ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ സേവനങ്ങള്‍

Sunday 2 September 2018 2:55 am IST

രാജ്യമാകെ 650 ബ്രാഞ്ചുകളും 3,250 ആക്‌സസ് പോയിന്റുകളുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയിരിക്കുന്നത്. ഡിസംബറോടെ ഒന്നരലക്ഷത്തിന് മേല്‍ പോസ്‌റ്റോഫീസുകളില്‍ ഐപിപിബി പ്രവര്‍ത്തനം വ്യാപിപ്പിക്കും. വായ്പ ഒഴികെയുള്ള എല്ലാ ബാങ്കിംഗ് സംവിധാനങ്ങളും പോസ്റ്റുമാനിലൂടെ വീട്ടുപടിക്കലെത്തിക്കുകയാണ് ഐപിപിബിയുടെ ലക്ഷ്യം. സേവിംഗ്‌സ്, കറണ്ട് അക്കൗണ്ടുകള്‍, മണി ട്രാന്‍സ്ഫര്‍, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍, ബില്ലുകള്‍, മറ്റു പേമെന്റുകള്‍,കച്ചവടക്കാരുടെ പേമെന്റുകള്‍ എന്നിവയെല്ലാം ഇനി പോസ്റ്റ് ഓഫീസ് ബാങ്കുവഴി സാധ്യമാകും. പോസ്റ്റല്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ഐപിപിബിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഒരുലക്ഷം രൂപ വരെ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം. സേവിംഗ്‌സ് നിക്ഷേപത്തിന് 4 ശതമാനം നിരക്കില്‍ പലിശയും നല്‍കും. ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള ക്യൂആര്‍ കാര്‍ഡ് ഐപിപിബി ബാങ്കിംഗിന്റെ പ്രത്യേകതയാണ്. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഓര്‍ക്കേണ്ടതില്ല. ബയോമെട്രിക് കാര്‍ഡായതിനാല്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും പണം സുരക്ഷിതമാകും. പത്തുവയസ്സിന് മുകളിലുള്ളവര്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുടങ്ങാം. കറണ്ട് അക്കൗണ്ടിന് മിനിമം ആയിരം രൂപ നല്‍കിയാല്‍ മതി. 

കേരളത്തിലും തുടങ്ങി

തിരുവനന്തപുരം: ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ കേരളത്തിലെ പ്രവര്‍ത്തനോദ്ഘാടനം തിരുവനന്തപുരത്ത്ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍  നടന്നു. 15 ബ്രാഞ്ചുകളും 75 ആക്‌സസ് പോയിന്റുകളുമാണ് കേരളത്തില്‍  തുടങ്ങിയത്. 

ഓണ്‍ലൈനായോ, മൊബൈല്‍ ആപ്പുവഴിയോ അല്ലെങ്കില്‍ ഏതെങ്കിലും പോസ്റ്റ്ഓഫീസ് സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണംകൈമാറുന്നതടക്കമുള്ള ഡിജിറ്റല്‍സേവനങ്ങള്‍ നേടാം. വൈദ്യുതി ബില്‍, ഡി.ടി.എച്ച് സേവനങ്ങള്‍, കോളേജ് ഫീസ്, ഫോണ്‍ റീചാര്‍ജ്ജ് എന്നിവയും ഇത് വഴി അടക്കാം. ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി വേതനം, സബ്‌സിഡി, പെന്‍ഷന്‍ എന്നിവ നേരിട്ട് ഗുണഭോക്താക്കളിലെത്തിക്കുന്നതിന് ഗവണ്‍മെന്റിനും ഇത് പ്രയോജനപ്പെടും.

ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശാരദാ സമ്പത്ത്, സ്റ്റേറ്റ് ബാങ്ക്ഓഫ്ഇന്ത്യചീഫ് ജനറല്‍മാനേജര്‍ .എസ്.വെങ്കട്ടരാമന്‍, നബാര്‍ഡ്‌സി.ജി.എം  ആര്‍ ശ്രീനിവാസന്‍, ഡയറക്ടര്‍ഓഫ് പോസ്റ്റല്‍ സര്‍വീസസ്  സയീദ്‌റാഷിദ്, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് തിരുവനന്തപുരം ബ്രാഞ്ച്മാനേജര്‍  സുകേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, ഉപ്പള എന്നീ സ്ഥലങ്ങളില്‍ ഐപിപിബിയുടെ പ്രവര്‍ത്തനം ഇന്നലെ ആരംഭിച്ചു. ഇവയ്ക്ക് പുറമെ തപാല്‍ വകുപ്പിന്റെ സംസ്ഥാനത്തെ 74 ഓഫീസുകള്‍ ബാങ്കിന്റെ അക്‌സസ് പോയിന്റുകളായി പ്രവര്‍ത്തിക്കും. എറണാകുളം ജില്ലയില്‍ ഒമ്പതും മറ്റു ജില്ലകളില്‍ അഞ്ചും വീതമാണ് അക്‌സസ് പോയിന്റുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.