എന്റെ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നത് വസ്തുതകളെ എതിര്‍ക്കുന്നവര്‍: ഗാഡ്ഗില്‍

Sunday 2 September 2018 2:53 am IST

കൊച്ചി: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ അതില്‍ വസ്തുതാ വിരുദ്ധമോ അശാസ്ത്രീയമോ ആയ എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉള്ളതായി പറയുന്നില്ലെന്ന് ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പറയുന്ന കാര്യങ്ങള്‍ വസ്തുതകളാണെങ്കിലും ഞങ്ങള്‍ എതിര്‍ക്കുന്നു എന്നതാണ് അവരുടെ നിലപാട്.

ജനാധിപത്യ ഭരണ ക്രമത്തിലെ നിയമങ്ങളെ ബഹുമാനിച്ചും ശാസ്ത്രീയ സത്യങ്ങളെ അംഗീകരിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് പറയുന്നവര്‍ പരിസ്ഥിതി സംരക്ഷിക്കാന്‍ നിലവിലുള്ള നിയമങ്ങളെ അട്ടിമറിക്കുന്നതും അതിന്റെ മറവില്‍ അഴിമതി നടത്തുന്നതും തടയുന്നില്ല. നിയമങ്ങള്‍ ലംഘിക്കുന്നതും പരിസ്ഥിതി നിയമങ്ങള്‍ കാണിച്ച് അഴിമതി നടത്തുന്നതും മാത്രമാണോ ഇവിടെ പ്രായോഗികമെന്നും അദ്ദേഹം ചോദിച്ചു. മാനവ സംസ്‌കൃതി എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമകാലിക പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

കേരളത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണം നടത്തുന്നത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാത്ത തരത്തിലാവണമെന്നും ഡോ. മാധവ് ഗാഡ്ഗില്‍ പറഞ്ഞു. മലയോര മേഖലയിലെ ഖനനത്തിന് പ്രകൃതിസൗഹൃദമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഗാഡ്ഗില്‍ പറഞ്ഞു. നിയന്ത്രണമില്ലാതെയാണ് സംസ്ഥാനത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് നിയന്ത്രണ വിേധയമാക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ലെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. 

എംഎല്‍എ പി.ടി. തോമസ് അധ്യക്ഷനായി. അഡ്വ. ഹരീഷ് വാസുദേവന്‍, വൈഎംസിഎ പ്രസിഡന്റ് സാജു കുര്യന്‍, മാനവ സംസ്‌കൃതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ആര്‍. ഗോപാലകൃഷ്ണന്‍, സി.ആര്‍. നീലകണ്ഠന്‍, അഡ്വ. എം.വി. എല്‍ദോ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.