷ്ട്രീയ, ഭാഷ, ജാതീയ വേലിക്കെട്ടുകളെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തെറിഞ്ഞ നേതാവായിരുന്നു വാജ്‌പേയി.   ആത്മാര്‍ഥതയുള്ള ജനസേവകന്‍.  ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഒരിക്കലും മറികടന്നിരുന്നില്ല. അതുകൊണ്ടാണ് കാശ്മീര്‍ വിഷയത്തില്‍ ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ നിലപാടുകളെ ഉറ്റുനോക്കിയത്. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഭരണപക്ഷത്തിന്റെയും ഭരണത്തിലിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെയും നല്ലകാര്യങ്ങള്‍ക്കായി അദ്ദേഹം നിലകൊണ്ടു.

 ഡോ. ഡി. ബാബുപോള്‍, മുന്‍ അഡീഷണല്‍ ചീഫ്‌സെക്രട്ടറി

സ്വയംസേവകന്റെ കുപ്പായം ഊരിവയ്ക്കാതെ രാഷ്ട്രീയക്കാരനും രാഷ്ട്രതന്ത്രജ്ഞനും ഒടുവില്‍ ഭാരതത്തിന്റെ ശിരസില്‍ അണിയുന്ന രത്‌നം വരെ ആയ നേതാവ്. സ്വരഗുണമുള്ള പ്രധാനമന്ത്രിയായിരുന്നു. ക്ലേശഘട്ടങ്ങളിലൂടെ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിഎന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ ജനഹൃദയങ്ങളില്‍ ഇടംനേടി. നിലനിന്നപോലെ ഇനിയും അദ്ദേഹം ജീവിക്കും.

 ശശി തരൂര്‍ എംപി

മനുഷ്യത്വമുള്ള നേതാവായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തെയും ഭൂപ്രകൃതിയെയും സംരക്ഷിച്ച നേതാവ്. പ്രതിപക്ഷത്തിനുപോലും ബഹുമാന്യന്‍. രാജ്യതാല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് വിദേശബന്ധം ഊഷ്മളമാക്കിയ ഭരണാധികാരി. 

എസ്. സേതുമാധവന്‍,ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിസദസ്യന്‍ 

മനസ്സും വാക്കും പ്രവൃത്തിയും ഒന്നാകുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ മഹാനാകുന്നത് എന്ന വാക്കുകളെ അന്വര്‍ഥമാക്കിയ നേതാവാണ് വാജ്‌പേയ്. ആര്‍എസ്എസ് ആശയം പൂര്‍ണമായി ഉള്‍ക്കൊണ്ട് അവസാന നിമിഷം വരെ ജീവിച്ചു. 

ഡോ. ടി.പി. സെന്‍കുമാര്‍, മുന്‍ ഡിജിപി 

ആധുനിക രാജ്യം കണ്ട രാഷ്ട്രതന്ത്രജ്ഞനും മനുഷ്യസ്‌നേഹിയുമായിരുന്നു വാജ്‌പേയി. രാഷ്ട്രത്തിന്റെ ക്ഷേമം പൂര്‍ത്തിയാക്കുന്നത് വരെ അദ്ദേഹത്തിന് മരണം ഉണ്ടാകില്ല

സുരേഷ് ഗോപി എംപി

ഹൃദയത്തിലെ കാവ്യാത്മകതയിലൂടെ ലോകത്തെ വശീകരിച്ച നയതന്ത്രജ്ഞനായിരുന്നു വാജ്‌പേയി.  കേരളത്തോട് അധികം ഇഷ്ടം കാത്തുസൂക്ഷിച്ച പുഷ്പസുഗന്ധമുള്ള നേതാവായിരുന്നു.

കെ. മുരളീധരന്‍ എംഎല്‍എ

ജനാധിപത്യത്തില്‍ നിലയുറച്ച നേതാവ്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് തയ്യാറാകാതെ ജനാധിപത്യ സംരക്ഷത്തിന് ഊന്നല്‍ നല്‍കി. അതിനാലാണ് 1998ല്‍ അവിശ്വാസത്തിലൂടെ രാജിവയക്കേണ്ടി വന്നിട്ടും 1999ല്‍ വീണ്ടും പ്രധാനമന്ത്രി ആകാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.