ചരിത്രം കുറിച്ച് ഇന്ത്യ

Sunday 2 September 2018 3:00 am IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് മെഡല്‍ വേട്ടയില്‍ ഇന്ത്യ പുത്തന്‍ റെക്കോഡ് കുറിച്ചു. ഇന്നലെ രണ്ട് സ്വര്‍ണവുമുള്‍പ്പെട നാലു മെഡലുകള്‍ നേടിയ ഇന്ത്യക്ക് മൊത്തം 69 മെഡലായി. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും. ഇതോടെ 2010 ലെ ഗ്വാങ്ഷുയില്‍ നേടിയ 65 മെഡലുകളുടെ റെക്കോഡ് മായ്ക്കപ്പെട്ടു. അന്ന് 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവമാണ് ഇന്ത്യക്ക് ലഭിച്ചത്.

ബോക്‌സിങ്ങില്‍ അമിത് പന്‍ഗലും ബ്രിജില്‍ ( ചീട്ടുകളി) ബര്‍ദാന്‍- ഷിബ്‌നാഥ് സര്‍ക്കാര്‍ ടീമുമാണ് ഇന്നലെ സ്വര്‍ണം നേടിയത്. വനിതകളുടെ സ്‌ക്വാഷില്‍ വെള്ളിയും പുരുഷ ഹോക്കിയില്‍ വെങ്കലവും ലഭിച്ചു.

മെഡല്‍ നിലയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്. 129 സ്വര്‍ണമുള്‍പ്പെടെ 282 മെഡലുകള്‍ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 89 വെള്ളിയും 64 വെങ്കലവും അവര്‍ക്ക് ലഭിച്ചു. ജപ്പാന്‍ 71 സ്വര്‍ണവുമായി രണ്ടാം സ്ഥാനത്താണ്. 54 വെള്ളിയും 74 വെങ്കലവും കരസ്ഥമാക്കിയ അവര്‍ക്ക് മൊത്തം 199 മെഡലുകളായി. കൊറിയയാണ് മൂന്നാം സ്ഥാനത്ത്. 48 സ്വര്‍ണവും 56 വെള്ളിയും 67 വെങ്കലവും അടക്കം 171 മെഡലുകള്‍ കൊറിയ നേടി.

ഒളിമ്പിക് ചാമ്പ്യനെ വീഴ്ത്തി അമിത്

ജക്കാര്‍ത്ത: നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ഹസന്‍ബോയ് ദസ്മാറ്റോവിനെ തോല്‍പ്പിച്ച് ഏഷ്യന്‍ ഗെയിംസ് ബോക്‌സി

ങ്ങിന്റെ 49 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പന്‍ഗല്‍ സ്വര്‍ണമണിഞ്ഞു. ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ സ്വര്‍ണം നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ ബോക്‌സറാണ് അമിത്.

ഫൈനല്‍ മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ശക്തമായി പൊരുതിയ അമിത് 3-2 നാണ് ഉസ്ബകിസ്ഥാന്‍ താരമായ ഹസന്‍ബോയിയെ പരാജയപ്പെടുത്തിയത്. ഇരുപത്തി രണ്ടുകാരനായ അമിത് ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്നത്. അതേസമയം ഹസന്‍ബോയി രാജ്യാന്തര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ നേടിയിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ അമിത് ഇന്ത്യാ ഓപ്പണിലും ബള്‍ഗേറിയയില്‍ നടന്ന ടൂര്‍ണമെന്റിലും സ്വര്‍ണം സ്വന്തമാക്കി.

ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യക്കുവേണ്ടി അവസാനമായി സ്വര്‍ണം നേടിയത് വീജേന്ദര്‍ സിങ്ങും വികാസ് കൃഷനുമാണ്. 2010 ലെ ഗാങ്ഷൂ ഗെയിംസിലാണ് ഇവര്‍ സ്വര്‍ണം നേടിയത്.

വികാസ് കൃഷന് പരിക്കുമൂലം ഇത്തവണ സെമിഫൈനലില്‍ നിന്ന് പിന്മാറേണ്ടിവന്നു. സെമിയിലെത്തിയ വികാസിന് വെങ്കലം ലഭിച്ചു. ഏഷ്യന്‍ ഗെയിംസില്‍ വികാസിന് തുടര്‍ച്ചയായ മൂന്നാം മെഡലാണിത്. 2010 ലെ ഗെയിംസില്‍ സ്വര്‍ണവും 2014 ലെ ഗെയിംസില്‍ വെങ്കലവും കരസ്ഥമാക്കി. എം.സി. മേരി കോമാണ് ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരം . 2014 ലാണ് മേരി കോം സ്വര്‍ണം നേടിയത്.

ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ ആദ്യമായി സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം പാഡം ബഹാദൂര്‍ മാലാണ്. 1962 ലാണ് ബഹാദൂര്‍ സ്വര്‍ണം സ്വന്തമാക്കിയത്.

ബ്രിജില്‍ സ്വര്‍ണം 

ജക്കാര്‍ത്ത: ഇതദ്യാമായി ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ബ്രിജില്‍ ഇന്ത്യക്ക് സ്വര്‍ണം. പുരുഷന്മാരുടെ ജോഡി ഇനത്തില്‍ പ്രണാബ് ബര്‍ദാന്‍- ഷിബ്‌നാഥ് സര്‍ക്കാര്‍ ടീമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. ഫൈനലില്‍ ഇവര്‍ 384 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ താരമായി അറുപതുകാരനായ പ്രണാബ് ബര്‍ദാന്‍.

ചൈനീസ് തായ്‌പേയിയുടെ ലിസിന്‍ യാങ് - ഗാങ് ചെന്‍ ടീം 378 പോയിന്റു നേടി രണ്ടാം സ്ഥാനക്കാര്‍ക്കുള്ള വെള്ളിമെഡല്‍ സ്വന്തമാക്കി. ഇന്തോനേഷ്യയുടെ ഹെങ്കി ലാസറ്റ് - ഫ്രെഡി എഡി സഖ്യത്തിനാണ് വെങ്കലം. 374 പോയിന്റ്.

മറ്റൊരു ഇന്ത്യന്‍ ടീമായ സുമിത് മുഖര്‍ജി - മജുംദാര്‍ സഖ്യം ഒമ്പതാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. 333 പോയിന്റാണ് ഇവര്‍ക്ക് ലഭിച്ചത്.

സ്‌ക്വാഷില്‍ വെള്ളി 

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിത സ്‌ക്വാഷില്‍ ഇന്ത്യക്ക് വെള്ളി. ഫൈനലില്‍ ശക്തരായ ഹോങ്കോങ്ങിനോട് ഇന്ത്യ തോറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതാ ടീം ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടുന്നത്.

ഇന്ത്യയുടെ ഒന്നാം നമ്പര്‍ ജോഷ്‌ന ചിന്നപ്പയും സുനയന കുരുവിളയും സിംഗിള്‍സ് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങി. മൂന്ന് ദിവസത്തിനുളളില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ ഹോങ്കോങ്ങിനോട് തോല്‍ക്കുന്നത്. നേരത്തെ പൂള്‍ മത്സരത്തില്‍ ഹോങ്കോങ്ങ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

നിലവിലെ ചാമ്പ്യന്മാരായ മലേഷ്യയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. നാലു വര്‍ഷം മുമ്പ് ഇഞ്ചിയോണ്‍ ഗെയിംസിലും ഇന്ത്യ ഫൈനലിലെത്തി.

ജക്കാര്‍ത്ത ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യക്ക് മൊത്തം അഞ്ചു മെഡല്‍ ലഭിച്ചു. വനിതകളുടെ ടീം ഇനത്തില്‍ വെള്ളിയും പുരുഷന്മാരുടെ ടീം ഇനത്തില്‍ വെങ്കലവും കിട്ടി. വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യ മൂന്ന് വെങ്കലം നേടി.

ഹോക്കിയില്‍ വെങ്കലം 

ജക്കാര്‍ത്ത: പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വെങ്കലം നേടി. ലൂസേഴ്‌സ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്.

മൂന്നാം മിനിറ്റില്‍ അക്ഷയ്ദീപ് സിങ് ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. അമ്പതാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ ലീഡ് 2-0 ആക്കി.പ്രത്യാക്രമണം നടത്തിയ പാക്കിസ്ഥാന്‍ രണ്ട് മിനിറ്റിനുള്ളില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ശക്തമായി ചെറുത്തുനിന്ന ഇന്ത്യ പിന്നീട് പാക്കിസ്ഥാനെ ഗോളടിക്കാന്‍ അനുവദിച്ചില്ല.

ലോക അഞ്ചാം നമ്പറായ ഇന്ത്യ മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നത്. ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് പാക്കിസ്ഥാനെ വീഴ്ത്തി. സ്വര്‍ണ പ്രതീക്ഷയുമായെത്തിയ ഇന്ത്യയെ സെമിയില്‍ മലേഷ്യ അട്ടിമറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.