കേരളത്തിൻ്റെ ആവശ്യം ഹരിത ട്രിബൂണൽ തള്ളി; പരിസ്ഥിതിലോല മേഖലകളിൽ തൊട്ടുപോകരുത്

Sunday 2 September 2018 3:02 am IST

ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന, പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട സംരക്ഷണം നിര്‍ബന്ധമായി നടപ്പാക്കേണ്ടതാണെന്നും ജസ്റ്റിസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ഹരിത ട്രിബ്യൂണല്‍ ബെഞ്ച് വ്യക്തമാക്കി. 

പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം തയാറാക്കിയ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളി. ഇത്തരം മേഖലകളെ ഒഴിവാക്കുന്നത് പരിസ്ഥിതിയില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലകളായി കണ്ടെത്തിയ പ്രദേശത്തെ ഏലമലക്കാടുകളും ചതുപ്പുകളും പട്ടയ ഭൂമികളും അടങ്ങുന്ന 424 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയെ പരിസ്ഥിതിലോല മേഖലയുടെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വലിയ സമ്മര്‍ദത്തിലാണെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ വിലയിരുത്തി.

വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തില്‍ മാറ്റം വരുത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. 2017ലെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളെ ഒഴിവാക്കരുത്. ഹരിത ട്രിബ്യൂണലിന്റെ അനുമതി ഇല്ലാതെ പരിസ്ഥിതിലോല മേഖലകളിലെ മാറ്റങ്ങള്‍ അനുവദിക്കാനാവില്ല. അന്തിമ വിജ്ഞാപനം ഇറങ്ങും വരെ കരട് വിജ്ഞാപനത്തിന്റെ പരിധിയില്‍ പെടുന്ന പ്രദേശങ്ങളിലെ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതികള്‍ നല്‍കരുതെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരെ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ നിര്‍ദേശം. 

ആറുമാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടക ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുള്ള കാലതാമസം പശ്ചിമഘട്ട സംരക്ഷണത്തിന് യോജിച്ചതല്ല. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പശ്ചിമഘട്ട മേഖല സംരക്ഷിക്കപ്പെടേണ്ടതാണ്. ഇവിടുത്തെ ഖനനം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ നിരവധി തവണ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ജസ്റ്റിസ് എ.കെ. ഗോയല്‍ പറഞ്ഞു.

എസ്. സന്ദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.